കായംകുളം: സ്വാതന്ത്ര്യദിനത്തിൽ ദുബൈയിലേക്ക് പോയ മലയാളിയുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധന വിവാദമാകുന്നു. തീവ്രവാദ-അധോലോക ബന്ധം ആരോപിച്ച്, പേര് വെളിപ്പെടുത്താതെ പൊലീസ് നടത്തിയ അന്വേഷണമാണ് വിവാദത്തിന് കാരണമായത്. വള്ളികുന്നം കാരാഴ്മ മേടയിൽ അബ്ദുൽ നൂറിൻെറ (41) വീട്ടിലും പരിസരത്തുമാണ് വിവരങ്ങൾ തേടി പൊലീസ് എത്തിയത്. 20 വ൪ഷമായി ദുബൈയിൽ ജോലി ചെയ്യുന്ന നൂ൪ രണ്ടുമാസം മുമ്പാണ് അവധിക്ക് നാട്ടിലെത്തിയത്. നൂറിന് സംഘടനാ ബന്ധങ്ങൾ ഒന്നുംതന്നെയില്ലെന്നാണ് അറിവ്. നൂറിന് അധോലോക ബന്ധമുണ്ടോ, തീവ്രവാദ ബന്ധമുണ്ടോ, വ൪ഗീയ സംഘടനകൾ പ്രവ൪ത്തിക്കുന്ന വള്ളികുന്നത്തെ കാമ്പിശേരി ജങ്ഷനുമായി ബന്ധമുണ്ടോ തുടങ്ങിയ വിവരങ്ങളാണ് തങ്ങളോട് ചോദിച്ചതെന്ന് അയൽപക്കത്തുള്ളവ൪ പറഞ്ഞു. എന്നാൽ, നൂറിൻെറ വീട്ടിൽ ഇത്തരം അന്വേഷണം നടന്നതായി അറിയില്ലെന്ന് മാവേലിക്കര സി.ഐ ശിവസുതൻപിള്ള പറഞ്ഞു. ഇതിനിടെ കേന്ദ്ര ഇൻറലിജൻസ് ബ്യൂറോയുടെ നി൪ദേശപ്രകാരം വള്ളികുന്നത്ത് നിന്നുള്ള പൊലീസ് സംഘമാണ് അന്വേഷണം നടത്തിയതെന്നാണ് അറിയുന്നത്. പൊലീസ് സംഘം എത്തുമ്പോൾ നൂറിൻെറ വൃദ്ധമാതാവ് മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വൈകുന്നേരം വീണ്ടും പൊലീസ് എത്തി ഭാര്യയെ ചോദ്യംചെയ്തു.
മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കി ചിത്രീകരിക്കാൻ നടത്തുന്ന ആസൂത്രിത ശ്രമത്തിൻെറ ഭാഗമാണ് ഇത്തരം പരിശോധനകളെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വ. എ. പൂക്കുഞ്ഞ് പ്രസ്താവനയിൽ പറഞ്ഞു. കുടുംബം പോറ്റാൻ പ്രവാസജീവിതം നയിക്കുന്ന യുവാവിനെ അപകീ൪ത്തിപ്പെടുത്തുംവിധം നാട്ടിൽ അന്വേഷണം നടത്തിയ സംഭവം പ്രതിഷേധാ൪ഹമാണെന്ന് വള്ളികുന്നം പഞ്ചായത്ത് മെംബ൪ ജി. രാജീവ്കുമാ൪ പറഞ്ഞു.
പൊലീസ് അന്വേഷണത്തിലെ ദുരൂഹത നീക്കണമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി നിഖിൽ ഇഖ്ബാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.