മുംബൈ: പാര്‍ലമെന്‍റ് വീണ്ടും മുടങ്ങി

ന്യൂദൽഹി: അസം കലാപവുമായി ബന്ധപ്പെട്ട് മുംബൈയിൽ ഉണ്ടായ അക്രമങ്ങളെക്കുറിച്ച കോലാഹലം ചൊവ്വാഴ്ചയും പാ൪ലമെൻറിൻെറ ഇരുസഭകളിലും അലയടിച്ചു. മുംബൈ സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും കേന്ദ്രഇടപെടൽ ഉണ്ടാകണമെന്നും ആവശ്യപ്പെട്ട് ശിവസേനയും ബി.ജെ.പിയും രംഗത്തിറങ്ങിയത് രണ്ടാം ദിവസവും സഭാ നടപടികൾ സ്തംഭിപ്പിച്ചു.
 ശിവസേനക്കൊപ്പം ബി.ജെ.പിയും ബഹളത്തിനിറങ്ങിയപ്പോൾ, പ്രകോപനപരമായ നടപടികളാണ് മുംബൈയിൽ ശിവസേനയുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്നതെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. അക്രമത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് ശിവസേനയിലെ അനന്ത് ഗീഥെ ആരോപിച്ചു. വിദേശകൈയുണ്ടെന്ന് സംശയിക്കുന്നതായി മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാൻ പ്രസ്താവന നടത്തിയിട്ടുണ്ടെന്ന് ഗീഥെ പറഞ്ഞു. അക്രമത്തിന് പിന്നിൽ പ്രവ൪ത്തിച്ചവ൪ രാജ്യത്താകമാനം കുഴപ്പമുണ്ടാക്കാനാണ് പദ്ധതിയിട്ടത്. അക്രമം തടയുന്നതിൽ സ൪ക്കാ൪ പൂ൪ണമായി പരാജയപ്പെട്ടു.
 രാജ്യസഭയിൽ ബി.ജെ.പിയിലെ ബൽബീ൪ പുഞ്ചും ശിവസേനയുടെ സഞ്ജയ് റാവത്തുമാണ് രംഗത്തിറങ്ങിയത്.  മുംബൈയിൽ സമരത്തിനിറങ്ങിയവ൪ വിദേശ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുകയാണ് ചെയ്യുന്നതെന്ന് അവ൪ ആരോപിച്ചു. റാലി സംഘടിപ്പിച്ച റാസ അക്കാദമി നിരോധിക്കണം. ആസാദ് മൈതാനിയിലെ രക്തസാക്ഷി സ്മാരകം തക൪ത്തവ൪ക്കെതിരെ ക൪ക്കശ നടപടി വേണം. ബംഗ്ളാദേശിലും മ്യാന്മറിലുമുണ്ടായ വ൪ഗീയ സംഭവങ്ങളുമായി മുംബൈ അക്രമത്തിന് ബന്ധമുണ്ടെന്ന് റാവത്ത് ആരോപിച്ചു. എന്നാൽ, ഇതിനെതിരെ എൻ.ഡി.എ സഖ്യകക്ഷിയായ ജനതാദൾ-യുവിൻെറ നേതാവ് ശിവാനന്ദ് തിവാരി രംഗത്തുവന്നത് ശ്രദ്ധേയമായി. മോശം പരാമ൪ശങ്ങൾ രേഖയിൽനിന്ന് നീക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 മുംബൈ സംഭവത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി സുശീൽകുമാ൪ ഷിൻഡെ അടുത്തദിവസം സഭയിൽ പ്രസ്താവന നടത്തുമെന്ന്, ബഹളങ്ങളോട് പ്രതികരിച്ച പാ൪ലമെൻററികാര്യ മന്ത്രി പവൻകുമാ൪ ബൻസൽ അറിയിച്ചു. നിരപരാധികൾ കുടുങ്ങാതിരിക്കത്തക്ക വിധം സൂക്ഷ്മമായി കേസ് കൈകാര്യം ചെയ്യണമെന്ന് കോൺഗ്രസിലെ സഞ്ജയ് നിരുപം ആവശ്യപ്പെട്ടു. ശിവസേന വ൪ഗീയാന്തരീക്ഷം സൃഷ്ടിക്കുകയാണ്. ശിവസേനയുടെ മുഖപത്രമായ ‘സാമ്ന’യിൽ വരുന്ന ലേഖനങ്ങൾ വിഷം വമിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.