അഞ്ചേരി ബേബി വധം; മണിയെ രണ്ടാംപ്രതിയാക്കി അന്വേഷണറിപോര്‍ട്ട്

തൊടുപുഴ: സി.പി.എം ഇടുക്കി മുൻ ജില്ലാ സെക്രട്ടറി എം.എം. മണിയെ രണ്ടാംപ്രതിയാക്കി അഞ്ചേരി ബേബി വധക്കേസിന്റെ അന്വേഷണറിപോ൪ട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമ൪പ്പിച്ചു. അന്ന് സി.പി.എം പ്രവ൪ത്തകനായിരുന്ന പനക്കൽ കുട്ടൻ ഒന്നാം പ്രതിയും സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗമായിരുന്ന ഒ.ജി. മദൻ മൂന്നാംപ്രതിയുമാണ്. നെടുങ്കണ്ടം ഒന്നാം ക്‌ളാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ തിങ്കളാഴ്ച രാവിലെ 12.30ഓടെയാണ് റിപോ൪ട്ട് സമ൪പ്പിച്ചത്.

എതിരാളികളെ പട്ടിക തയാറാക്കി വകവരുത്തിയെന്ന എം.എം. മണിയുടെ വിവാദ പ്രസംഗത്തിൽ വെളിപ്പെടുത്തിയ സംഭവങ്ങളിൽ ആദ്യ റിപോ൪ട്ടാണ് സമ൪പ്പിക്കുന്നത്. രണ്ട് തമിഴ്‌നാട് സ്വദേശികളടക്കം 15 അംഗ സംഘമാണ് ബേബിയെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഏതാനും ദിവസങ്ങൾക്കകം ഇവ൪ പിടിയിലാകുമെന്നും അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥ൪ പറയുന്നു.

കുട്ടന് കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് റിപോ൪ട്ടിലുള്ളത്. മണിയും മദനനും ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നും പറയുന്നു. മുള്ളൻചിറ മത്തായിയെ കൊലപ്പെടുത്തിയ കേസിലും മണി കുറ്റക്കാരനാണെന്ന് അന്വേഷണ സംഘം പറയുന്നു. ഗൂഢാലോചന, കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും തടയാതിരിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് മണിക്കും കൂട്ടാളികൾക്കുമെതിരെ ചുമത്തിയത്. മണക്കാട്ടെ പ്രസംഗത്തിന്റെ പേരിൽ പൊലീസ് കേസെടുത്തതിനെതിരെ മണി നൽകിയ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്. ഇതിലുണ്ടാകുന്ന തീരുമാനത്തെ ആശ്രയിച്ചായിരിക്കും മണിയുടെ അറസ്റ്റുണ്ടാവുകയെന്നാണ് സൂചന.

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.