ടി.പി വധം: മൊബൈല്‍ ലിസ്റ്റ് ചോര്‍ത്തിയത് യൂസര്‍ ഐ.ഡി ദുരുപയോഗം ചെയ്തെന്ന് സര്‍ക്കാര്‍

കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥൻെറ മൊബൈൽ ഫോൺ കോൾ ലിസ്റ്റ്  ചോ൪ത്തിയത് യൂസ൪ ഐ.ഡി ദുരുപയോഗം ചെയ്താണെന്ന് സ൪ക്കാ൪. കേസിൽ പ്രതി ചേ൪ക്കപ്പെട്ട ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ ആ൪.എസ്. സനൽകുമാ൪ നൽകിയ മുൻകൂ൪ ജാമ്യഹരജിയിൽ ഡയറക്ട൪ ജനറൽ  ഓഫ് പ്രോസിക്യൂഷൻ ടി. ആസഫ് അലി ഹൈകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരത്ത് ബി.എസ്.എൻ.എൽ അക്കൗണ്ട്സ് നോഡൽ ഓഫീസറായിരുന്ന സനൽകുമാറിന് മേലുദ്യോഗസ്ഥരുടെ അനുമതിയോടെ കോൾ ഡീറ്റയിൽ റെക്കോഡ൪ (ഡി.ഡി.ആ൪) കൈകാര്യം ചെയ്യാൻ നൽകിയിരുന്ന യൂസ൪ ഐ.ഡി  ഉപയോഗിച്ചാണ് ടി.പി വധക്കേസ് അന്വേഷിക്കുന്ന വടകര ഡിവൈ.എസ്.പി ജോസി ചെറിയാൻെറ ഡി.ഡി.ആ൪ തുറന്നത്.
ടി.പി വധക്കേസിൽ മാധ്യമപ്രവ൪ത്തകരുമായി ചേ൪ന്ന് പൊലീസ് ഉദ്യോഗസ്ഥ൪ വ്യാജപ്രചാരണം നടത്തുന്നെന്ന് ചൂണ്ടിക്കാട്ടി സി.പി.എം മുഖപത്രവും ഓൺലൈൻ പത്രവും പ്രസിദ്ധീകരിച്ച വാ൪ത്തയാണ് കേസിനിടയാക്കിയത്. ജോസി ചെറിയാൻ 3000 കോളുകൾ വിവിധ മാധ്യമപ്രവ൪ത്തകരുടെ ഫോണുകളിലേക്ക് വിളിച്ചിട്ടുണ്ടെന്നായിരുന്നു വാ൪ത്ത. എന്നാൽ, 13 തവണ മാത്രമാണ് മാധ്യമപ്രവ൪ത്തകരെ വിളിച്ചിട്ടുള്ളതെന്ന് വ്യക്തമാണെന്ന് സ൪ക്കാ൪ സമ൪പ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. തെറ്റായ വിവരമാണ് സനൽകുമാ൪ നൽകിയതും പത്രം പ്രസിദ്ധീകരിച്ചതും.
 നിക്ഷിപ്ത താൽപ്പര്യത്തോടെയാണ് സനൽകുമാ൪ കോൾ ലിസ്റ്റ് ചോ൪ത്തി യത്. ദേശസുരക്ഷാ പ്രകാരം പുറത്തുവിടാൻ പാടില്ലാത്ത സംരക്ഷിത ഗണത്തിൽപെടുന്ന രേഖയാണ് ബി.എസ്.എൻ.എല്ലിൻെറ ഡി.ഡി.ആ൪ സെ൪വ൪ മുഖേന ചോ൪ത്തിയത്. വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാൽ നൽകാവുന്ന രേഖയല്ലയിത്. വിപണന രഹസ്യം, പേറ്റൻറ് വിവരങ്ങൾ, കോൾ വിവരങ്ങൾ, ടവ൪ ലൊക്കേഷൻ വിവരങ്ങൾ എന്നിവ സംബന്ധിച്ച രേഖകളും റെക്കോഡുകൾ, സിംകാ൪ഡുകൾ, ബൂസ്റ്റ൪ വിവരങ്ങൾ എന്നിവയും സംരക്ഷിത വിഭാഗത്തിൽപ്പെടുന്നതാണ്. പൊലീസ് ഉദ്യോഗസ്ഥ൪, ബി.എസ്.എൻ.എൽ ലീഗൽ എൻഫോഴ്സ്മെൻറ് മേധാവി എന്നിവ൪ രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രമേ ഈ രേഖകൾ നൽകാനാവൂ.
 അസി. ജനറൽ മാനേജ൪ നടത്തിയ അന്വേഷണത്തിൽ സനൽകുമാറാണ് കുറ്റക്കാരനെന്ന് കണ്ടെത്തി  നടപടിക്ക് ജനറൽ മാനേജരോട് ശിപാ൪ശ ചെയ്തിരുന്നു. സി.പി.എം അനുകൂല സംഘടനയായ ബി.എസ്.എൻ.എൽ എംപ്ളോയീസ് യൂനിയൻെറ പ്രവ൪ത്തകനാണ് ഹരജിക്കാരൻ. ജോസി ചെറിയാൻെറ മാത്രമല്ല, മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥനായ ഷൗക്കത്തലിയുടെ ഫോൺ കോൾ ലിസ്റ്റും ചോ൪ത്തിയിട്ടുണ്ട്. സനൽകുമാറിനെതിരെ വിവര സാങ്കേതിക നിയമം, ഇന്ത്യൻ പീനൽ കോഡ്, കേരള പൊലീസ് ആക്ട്, ഇന്ത്യൻ ടെലിഗ്രാഫ് ആക്ട് തുടങ്ങിയ നിയമപ്രകാരമുള്ള കേസുകളാണ് ചുമത്തിയിട്ടുള്ളത്.
ഈ സാഹചര്യത്തിൽ ഹരജിക്കാരന് ജാമ്യം അനുവദിക്കരുതെന്ന് സ൪ക്കാ൪ സത്യവാങ്മൂലത്തിൽ ആവശ്യപ്പെട്ടു. ജാമ്യഹരജി  ജസ്റ്റിസ് എൻ.കെ. ബാലകൃഷ്ണൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.