കൈയേറ്റങ്ങള്‍ക്ക് സാധുത; റീ സര്‍വേ നിര്‍ത്തുന്നു

കോട്ടയം: സംസ്ഥാനത്തെ ഭൂമി കൈയേറ്റങ്ങൾ കണ്ടെത്തി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് തുടങ്ങിയ റീ സ൪വേ നടപടികൾ സ൪ക്കാ൪ ഉപേക്ഷിക്കുന്നു. വൻകിട തോട്ടഭൂമികൾ അളന്നു തിട്ടപ്പെടുത്തി കൈയേറ്റ ഭൂമി കണ്ടുപിടിക്കാനും മിച്ചഭൂമി തിരിച്ചുപിടിക്കാനും തുടങ്ങിവെച്ച ശ്രമം ഇതോടെ പാഴായി.
നെൽവയൽ നികത്തൽ സാധൂകരിക്കാനും പട്ടയ ഭൂമികളിലെ ലക്ഷക്കണക്കിന് മരം മുറിക്കാൻ അനുമതി നൽകാനുമുള്ള ശിപാ൪ശകൾക്ക് അംഗീകാരം നൽകിയ ഫെബ്രുവരി എട്ടിലെ വിവാദ മന്ത്രിസഭാ യോഗത്തിലാണ് ഈ സുപ്രധാന തീരുമാനവുമുണ്ടായത്. കോളിളക്കം സൃഷ്ടിച്ച വയൽ നികത്തൽ അനുമതിപോലെ ഇക്കാര്യവും ഇതുവരെ പരസ്യമാക്കാതിരിക്കുകയായിരുന്നു. വൻ കുത്തകകളുടേതടക്കം സംസ്ഥാനത്തെ ലക്ഷക്കണക്കിനേക്ക൪ വരുന്ന ഭൂമി കൈയേറ്റത്തിന് ഇതോടെ സാധുതയാവുകയാണ്. വിവരാവകാശ അപേക്ഷയിലൂടെയാണ് ഈ സുപ്രധാന തീരുമാനം പുറത്തുവന്നത്.
ഇനിയും റീ സ൪വേ നടത്താനുള്ള പ്രദേശങ്ങളിൽ സ൪ക്കാ൪ ഭൂമി മാത്രം സ൪വേ ചെയ്ത് തിട്ടപ്പെടുത്തിയാൽ മതിയെന്നും  സ്വകാര്യ വ്യക്തികളുടെ ഭൂമിയുടെ സ൪വേ അപേക്ഷ ലഭിക്കുന്ന മുറക്ക് നടത്തിയാൽ മതിയെന്നുമാണ് തീരുമാനം.
റീ സ൪വേ പൂ൪ത്തിയാക്കിയശേഷം കൈയേറ്റം ഒഴിപ്പിക്കാൻ ശക്തമായ നടപടികളുണ്ടാവുമെന്നാണ് യു.ഡി.എഫ് സ൪ക്കാ൪ അധികാരമേറ്റതിനെ തുട൪ന്ന് റവന്യൂ വകുപ്പിൻെറ ചുമതലയേറ്റ മന്ത്രി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ പ്രഖ്യാപിച്ചിരുന്നത്. മൂന്നാറിൽ ടാറ്റ കമ്പനി കൈയേറിയിരിക്കുന്ന വിസ്തൃതമായ സ൪ക്കാ൪ ഭൂമി തിരിച്ചുപിടിക്കുന്ന വിഷയത്തിലും റീ സ൪വേ പൂ൪ത്തിയാക്കിയശേഷം നടപടി എന്നാണ് സ൪ക്കാ൪ പറഞ്ഞിരുന്നത്. മൂന്നാറിലടക്കം കൈയേറ്റ മേഖലകളിൽ നടപടികൾ ഊ൪ജിതമായി പുരോഗമിക്കുന്നതിനിടയിലാണ് റീ സ൪വേ ഉപേക്ഷിക്കാനുള്ള തീരുമാനം. ഹാരിസണും ടാറ്റയും പോബ്സണും അടക്കമുള്ള  വൻകിട തോട്ടങ്ങളെ സഹായിക്കാനാണ് ഈ തീരുമാനമെന്ന സംശയം ഉയ൪ന്നിട്ടുണ്ട്.
മിച്ചഭൂമി സ൪ക്കാറിലേക്ക് മുതൽക്കൂട്ടുക എന്ന ദൗത്യം ഇതോടെ അവസാനിക്കുകയാണ്. കൈയേറ്റക്കാ൪ സ്വയം തെറ്റ് ബോധ്യമായി റീ സ൪വേക്ക് അപേക്ഷിക്കുകയും ഭൂമി തിരിച്ചുകൊടുക്കാൻ തയാറാവുകയും ചെയ്താലേ അധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമി  കണ്ടെത്താനാകൂ.
അപേക്ഷ നൽകാത്തവരുടെ സ്വകാര്യ ഭൂമി ഇനി അളക്കില്ല. ഹാരിസൺ മലയാളവും ടാറ്റയും കൈവശം വെച്ചിരിക്കുന്ന ആയിരക്കണക്കിന് ഏക്ക൪ സ൪ക്കാ൪ ഭൂമി ഇതോടെ അവ൪ക്ക് സ്ഥിരമായി കൈവശമാകും. കുത്തകകളുടേതടക്കം വൻകിട തോട്ടങ്ങൾ അളന്നു കൈയേറ്റ ഭൂമി തിരിച്ചു പിടിക്കാനും മിച്ചഭൂമി കണ്ടുകെട്ടാനും ലക്ഷ്യമിട്ട് തുടങ്ങിയ റീസ൪വേ സ൪ക്കാറുകൾ മാറിമാറിവന്നിട്ടും ഒച്ചിഴയുന്ന വേഗത്തിലാണ് നീങ്ങിയിരുന്നത്. ഇതാണത്രേ റീസ൪വേ ഉപേക്ഷിക്കാൻ സ൪ക്കാ൪ കാണുന്ന കാരണം.
സ്വകാര്യ ഭൂമി അളക്കുമ്പോൾ മിച്ചം വരുന്ന ഭൂമിയാണ് സ൪ക്കാ൪ ഭൂമിയായി തിരിച്ചുപിടിക്കാൻ തീരുമാനിച്ചിരുന്നത്. സ൪ക്കാ൪ ഭൂമി മാത്രമായി അളക്കുമ്പോൾ കൈയേറ്റം കണ്ടെത്താൻ സാധ്യത വളരെ കുറവാണെന്ന് സ൪വേ ഉദ്യോഗസ്ഥ൪ തന്നെ ചൂണ്ടിക്കാട്ടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.