സൗദി നീക്കത്തിന് ആഗോള പിന്തുണ

ജിദ്ദ: രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിൽനിന്നു സിറിയൻ ജനതയെ രക്ഷപ്പെടുത്താനും ബശ്ശാ൪അൽഅസദിന്റെ നിഷ്ഠുര ഭരണത്തിന് അന്ത്യം കുറിക്കാനും സൗദി അറേബ്യ നടത്തുന്ന രാഷ്ട്രീയ കരുനീക്കങ്ങൾ അന്താരാഷ്ട്രസമൂഹത്തിന്റെ പിന്തുണയാ൪ജിക്കുന്നു. സിവിലിയന്മാ൪ക്കെതിരെ മാരകായുധങ്ങൾ പ്രയോഗിക്കുന്ന സിറിയൻ ഭരണകൂടത്തെ അപലപിച്ചും സായുധസംഘ൪ഷം അവസാനിപ്പിച്ച് രാഷ്ട്രീയമാറ്റത്തിനു കളമൊരുക്കാൻ ബശ്ശാ൪ ഭരണകൂടത്തോട് ആവശ്യപ്പെട്ടും അറബ്രാഷ്ട്രങ്ങളുടെ പിന്തുണയോടെ വെള്ളിയാഴ്ച യു.എൻ പൊതുസഭയിൽ സൗദി കൊണ്ടുവന്ന പ്രമേയം 12 നെതിരെ 133 വോട്ടിനു പാസായി. പ്രമേയത്തിൽ അവ്യക്തത ആരോപിച്ച ഇന്ത്യയടക്കം 31 രാഷ്ട്രങ്ങൾ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നു. സിറിയൻ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ദൗത്യം പരാജയമടഞ്ഞതിനെ തുട൪ന്ന് അറബ്ലീഗ്-യു.എൻ ദൂതനായിരുന്ന കോഫി അന്നൻ രാജിവെച്ചതിനു പിന്നാലെയാണ് സൗദി പ്രമേയം  പാസായത്.
ബശ്ശാറിനോട് രാജിവെച്ചൊഴിയാനും ഇതര രാഷ്ട്രങ്ങളോട് സിറിയക്കെതിരായ ഉപരോധത്തിന് അണിനിരക്കാനും ആവശ്യപ്പെട്ട് തയാറാക്കിയ പ്രമേയം ചേരിചേരാ രാജ്യങ്ങളിൽ ചിലതിന്റെ എതി൪പ്പിനെ തുട൪ന്നു മയപ്പെടുത്തിയിരുന്നു. സിറിയക്കെതിരായ കടുത്ത നീക്കത്തിനു അശക്തമായ രക്ഷാസമിതിയെ വിമ൪ശിച്ചും ഡമസ്കസിൽ ജനാധിപത്യമാറ്റത്തിനു കളമൊരുക്കാൻ ആഹ്വാനം ചെയ്തും കൊണ്ടുവന്ന പ്രമേയത്തെ സിറിയക്കൊപ്പം നിൽക്കുന്ന റഷ്യ, ചൈന, ഇറാൻ, ഉത്തര കൊറിയ തുടങ്ങിയ രാജ്യങ്ങൾ എതി൪ത്തു. നിയമപ്രാബല്യമില്ലാതെ ധാ൪മിക ഉത്തരവാദിത്തം മാത്രം ചുമത്തുന്നതാണ് പ്രമേയമെങ്കിലും അന്നന്റെ രാജിക്കു ശേഷവും അന്താരാഷ്ട്രസമൂഹം സമ്മ൪ദം ശക്തമാക്കുന്നതിന്റെ സൂചനയായി അറബ്രാഷ്ട്രങ്ങളുടെ മുൻകൈയിൽ വന്ന പ്രമേയത്തെ നിരീക്ഷക൪ വിലയിരുത്തുന്നു.
 'വേദനാജനകമായ വിജയം' എന്നാണ് യു.എന്നിലെ സൗദി അംബാസഡ൪ അബ്ദുല്ല മുഅല്ലിമി പ്രതികരിച്ചത്. വോട്ടുചെയ്ത രാഷ്ട്രങ്ങൾക്ക് അദ്ദേഹം നന്ദി രേഖപ്പെടുത്തി. സിറിയൻ ജനതയുടെ യാതന അവഗണിക്കാനാവാത്തതാണെന്ന യാഥാ൪ഥ്യം ലോകം അംഗീകരിച്ചതിന്റെ തെളിവാണ് പ്രമേയം നേടിയെടുത്ത വമ്പിച്ച പിന്തുണയെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും രക്ഷാസമിതിക്ക് ഇക്കാര്യത്തിൽ ഇനിയും സമവായനീക്കത്തിനു സാധിക്കാത്തതിൽ മുഅല്ലിമി നിരാശ പ്രകടിപ്പിച്ചു.
അതിനിടെ, സിറിയൻ ജനതയെ സഹായിക്കാനായി സൗദി രൂപം കൊടുത്ത ദേശീയഫണ്ട് ദുരിതബാധിത൪ക്ക് എത്തിച്ചു തുടങ്ങി.
സൗദി ഭരണാധികാരി അബ്ദുല്ല രാജാവിന്റെ അഭ്യ൪ഥനയനുസരിച്ച് രൂപവത്കരിച്ച ഫണ്ടിലേക്ക് നാടിന്റെ നാനാഭാഗങ്ങളിൽനിന്നായി കഴിഞ്ഞ പത്തു നാളുകളിൽ 480 മില്യനിലധികം റിയാലാണ് പിരിഞ്ഞുകിട്ടിയത്.  പണത്തിനു പുറമെ ലഭിച്ച ഭക്ഷണസാധനങ്ങൾ, ശയ്യോപകരണങ്ങൾ, മരുന്നുകൾ എന്നിവ വഹിച്ചുകൊണ്ടുള്ള 43 ട്രക്കുകളാണ് വ്യാഴം, വെള്ളി ദിവസങ്ങളിലായി യാത്ര തിരിച്ചത്. സഹായനിധിയുടെ ഈ ആദ്യഘട്ടം ജോ൪ദാനിലെ അഭയാ൪ഥി ക്യാമ്പുകളിൽ ഭക്ഷണവും മരുന്നും മറ്റും ഉപകരണങ്ങളും വിതരണം ചെയ്യും. വരും ദിവസങ്ങളിലായി മറ്റ് അയൽ രാജ്യങ്ങളിലെ സിറിയൻ അഭയാ൪ഥികൾക്കും സഹായമെത്തിക്കും.
അതേസമയം, സൗദി നീക്കത്തിനെതിരെ റഷ്യയും ചൈനയും ഇറാനും ശക്തമായി രംഗത്തുണ്ട്. ബശ്ശാറിനെതിരെ വിമതസേനയെ ആയുധമണിയിക്കുന്ന സൗദി സിറിയയിൽ അട്ടിമറിക്കു ശ്രമിക്കുകയാണെന്ന് ഇറാൻ ആരോപിക്കുന്നു. അമീ൪ ബന്ദറിനെ ഇന്റലിജൻസ് ചീഫ് ആയി നിയമിച്ചത് അമേരിക്കയുമായി ചേ൪ന്ന് ബശ്ശാറിനെ മറിച്ചിടാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന് റഷ്യയും സഖ്യകക്ഷികളും കുറ്റപ്പെടുത്തുന്നു.  ആഗസ്റ്റ് 14,15 തീയതികളിൽ അബ്ദുല്ല രാജാവിന്റെ നി൪ദേശപ്രകാരം മക്കയിൽ ചേരുന്ന ഒ.ഐ.സിയുടെ മുസ്ലിം ഐക്യദാ൪ഢ്യ ഉച്ചകോടിയിൽ സിറിയൻ പ്രശ്നം  ച൪ച്ചയാകും.
 സിറിയയെ അറബ്ലീഗിൽനിന്നു പുറത്താക്കുന്നതടക്കമുള്ള ച൪ച്ചകൾ സജീവമായ പശ്ചാത്തലത്തിൽ  ഉച്ചകോടി പശ്ചിമേഷ്യയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ ശ്രദ്ധേയമായ മാറ്റം വരുത്താനിടയുണ്ടെന്ന് നിരീക്ഷക൪ കരുതുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.