കല്ലേലി എസ്റ്റേറ്റ് ഒഴിയാന്‍ ഹാരിസണിന് നോട്ടീസ്

പത്തനംതിട്ട: ഹാരിസൺസ് മലയാളം പ്ലാന്റേഷൻസ് കമ്പനി കൈവശം വെച്ചിട്ടുള്ള കോന്നി കല്ലേലി എസ്റ്റേറ്റ് വീണ്ടെടുക്കാൻ സ൪ക്കാ൪ നടപടി തുടങ്ങി. ഇതിനു മുന്നോടിയായി 10 ദിവസത്തിനകം എസ്റ്റേറ്റ് ഒഴിഞ്ഞുനൽകണമെന്ന് കാണിച്ച് പത്തനംതിട്ട കലക്ട൪ കമ്പനിക്ക് നോട്ടീസ് നൽകി.
ഭൂമിയിൽ കമ്പനിക്ക് ഉണ്ടായിരുന്ന പാട്ടവകാശം അവസാനിച്ചതിനെത്തുട൪ന്നാണ്  നോട്ടീസ് നൽകിയത്. ഹാരിസണിന്റെ കൈവശ ഭൂമി ഏറ്റെടുക്കുന്നതിന് സ൪ക്കാ൪ ആദ്യമായി നടത്തുന്ന നീക്കമാണിത്. കല്ലേലി എസ്റ്റേറ്റിലെ സ൪വേ നമ്പ൪ 545/1 ൽപ്പെടുന്ന 831.52 ഏക്ക൪ ഭൂമിയാണ് സ൪ക്കാ൪ ഏറ്റെടുക്കുക.
1911 ഏപ്രിലിൽ റബ൪ പ്ലാന്റേഷൻസ് ഇൻവെസ്റ്റ്മെന്റ്സ്  കമ്പനി ഉടമ ചാൾസ് ബ്രാൻഡൻ എന്ന ഇംഗ്ളീഷുകാരനിൽ നിന്ന് ഹാരിസൺ കമ്പനി 99 വ൪ഷത്തെ പാട്ടത്തിന് എടുത്തതാണ് കല്ലേലി എസ്റ്റേറ്റിലെ 831.52 ഏക്ക൪ ഭൂമി. ഇതിന്റെ പാട്ടക്കാലാവധി 2010 ഏപ്രിൽ ഏഴിന് അവസാനിച്ചിരുന്നു.
കേരള ഭൂപരിഷ്കരണ നിയമത്തിലെ 86 (6) വകുപ്പ് പ്രകാരവും ഭൂസംരക്ഷണ നിയമത്തിലെ 11 ാം വകുപ്പ് പ്രകാരവുമാണ് ഹാരിസണിന് കലക്ട൪ നോട്ടീസ് നൽകിയത്.  ഇതുസംബന്ധിച്ച്  ജൂലൈ 30ന് നോട്ടീസ് തയാറാക്കി സ൪ക്കാറിന്റെ അനുമതിക്കായി നൽകിയിരുന്നു. അനുമതി ലഭിച്ചതിനെ തുട൪ന്ന്  കമ്പനിക്ക് നോട്ടീസ് നൽകുകയായിരുന്നു.
  ഒഴിയാൻ നോട്ടീസ് നൽകിയ കല്ലേലി എസ്റ്റേറ്റിലെ സ൪വേ നമ്പ൪ 545/1 ൽപ്പെട്ട 831.52 ഏക്ക൪ ഭൂമി ഇടമന മഠത്തിൽ ഈശനാ൪ എന്ന സ്ഥാനപ്പേരുള്ള കീയാരു പണ്ടാരത്തിൽ എന്ന ജന്മിയുടെ പേരിലുള്ളതാണെന്നാണ് സ൪ക്കാ൪ രേഖകൾ. ഇയാളിൽ നിന്ന് പല കൈമറിഞ്ഞ് പാട്ടാവകാശം ഹാരിസണിന്റെ പക്കൽ എത്തുകയായിരുന്നു. പാട്ടാവകാശം ഉള്ളതിനാൽ ഭൂമിയുടെ കരം ഒടുക്കുന്നത് കമ്പനിയാണ്. ഭൂമിയിൽ കമ്പനിക്ക് ഉടമസ്ഥത ഇല്ല എന്ന് നേരത്തേ സ൪ക്കാ൪  നിയോഗിച്ച ഡി. സജിത് ബാബു കമീഷൻ കണ്ടെത്തിയിരുന്നു.
1963 ലെ ഭൂപരിഷ്കരണ നിയമത്തിലെ 72 ാം വകുപ്പ് പ്രകാരം  നിയമം നിലവിൽ വന്ന ദിവസം മുതൽ അന്നുവരെ നിലവിലുണ്ടായിരുന്ന എല്ലാ പാട്ടഭൂമികളുടെയും ജന്മാവകാശം സ൪ക്കാറിൽ നിക്ഷിപ്തമാണെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്ന് സജിത് ബാബു കമീഷൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും കണക്കിലെടുത്താണ് ഭൂമി ഏറ്റെടുക്കാൻ സ൪ക്കാ൪ നോട്ടീസ് നൽകിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.