എമു തട്ടിപ്പ്: മുന്‍കൂര്‍ ജാമ്യാപേക്ഷ 16ന് പരിഗണിക്കും

കോയമ്പത്തൂ൪: 500 കോടിയോളം രൂപയുടെ നിക്ഷേപതട്ടിപ്പ് നടത്തിയ സുസി എമു ഫാംസ് ഉടമ എം.എസ്. ഗുരുസ്വാമി എന്ന ഗുരുവിൻെറ മുൻകൂ൪ ജാമ്യാപേക്ഷ ആഗസ്റ്റ് 16ന് ഈറോഡ് ജില്ലാ കോടതി പരിഗണിക്കും. ഈറോഡ് ജില്ലയിലെ പെരുന്തുറ കേന്ദ്രമായാണ് സുസി എമു ഫാംസ് പ്രവ൪ത്തിച്ചിരുന്നത്. കേരളം, ക൪ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലായി 15,000ത്തോളം പേ൪ കോടികളാണ് ഇതിൽ നിക്ഷേപിച്ചത്. ആയിരക്കണക്കിനാളുകൾ പരാതികളുമായി രംഗത്തിറങ്ങിയതോടെ ഗുരു, മാനേജ൪ കതി൪വേൽ എന്നിവരുൾപ്പെടെ എട്ടു പേ൪ ഒളിവിൽ പോയി. ഇവരെ കണ്ടെത്താൻ പെരുന്തുറ ഡിവൈ.എസ്.പി ഗുണശേഖരൻെറ നേതൃത്വത്തിൽ നാല് അന്വേഷണസംഘങ്ങളെ നിയോഗിച്ചതോടെയാണ് ഗുരു മുൻകൂ൪ ജാമ്യാപേക്ഷ സമ൪പ്പിച്ചത്.  2,500ഓളം പേരാണ് സുസി ഫാംസിനെതിരെ മാത്രം പൊലീസിൽ പരാതിനൽകിയത്. ‘സുസി ലാൻഡ് പ്രമോട്ടേഴ്സ് പ്രൈവറ്റ് ലിമിറ്റഡ്’ എന്ന സ്ഥാപനത്തിൻെറ പേരിലും കോടികളുടെ തട്ടിപ്പ് നടന്നതായി പൊലീസ് അറിയിച്ചു. ഒന്നരലക്ഷം രൂപ നിക്ഷേപിച്ചാൽ മാസം തോറും 6000 രൂപയും പിന്നീട് ഭൂമിയും അനുവദിക്കുന്നതാണ് പദ്ധതി.
പെരുന്തുറ ഗ്രേനഗറിലെ നിധി എമു ഫാംസ് ഉടമ പളനിച്ചാമി (30) ചൊവ്വാഴ്ച രാവിലെ ആ൪.ഡി.ഒ സുകുമാരന് മുന്നിൽ കീഴടങ്ങി. കഴിഞ്ഞ ദിവസം ഇയാളുടെ ബാങ്ക് അക്കൗണ്ടിലുള്ള 20 ലക്ഷം രൂപ മരവിപ്പിക്കുകയും അഞ്ച് വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. മിക്ക ഫാമുടമകളുടെയും ബാങ്ക് അക്കൗണ്ടുകളിൽ പണമില്ലെന്ന് പൊലീസ് അന്വേഷണത്തിൽ അറിവായി. അതിനിടെ, ഗോപിച്ചെട്ടിപാളയത്തെ കെ.ജി എമു ഫാംസ് കമ്പനി ഉടമകളായ കാ൪ത്തിക് ശങ്ക൪, ഗായത്രി എന്നിവരുടെ മുൻകൂ൪ ജാമ്യാപേക്ഷ ഈറോഡ് ജില്ലാ കോടതി തള്ളി. ഈറോഡ് ജില്ലയിലെ ക്വീൻ എമു ഫാംസ്, ടി.വി.എസ് എമു കമ്പനി, ഭവാനിയിലെ അൽമ എമു ഫാംസ് തുടങ്ങിയ നിരവധി സ്ഥാപനങ്ങൾ അടച്ചുപൂട്ടി. ഇവിടങ്ങളിലെ നൂറുകണക്കിന് എമു പക്ഷികൾ ചത്തൊടുങ്ങുന്നതായും റിപ്പോ൪ട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.