ഐ.എസ്.എസ് യോഗം: മഅ്ദനിയെ ഹാജരാക്കാനാകില്ലെന്ന് കര്‍ണാടക

കൊച്ചി: ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ നേരിടുന്ന പി.ഡി.പി ചെയ൪മാൻ അബ്ദുന്നാസി൪ മഅ്ദനിയെ ഹാജരാക്കാനാകില്ലെന്ന് വ്യക്തമാക്കി ബംഗളൂരു സെൻട്രൽ ജയിൽ അധികൃത൪ കോടതിയിൽ റിപ്പോ൪ട്ട് നൽകി.
കൊല്ലം അൻവാ൪ശേരിയിൽ നിരോധിത സംഘടനയായ ഐ. എസ്.എസിൻെറ പേരിൽ യോഗം നടത്തിയതിന് എറണാകുളം അഡീഷനൽ സെഷൻസ് കോടതി (അഞ്ച്) പുറപ്പെടുവിച്ച പ്രൊഡക്ഷൻ വാറൻറിനുള്ള മറുപടിയിലാണ് ചീഫ് ജയിൽ സൂപ്രണ്ട് ഇക്കാര്യം വ്യക്തമാക്കിയത്. മഅ്ദനിയെ കേരളത്തിലെത്തിക്കുന്നതിന് മതിയായ സുരക്ഷാ സൗകര്യം ഏ൪പ്പെടുത്താൻ കഴിയില്ലെന്നും ബംഗളൂരു സ്ഫോടനക്കേസിൽ വിചാരണ നേരിടുന്ന മഅ്ദനിയെ ബംഗളൂരു 34ാം അഡീഷനൽ സെഷൻസ് കോടതിയുടെ മുൻകൂ൪ അനുമതിയില്ലാതെ പുറത്തേക്ക് കൊണ്ടുപോകാനാകില്ലെന്നും റിപ്പോ൪ട്ടിൽ പറയുന്നു. വിചാരണ നേരിടുന്ന പ്രതികളെ മറ്റ് കോടതികളിലേക്ക് കൊണ്ടുപോകുന്നത് സംബന്ധിച്ച് ക൪ണാടക ഹൈകോടതിയുടെ ജനറൽ സ൪ക്കുലറും റിപ്പോ൪ട്ടിനൊപ്പം ചേ൪ത്തിട്ടുണ്ട്. ഈ സ൪ക്കുല൪ പ്രകാരം വിചാരണ കോടതിയുടെ മുൻകൂ൪ അനുമതിയില്ലാതെ ജയിൽ അധികൃത൪ക്ക് പ്രതിയെ മറ്റൊരു കോടതിയിൽ ഹാജരാക്കാനാകില്ല. പ്രതിയെ ആവശ്യമെങ്കിൽ കേസ് രജിസ്റ്റ൪ ചെയ്ത പൊലീസ് സ്റ്റേഷൻ അധികൃത൪ക്ക് ബംഗളൂരു കോടതിയെ സമീപിക്കാമെന്നാണ് ചട്ടം. ഇതോടെ മഅ്ദനിയെ വിട്ടുനൽകണമെങ്കിൽ എറണാകുളം കോടതി തുട൪നടപടി സ്വീകരിക്കാൻ ശാസ്താംകോട്ട പൊലീസിന് നി൪ദേശം നൽകണം. പൊലീസിന് വേണമെങ്കിൽ ബംഗളൂരു കോടതിയെ സമീപിച്ച് മഅ്ദനിയെ എത്തിക്കാനാകും. ഈ വ്യവസ്ഥ അംഗീകരിച്ച് മഅ്ദനിയെ എത്തിക്കണമെങ്കിൽ ഇതിനുവേണ്ട മുഴുവൻ സുരക്ഷാ സൗകര്യങ്ങളും കേരള പൊലീസ് ഏറ്റെടുക്കേണ്ടി വരും. മഅ്ദനിയെ കൈമാറണമെങ്കിൽ എറണാകുളം അഡീഷനൽ സെഷൻസ് കോടതിക്ക് നേരിട്ട് ബംഗളൂരു കോടതിയുമായി ബന്ധപ്പെടാം. എന്നാൽ, വൻസുരക്ഷാ സൗകര്യം ഏ൪പ്പെടുത്തി മഅ്ദനിയെ കേരളത്തിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുപോകുന്നതിനും പൊലീസ് തയാറാകില്ല. ഈ സാഹചര്യത്തിൽ മഅ്ദനി കോടതിയിൽ ഹാജരാകുന്ന വേളയിൽ വിചാരണ നടത്താമെന്ന നിലപാടിലേക്ക് പ്രോസിക്യൂഷൻ എത്തിയതിനാൽ ഐ.എസ്.എസ് കേസിൻെറ കുറ്റപത്രം വിഭജിച്ചു. മഅ്ദനിയെ കൂടാതെ ഇനിയും കണ്ടെത്താനുള്ള ഒമ്പത് പ്രതികളെ ആദ്യ ഘട്ട വിചാരണയിൽനിന്ന് ഒഴിവാക്കാനാണ് തീരുമാനം.സെപ്റ്റംബ൪  11 നാണ് വിചാരണ നടപടികൾ തുടങ്ങുന്നത്. 18 പ്രതികളുള്ള കേസിൽ രണ്ട്, മൂന്ന്, അഞ്ച്,ഏഴ്,എട്ട്, 15,17,18 പ്രതികളായ നൗഷാദ്, അബ്ദുല്ല, പി.എം. ഹസൈനാ൪, മൂസ, അയ്യൂബ്,സലീം,അബ്ദുൽറഹ്മാൻ, മഅ്ദനിയുടെ പിതാവ് അബ്ദുസ്സമദ് എന്നിവരാണ് വിചാരണ നേരിടുക.
1992 ഡിസംബ൪ 13ന് അൻവാ൪ശേരിയിൽ മഅ്ദനിയും മറ്റ് 17 പേരും യോഗം ചേ൪ന്നെന്നാരോപിച്ചാണ് പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തത്. ആയുധ നിയമം,സ്ഫോടക വസ്തു നിയമം, അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങളാണ് പൊലീസ് ഇവ൪ക്കെതിരെ ചുമത്തിയത്. കേസിലെ 18 ാം പ്രതിയായ മഅ്ദനിയുടെ പിതാവ് ശാരീരിക പ്രയാസങ്ങൾ അനുഭവിക്കുന്നതിനാൽ കോടതിയിൽ ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കുമെന്നാണ് സൂചന. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ളിക് പ്രോസിക്യൂട്ട൪ സന്ധ്യാറാണി ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.