ന്യൂദൽഹി: സംഝോത എക്സ്പ്രസ് സ്ഫോടനം അന്വേഷിക്കുന്ന എൻ.ഐ.എ സംഘം രണ്ടാമത് കുറ്റപത്രം കോടതിയിൽ സമ൪പ്പിച്ചു. ആ൪.എസ്.എസ് പ്രവ൪ത്തകനായ മധ്യപ്രദേശ് സ്വദേശി സുനിൽ ജോഷിയാണ് ഭീകരാക്രമണത്തിൻെറ സൂത്രധാരനെന്ന് കുറ്റപത്രത്തിൽ പറയുന്നു. സുനിൽ ജോഷിയെ 2007 ഡിസംബ൪ 29ന് ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു.
ദൽഹിയിൽനിന്ന് ലാഹോറിലേക്കുള്ള യാത്രക്കിടെ, 2007 ഫെബ്രുവരിയിൽ ഹരിയാനയിൽ സംഝോത എക്സ്പ്രസിലുണ്ടായ സ്ഫോടനത്തിൽ 68 പേ൪ മരിക്കുകയും നിരവധി പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. കൊല, ഗൂഢാലോചന എന്നിവക്കു പുറമെ, സ്ഫോടകവസ്തു നിയമപ്രകാരമുള്ള കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.സംഘ്പരിവാറിൻെറ ഭാഗമായ അഭിനവ് ഭാരതിൻെറ പ്രവ൪ത്തകരായ ലോകേഷ് ശ൪മ, അമിത് ചൗഹാൻ, രാജേന്ദ്ര ചൗധരി എന്നിവ൪ ചേ൪ന്നാണ് ട്രെയിനിൽ സ്യൂട്ട്കേസ് ബോംബ് സ്ഥാപിച്ചത്. എട്ടു പേരടങ്ങിയ സംഘം രണ്ടായി തിരിഞ്ഞാണ് സ്ഫോടനം നടപ്പാക്കിയത്. ഇൻഡോറിൽവെച്ചാണ് സ്യൂട്ട്കേസ് ബോംബ് നി൪മിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു. ഹിന്ദുത്വശക്തികളുടെ ഭീകരാക്രമണങ്ങളെക്കുറിച്ച്, ആക്രമണസംഘത്തിൻെറ ഭാഗമായിരുന്ന സ്വാമി അസിമാനന്ദ തുറന്നുപറഞ്ഞതിനെ തുട൪ന്ന് 2010ലാണ് സംഝോത കേസിൻെറ അന്വേഷണം എൻ.ഐ.എ ഏറ്റെടുത്തത്. എൻ.ഐ.എ 2011 ജൂണിൽ സമ൪പ്പിച്ച ആദ്യ കുറ്റപത്രത്തിൽ അഭിനവ് ഭാരതിൻെറയും ആ൪.എസ്.എസ് പ്രവ൪ത്തകരായ ലോകേഷ് ശ൪മ, കമൽ ചൗഹാൻ, സന്ദീപ് ഡാങ്കെ, രാംജി, സുനിൽ ജോഷി എന്നിവരെയാണ് പ്രതിചേ൪ത്തിരുന്നത്.കഴിഞ്ഞ ഫെബ്രുവരിയിൽ കമൽ ചൗഹാനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിൻെറ പൂ൪ണ ചിത്രം വ്യക്തമായതെന്നും രണ്ടാമത് കുറ്റപത്രത്തിൽ ഈ വിവരങ്ങളാണ് ഉൾപ്പെടുത്തിയരിക്കുന്നതെന്നും എൻ.ഐ.എ വൃത്തങ്ങൾ പറഞ്ഞു. രാംജി, സന്ദീപ് ഡാങ്കേ, അമിത് ചൗഹാൻ, രജേന്ദ്ര൪ ചൗധരി എന്നിവരെ കൂടി പിടികിട്ടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.