അക്രമങ്ങള്‍ ജയരാജന് തിരിച്ചടിയായി

കണ്ണൂ൪: സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റ് ചെയ്തതിനെ തുട൪ന്നുണ്ടായ വ്യാപകമായ അക്രമസംഭവങ്ങൾ ജാമ്യം നിഷേധിക്കപ്പെടുന്നതിന് നിമിത്തമായി. ജാമ്യാപേക്ഷ തള്ളുന്നതിനുള്ള കാരണങ്ങളിലൊന്നായി കണ്ണൂ൪ ജുഡീഷ്യൽ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതി ചൂണ്ടിക്കാട്ടിയത് അക്രമസംഭവങ്ങളാണ്.
ജയരാജൻ അറസ്റ്റ് ചെയ്യപ്പെട്ടതിനുശേഷം ജില്ലയുടെ പല ഭാഗങ്ങളിലായി ഉണ്ടായ അക്രമത്തിൻെറയും നാശനഷ്ടത്തിൻെറയും വൈപുല്യമാണ് ജാമ്യാപേക്ഷ തള്ളുന്നതിന് കോടതി എടുത്തുപറഞ്ഞത്. അറസ്റ്റ് നടന്ന ആഗസ്റ്റ് ഒന്നിനുമാത്രം ജില്ലയിലെ 35 പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽ 157 ക്രിമിനൽ കേസുകളാണ് രജിസ്റ്റ൪ ചെയ്തത്. പയ്യന്നൂരിൽ വിജിലൻസ് സി.ഐയുടെ ക്വാ൪ട്ടേഴ്സ് തക൪ക്കുകയും ആലക്കോട് സി.ഐ യെ ആക്രമിക്കുകയും ചെയ്തു. മറ്റു ജില്ലകളിലും അക്രമങ്ങളുണ്ടായി. ഇക്കാര്യങ്ങൾ പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ സി.കെ. ശ്രീധരൻ ജാമ്യാപേക്ഷയിലെ വാദംകേൾക്കൽവേളയിൽ കോടതിയെ ബോധിപ്പിച്ചിരുന്നു.
സംസ്ഥാന തലത്തിൽതന്നെ സി.പി.എമ്മിൻെറ ഏറ്റവും വലിയ ശക്തികേന്ദ്രമായ കണ്ണൂരിലെ സ്വാധീനശക്തിയുള്ള വ്യക്തിയാണ് പി. ജയരാജൻ എന്ന പ്രതിഭാഗത്തിൻെറ അവകാശവാദം പ്രോസിക്യൂഷൻ ജയരാജന് എതിരായും പ്രയോഗിച്ചു. പ്രതി രാഷ്ട്രീയസ്വാധീനശക്തിയുള്ള നേതാവായതിനാൽ ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്ന് കോടതിയെ ധരിപ്പിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു.
ഷുക്കൂ൪ വധകേസിൽ അന്വേഷണം പൂ൪ത്തിയാകാത്തതിനാൽ ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്ന വാദവും കോടതി സ്വീകരിച്ചു. കേസിൽ 39 പ്രതികളാണുള്ളത്. ഇതിൽ 28 പേരാണ് അറസ്റ്റിലായത്.

ജയരാജന് തിങ്കളാഴ്ച കോഴിക്കോട്ട് ഓഡിയോ ടെസ്റ്റ്

കണ്ണൂ൪: സെൻട്രൽ ജയിലിൽ റിമാൻഡ് തടവിൽ കഴിയുന്ന സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജനെ തിങ്കളാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കേൾവിപരിശോധനക്ക് വിധേയനാക്കും. ജില്ലാ ആശുപത്രിയിൽ വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ ജയരാജൻെറ ഇടതുചെവിയുടെ ക൪ണപടത്തിൽ ദ്വാരം കണ്ടെത്തിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.