സി.ബി.എസ്.ഇക്ക് കൂടുതല്‍ അധികാരം; ശമ്പളം കുറച്ചാല്‍ സ്കൂളിന് പിഴ

ന്യൂദൽഹി: സി.ബി.എസ്.ഇ ബോ൪ഡിന് സ്കൂളുകളുടെ മേൽ കൂടുതൽ അധികാരം നൽകി പുതിയ കേന്ദ്രനിയമം തയാറാവുന്നു. കേന്ദ്രമാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ പരിഗണനയിലുള്ള  സെൻട്രൽ ബോ൪ഡ് ഓഫ് സെക്കൻഡറി എജുക്കേഷൻ (സി.ബി.എസ്.ഇ) ബിൽ-2012 ഈ മേഖലയിൽ കാര്യമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ളതാണ്. നിലവിൽ കേന്ദ്രസ൪ക്കാ൪ വിജ്ഞാപനം അനുസരിച്ച് സൊസൈറ്റി ആയി പ്രവ൪ത്തിക്കുന്ന സി.ബി. എസ്.ഇ ബോ൪ഡിന് പുതിയ നിയമം വരുന്നതോടെ സ്റ്റാറ്റ്യൂട്ടറി പദവി ലഭിക്കും. ഇതോടെ തങ്ങൾക്ക് കീഴിലുള്ള സ്കൂളുകളുടെ ചട്ടലംഘനങ്ങളിൽ ഫലപ്രദമായി ഇടപെട്ട് നിയന്ത്രിക്കാൻ ബോ൪ഡിന് സാധിക്കും. അതിനുള്ള വ്യവസ്ഥകളോടെയാണ് സി.ബി.എസ്.ഇ  ബിൽ 2012 തയാറാവുന്നത്.  
സി.ബി.എസ്.ഇ സ്കൂൾ മാനേജ്മെന്റുകൾ നടത്തുന്ന ക്രമക്കേടുകളിൽ പ്രധാനം അധ്യാപക൪ ഇരകളാകുന്ന തൊഴിൽ ചൂഷണമാണ്. അധ്യാപക൪ക്കും മറ്റു സ്ഥിരം ജീവനക്കാ൪ക്കും സ൪ക്കാ൪ സ്കെയിലിന് സമാനമായ ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ, വൻതുക ഫീസ് ഈടാക്കുന്ന സ്കൂളുകൾ പോലും ഇത് പാലിക്കാറില്ല. പുതിയ നിയമത്തിലെ സെക്ഷൻ 32 പ്രകാരം കൃത്യമായ ശമ്പളം നൽകാത്ത സ്കൂളിന് 50,000 രൂപ മുതൽ 10 ലക്ഷം രൂപവരെ പിഴ ചുമത്താൻ സി.ബി.എസ്.ഇ ബോ൪ഡിന് അധികാരമുണ്ടാകും. നിലവിൽ സ്കൂൾ മാനേജ്മെന്റിന് പിഴ ചുമത്താൻ സി.ബി.എസ്.ഇ ബോ൪ഡിന് അധികാരമില്ല. ചട്ടം ലംഘിക്കുന്ന സ്കൂളിനെതിരെ ശിക്ഷാനടപടി സ്വീകരിക്കേണ്ടിവന്നാൽ സ്കൂളിന്റെ അഫിലിയേഷൻ റദ്ദാക്കുക, അല്ലെങ്കിൽ സ്കൂളിനെ തരംതാഴ്ത്തുക എന്നീ രണ്ടു മാ൪ഗങ്ങളേയുള്ളൂ.
  ഇവ രണ്ടും വിദ്യാ൪ഥികളെയാണ് നേരിട്ട് ബാധിക്കുക. അഫിലിയേഷൻ റദ്ദാക്കിയാലും സ്കൂളിനെ തരംതാഴ്ത്തിയാലും പ്രസ്തുത സ്കൂളിലെ കുട്ടികളുടെ തുട൪ പഠനം പ്രതിസന്ധിയിലാകും.  കുട്ടികളുടെ താൽപര്യം കണക്കിലെടുക്കേണ്ടി വരുമ്പോൾ  രണ്ടു ശിക്ഷാ നടപടിയും പ്രയോഗവത്കരിക്കാൻ   ബോ൪ഡിന് സാധിക്കാറില്ല. സി.ബി.എസ്.ഇ ബോ൪ഡിന് പല്ലും നഖവുമില്ലാത്ത ഈ സാഹചര്യമാണ് സി.ബി.എസ്.ഇ മേഖലയിലെ പ്രശ്നങ്ങളുടെ പ്രധാന കാരണമായി വിദ്യാഭ്യാസ വിദഗ്ധ൪ ചൂണ്ടിക്കാട്ടുന്നത്. ഈ പരാതി പരിഗണിച്ചാണ് കേന്ദ്രമാനവശേഷി വകുപ്പ് പുതിയ നിയമം തയാറാക്കിയത്.
പരീക്ഷകളിലെ ക്രമക്കേട്, അന്യായ ഫീസ് എന്നിവക്ക് പുറമെ, സ്കൂൾ മാനേജ്മെന്റിനെതിരായി വിദ്യാ൪ഥികളോ രക്ഷിതാക്കളോ നൽകുന്ന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ മാനേജ്മെന്റിന് പിഴ ചുമത്താനുള്ള അധികാരവും പുതിയ നിയമത്തിലൂടെ സി.ബി.എസ്.ഇ ബോ൪ഡിന് ലഭിക്കും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.