ഉദ്യോഗസ്ഥരെ മാനേജ്മെന്റും തൊഴിലാളികളും തടഞ്ഞു

വണ്ടിപ്പെരിയാ൪: ഹാരിസൺ മലയാളം പ്ലാന്റേഷന്റെ കൈവശമുള്ള  മിച്ചഭൂമി ഏറ്റെടുക്കാനെത്തിയ റവന്യൂ സംഘത്തെ മാനേജ്മെന്റും തൊഴിലാളികളും തടഞ്ഞു. വനംവകുപ്പിന്റെ പക്കലുള്ള സ്ഥലത്ത് സ൪വേ നടത്താൻ അധികൃത൪ അനുമതി നിഷേധിച്ചതോടെ നടപടി അവസാനിപ്പിച്ച് റവന്യൂ സംഘം മടങ്ങി.
പീരുമേട് പെരിയാ൪ മൂങ്കലാ൪ ഡിവിഷനിൽ 136, 85 എന്നീ സ൪വേ നമ്പറുകളിലായി 127.1 ഏക്ക൪ മിച്ചഭൂമി കൈവശം വെച്ചിരിക്കുന്നതായാണ് ഹാരിസൺ കമ്പനി സത്യവാങ്മൂലം നൽകിയത്. ഈ സ൪വേ നമ്പറുകളിലായി പാട്ട ഭൂമിയുൾപ്പടെ 213 ഏക്ക൪ ഭൂമിയാണുള്ളത്. ഇതിൽ 78 ഏക്ക൪ സ്ഥലത്ത് തേയില പ്ലാന്റേഷൻ നിലവിലുണ്ട്.എന്നാൽ, വനംവകുപ്പിന് കൈമാറിയ ഭൂമിയാണ് മിച്ചഭൂമിയെന്നാണ് ഹാരിസൺ ഉന്നയിക്കുന്ന വാദം.
വനംവകുപ്പിന്റെ അധീനതയിലുള്ള ഭൂമിയിൽ സ൪വേ നടത്തണമെങ്കിൽ ചീഫ് ഫോറസ്റ്റ് കൺസ൪വേറ്ററുടെ അനുമതി വേണമെന്ന വാദം ഉയ൪ത്തിയാണ് വനംവകുപ്പ് അധികൃത൪ റവന്യൂ സംഘത്തെ സമീപിച്ചത്. 78 ഏക്ക൪ ഭൂമിയിൽ തേയില വെച്ച് പിടിപ്പിച്ചിരിക്കുന്നതിനാൽ കൃഷിഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിൽ തൊഴിലാളികളെ മുന്നിൽ നി൪ത്തിയാണ് സ൪വേക്ക് ഹാരിസൺ  മാനേജ്മെന്റ് തടയിട്ടത്. അമ്പതോളം തൊഴിലാളികളാണ് പ്രദേശത്ത് സംഘടിച്ചിരുന്നത്. ഇത്തരത്തിൽ ഒരു നടപടി പ്രതീക്ഷിക്കാതിരുന്ന റവന്യൂ സംഘം പ്രകോപനമുണ്ടാക്കാതെ മടങ്ങി. വെള്ളിയാഴ്ച റവന്യൂ സംഘം മൂങ്കലാറിൽ പ്രാഥമിക പരിശോധന നടത്തി സ൪വേ  ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം നടപടി നി൪ത്തിവെക്കുകയായിരുന്നു. സ൪വേ  തടസ്സപ്പെടുത്തിയത് സംബന്ധിച്ച് സ൪ക്കാറിന് റിപ്പോ൪ട്ട് നൽകുമെന്നും റവന്യൂ സംഘം അറിയിച്ചു. അഡീഷനൽ തഹസിൽദാ൪ ശശികുമാ൪, ഡെപ്യൂട്ടി തഹസിൽദാ൪ നളിനാക്ഷൻ, താലൂക്ക് സ൪വേയ൪ നെജീബ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് സ൪വേക്ക് എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.