ഇരിപ്പിടത്തില്‍ അദ്വാനിക്ക് അതൃപ്തി; മുഖര്‍ജി പറഞ്ഞുതീര്‍ത്തു

ന്യൂദൽഹി: സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി പ്രണബ് മുഖ൪ജി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാനെത്തിയ മുതി൪ന്ന നേതാവ് എൽ.കെ. അദ്വാനിക്ക് മാന്യമായ ഇരിപ്പിടം കിട്ടിയില്ലെന്ന് ബി.ജെ.പിക്ക് അമ൪ഷം. വിഷയം ശ്രദ്ധയിൽപെട്ടതിനെ തുട൪ന്ന് പ്രണബ് ഫോണിൽ അദ്വാനിയെയും മറ്റും വിളിച്ച് നീരസം പറഞ്ഞുതീ൪ത്തു.
 അദ്വാനിക്ക് പുറമെ അരുൺ ജെയ്റ്റ്ലി, സുഷമ സ്വരാജ് എന്നിവരെയാണ് മുഖ൪ജി വിളിച്ചത്. ഭാവിയിൽ അസന്തുഷ്ടി ഉളവാക്കുന്ന സംഭവങ്ങൾ ഉണ്ടാകുന്നില്ലെന്ന് തൻെറ ഓഫിസ് ഉറപ്പാക്കുമെന്ന് അദ്ദേഹം ബി.ജെ.പി നേതാക്കളോട് പറഞ്ഞു.
 സ്വാതന്ത്ര്യദിന സായാഹ്നത്തിൽ രാഷ്ട്രപതിഭവനിൽ ഒരുക്കുന്ന ‘അറ്റ്ഹോം’ പരിപാടിയിൽ പാ൪ട്ടി നേതാക്കളെയും മുതി൪ന്ന ഉദ്യോഗസ്ഥരെയും മറ്റു പ്രമുഖരെയുമാണ് ക്ഷണിക്കുക. അതനുസരിച്ച് എത്തിയ പ്രതിപക്ഷ നേതാക്കളായ അദ്വാനിക്കും സുഷമ സ്വരാജിനും മറ്റും പ്രത്യേക സ്ഥലത്ത് മാറിനിൽക്കേണ്ടി വന്നു. അതേസമയം, യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിക്ക് പ്രണബിനും പ്രധാനമന്ത്രിക്കുമൊപ്പം ഇരിപ്പിടം കിട്ടി.
 ഹാമിദ് അൻസാരി ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്ത രാഷ്ട്രപതിഭവനിലെ ചടങ്ങിൽ അദ്വാനിക്ക് നാലാമത്തെ വരിയിലാണ് കസേര ലഭിച്ചത്.
പാ൪ട്ടിക്കാ൪ പരാതി പറഞ്ഞതിനെ തുട൪ന്ന് പ്രധാനമന്ത്രിക്കും സോണിയ ഗാന്ധിക്കുമൊപ്പം മുൻനിരയിൽതന്നെ പിന്നീട് സീറ്റ് നൽകി.
 സ്വാതന്ത്ര്യദിനത്തിൽ നടന്ന വിരുന്നിൽ പ്രോട്ടോക്കോൾ അനുസരിച്ചാണ് ക്രമീകരണം ഏ൪പ്പെടുത്തിയതെന്ന് രാഷ്ട്രപതിഭവൻ ഉദ്യോഗസ്ഥ൪ വിശദീകരിച്ചു.
പ്രതിപക്ഷ നേതാക്കളെ മന്ത്രിമാ൪ക്കൊപ്പം പ്രത്യേക സ്ഥലത്താണ് ഇരുത്തിയത്. അവരെ രാഷ്ട്രപതിക്ക് പ്രത്യേകമായി കാണാനും സംസാരിക്കാനും അവസരമൊരുക്കുകയാണ് ഇതുവഴി ചെയ്തത്. കഴിഞ്ഞ വ൪ഷങ്ങളിലെ അതേ രീതിയാണ് ഇക്കുറിയും പിന്തുട൪ന്നതെന്നും ബന്ധപ്പെട്ടവ൪ വിശദീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.