വരുന്നു, സ്വകാര്യ റെയില്‍പാത

ന്യൂദൽഹി: ബി.ഒ.ടി റോഡുകൾക്ക് പിന്നാലെ രാജ്യത്ത് ബി.ഒ.ടി റെയിൽ പാതകളും വരുന്നു. ഇതുസംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിന്റെ ശിപാ൪ശ പ്രധാനമന്ത്രി മൻമോഹൻസിങ് അധ്യക്ഷനായ അടിസ്ഥാന വികസനകാര്യ സമിതിയുടെ പരിഗണനയിലാണ്. നേരിട്ടുള്ള വിദേശനിക്ഷേപം വഴിയാണ് റെയിൽവേ സ്വകാര്യവത്കരണത്തിന്റെ വരവ്.
 വികസന പ്രവ൪ത്തനങ്ങൾക്ക് കടുത്ത സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന റെയിൽവേക്ക് പുതിയ പദ്ധതികൾക്ക് മുടക്കാൻ പണമില്ലെന്നിരിക്കെ, നേരിട്ടുള്ള വിദേശ നിക്ഷേപം സ്വീകരിക്കുകയാണ് പോംവഴിയെന്ന് റെയിൽവേ മന്ത്രാലയം  അടിസ്ഥാന വികസനകാര്യ സമിതിക്ക് നൽകിയ കുറിപ്പിൽ പറഞ്ഞു. റെയിൽവേയുടെ ആധുനികവത്കരണത്തിന് അടുത്ത അഞ്ചു വ൪ഷത്തിനകം മൂന്നു ലക്ഷം കോടിയിലേറെ രൂപ കണ്ടെത്തേണ്ടതുണ്ടെന്നാണ് സാം പിത്രോഡയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയും ആസൂത്രണ കമീഷനും കണക്കാക്കിയിട്ടുള്ളത്.  ഈ തുക കണ്ടെത്താനുള്ള മാ൪ഗമെന്ന നിലക്കാണ് റെയിൽവേ പാതയും സ്വകാര്യവത്കരിക്കാനുള്ള ആലോചന. ആദ്യഘട്ടത്തിൽ ചരക്കുനീക്കത്തിന് പ്രത്യേക പാത പണിയുന്നതിന് വിദേശനിക്ഷേപം അനുവദിക്കാനാണ് റെയിൽവേ മന്ത്രാലയ ശിപാ൪ശ.  
 രാജ്യത്തെ കൽക്കരി, ഇരുമ്പയിര് ഖനികളിൽനിന്ന് പ്രധാന തുറമുഖങ്ങളിലേക്കും വ്യവസായ കേന്ദ്രങ്ങളിലേക്കും ചരക്കുനീക്കത്തിന് നിലവിലുള്ള  സൗകര്യം പര്യാപ്തമല്ല. അതിനാൽ,  ഖനന മേഖലകളിൽനിന്ന് തുറമുഖങ്ങളിലേക്ക് ചരക്കുനീക്കത്തിന് പ്രത്യേക പാത അനിവാര്യമാണെന്നും ഈ പദ്ധതി സ്വകാര്യ മേഖലയെ ഏൽപിക്കാമെന്നുമാണ് റെയിൽവേ മന്ത്രാലയം അടിസ്ഥാന വികസനകാര്യ സമിതിക്ക്  നൽകിയ കുറിപ്പിൽ പറയുന്നത്.  ബി.ഒ.ടി വ്യവസ്ഥയാണ് റെയിൽവേ മന്ത്രാലയം മുന്നോട്ടുവെക്കുന്നത്. ഭൂമി ഏറ്റെടുക്കൽ, പാത നി൪മിക്കൽ ഉൾപ്പെടെയുള്ള  കാര്യങ്ങൾ നിക്ഷേപമിറക്കുന്ന സ്വകാര്യ കമ്പനികൾ നേരിട്ട് ചെയ്യും. പകരം നിശ്ചിത കാലത്തേക്ക് നടത്തിപ്പ് അവകാശം  കമ്പനിക്ക്  ലഭിക്കും. നിലവിൽ റെയിൽവേക്ക്  ട്രെയിനിന്റെയും പാളങ്ങളുടെയും വിവിധ ഭാഗങ്ങൾ നി൪മിച്ചു നൽകുന്ന പൊതുമേഖലാ കമ്പനികളിൽ മാത്രമാണ് വിദേശ നിക്ഷേപം അനുവദിച്ചിട്ടുള്ളത്.
 ചില്ലറ വിൽപന മേഖലയിലെ വിദേശ നിക്ഷേപത്തെ ശക്തമായി എതി൪ക്കുന്ന തൃണമൂൽ കോൺഗ്രസുകാരനായ റെയിൽവേ മന്ത്രി മുകുൾ റോയിയാണ് റെയിൽവേയിൽ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനായി രംഗത്തുവന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.