കണ്ണൂ൪: ഷുക്കൂ൪ വധക്കേസിൽ പി. ജയരാജൻെറ ജാമ്യാപേക്ഷയെ എതി൪ക്കാൻ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി പുതുതായി നിയമിതനായ അഡ്വ. പി.കെ. ശ്രീധരൻ ഹാജരായത് വിവാദമായി. മന്ത്രിസഭാ തീരുമാന പ്രകാരം ശ്രീധരനെ പബ്ളിക് പ്രോസിക്യൂട്ടറായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ജൂലൈ 20നാണ് പുറത്തിറക്കിയത്.
കാഞ്ഞങ്ങാട്ടെ പ്രമുഖ ക്രിമിനൽ അഭിഭാഷകനായ ശ്രീധരൻ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം കൂടിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദുമ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാ൪ഥിയായിരുന്നു.
ടി.പി. ചന്ദ്രശേഖരൻ വധക്കേസിലും സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി അഡ്വ. പി. കുമാരൻകുട്ടിക്കൊപ്പം അദ്ദേഹത്തിൻെറ പേരാണ്് പരിഗണനയിലുള്ളത്.
ജയരാജൻെറ ജാമ്യാപേക്ഷ എതി൪ക്കാൻ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ട൪ എത്തിയത് പതിവില്ലാത്ത നടപടിയാണെന്നാണ് സി.പി.എം ചൂണ്ടിക്കാട്ടുന്നത്. വിചാരണ നടക്കുന്ന സെഷൻസ് കോടതിയിലാണ് സാധാരണ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാറുള്ളതെന്നും കോൺഗ്രസ് നേതാവ് കൂടിയായ ശ്രീധരൻെറ നിയമനത്തിൽ ഗൂഢാലോചനയുണ്ടെന്നുമാണ് സി.പി.എം ആരോപണം. എന്നാൽ, കോൺഗ്രസ് നേതാവ് എന്ന നിലയിലല്ല അഭിഭാഷകൻ എന്നത് കൊണ്ടാണ് തന്നെ പരിഗണിക്കുന്നതെന്ന് സി.കെ. ശ്രീധരൻ പറഞ്ഞു.
കോടിയേരി ആഭ്യന്തര മന്ത്രിയായിരിക്കെ രണ്ട് കേസുകളിൽ സ്പെഷൽ പബ്ളിക് പ്രോസിക്യൂട്ടറായി തന്നെ നിയമിച്ചിട്ടുണ്ട്. ചെറുവാഞ്ചേരിയിലെ അസ്ന വധശ്രമക്കേസിലും ഇരിട്ടി പുന്നാട്ടെ മുഹമ്മദ് വധക്കേസിലുമായിരുന്നു നിയമനം.
ഷുക്കൂ൪ കേസിൽ നിയമന ഉത്തരവ് ലഭിച്ച സ്ഥിതിക്ക് പ്രതിയായ ജയരാജൻെറ ജാമ്യാപേക്ഷ എതി൪ക്കേണ്ടത് തൻെറ ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രമാദമായ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഹാജരായ ഇദ്ദേഹം നിരവധി കേസുകളിൽ സ്പെഷൽ പ്രോസിക്യൂട്ടറായി മികവ് തെളിയിച്ചിട്ടുണ്ട്.
ഇ.പി. ജയരാജൻ വധശ്രമ കേസ്, കണ്ണൂരിലെ സേവറി ഹോട്ടൽ ആക്രമണം, നാൽപാടി വാസു വധം, കൂത്തുപറമ്പ് വെടിവെപ്പ് തുടങ്ങിയ കേസുകളിൽ ഹാജരായിട്ടുണ്ട്. ചീമേനിയിൽ സി.പി.എം പ്രവ൪ത്തക൪ കൂട്ടക്കൊല ചെയ്യപ്പെട്ട കേസിൽ അഡ്വ. എം. രത്നസിങ്ങിനൊപ്പം പ്രതികൾക്കു വേണ്ടി ഹാജരായതും ശ്രീധരനാണ്. ഈ കേസിലെ പ്രതികളെയെല്ലാം കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.