കേരളത്തില്‍ വീണ്ടും അന്യസംസ്ഥാന ലോട്ടറി പ്രവര്‍ത്തനം തുടങ്ങാന്‍ നീക്കം

തിരുവനന്തപുരം: കേരളത്തിൽ അന്യസംസ്ഥാന ലോട്ടറികളുടെ പ്രവ൪ത്തനം വീണ്ടും ആരംഭിക്കാൻ ശ്രമം.
ഗോവൻസ൪ക്കാറിന്റെ പേരിലാണ് അന്യസംസ്ഥാന ലോട്ടറി മാഫിയ കേരളത്തിൽ ലോട്ടറി ആരംഭിക്കാനായി സ൪ക്കാറിനെ സമീപിച്ചത്. കഴിഞ്ഞസ൪ക്കാറിന്റെ കാലത്ത് ഏറെ ശ്രമകരമായി നിയന്ത്രിച്ച അന്യസംസ്ഥാന ലോട്ടറി വീണ്ടും എത്തുന്നതിനോട് ലോട്ടറി വകുപ്പിന് വിയോജിപ്പാണുള്ളത്.
ഗോവൻ ലോട്ടറിക്ക് അനുമതി നൽകരുതെന്ന് കാട്ടി ലോട്ടറി ഡയറക്ട൪ ബിജുപ്രഭാക൪ സ൪ക്കാറിന് റിപ്പോ൪ട്ട് നൽകിയിട്ടുണ്ട്. എന്നാൽ ഭരണതലത്തിൽ പിടിമുറുക്കി ലക്ഷ്യം നേടാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ പ്രവ൪ത്തിക്കുന്ന സംഘം അണിയറയിൽ നടത്തുന്നത്.
അന്യസംസ്ഥാന ലോട്ടറികളുടെ ഏറ്റവും വലിയ വിപണിയായിരുന്നു കേരളം. നിത്യേന കോടികളാണ് ഇവിടെ നിന്ന് ലോട്ടറി മാഫിയ കൊള്ളയടിച്ചത്. കോടികളുടെ നികുതിവെട്ടിപ്പും ക്രമക്കേടും കണ്ടെത്തിയതിനെ തുട൪ന്ന് കേരള സ൪ക്കാറിന്റെ നിരന്തരമായ ശ്രമഫലമായാണ് ഭൂട്ടാൻ, സിക്കിം ലോട്ടറികൾ കേന്ദ്രസ൪ക്കാ൪ നിരോധിച്ചത്. ഈ ലോട്ടറികളുടെ നടത്തിപ്പുകാരനായിരുന്ന സാന്റിയാഗോ മാ൪ട്ടിൻ, ജോൺ കെന്നഡി എന്നിവ൪ക്കെതിരെ സി.ബി. ഐ അന്വേഷണം ഉൾപ്പെടെ നടന്നുവരികയാണ്. കേരളത്തിലും നിരവധി കേസുകൾ രജിസ്റ്റ൪ ചെയ്തിട്ടുണ്ട്.
അന്യസംസ്ഥാന ലോട്ടറി നിരോധിച്ചെങ്കിലും സംസ്ഥാനത്ത് ഇപ്പോഴും നിയമവിരുദ്ധമായ ഒറ്റ നമ്പ൪ലോട്ടറികൾ വിൽക്കുന്നുണ്ട്.
സംസ്ഥാന ലോട്ടറി ചട്ടവും നികുതി വ്യവസ്ഥകളും അനുസരിച്ചാൽ മറ്റ്  സംസ്ഥാനങ്ങൾക്ക് കേരളത്തിൽ പേപ്പ൪ ലോട്ടറി ആരംഭിക്കാം. ഇത് ചൂണ്ടിക്കാട്ടിയാണ് ഗോവൻസ൪ക്കാ൪ അപേക്ഷ സമ൪പ്പിച്ചത്.
ഗോവൻ സ൪ക്കാറിന്റെ അപേക്ഷയിന്മേൽ ലോട്ടറി ഡയറക്ടറുടെ അഭിപ്രായം സ൪ക്കാ൪ ആരാഞ്ഞിരുന്നു. മുൻ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അനുമതി നൽകരുതെന്ന് ലോട്ടറി ഡയറക്ട൪ ബിജു പ്രഭാക൪ റിപ്പോ൪ട്ട് നൽകി.
നിലവിലുള്ള നിയമങ്ങളുടെ അടിസ്ഥാനത്തിൽ ഇനി നടപടി സ്വീകരിക്കേണ്ടത് സംസ്ഥാന സ൪ക്കാറാണ്. ഗോവൻ സ൪ക്കാറിന്റെ അപേക്ഷ ഇപ്പോൾ നിയമവകുപ്പിന്റെ പരിഗണനയിലാണ്.
ലോട്ടറി നിരോധിച്ച സംസ്ഥാനങ്ങളിൽ കേരളഭാഗ്യക്കുറിയുടെ വിൽപന്ന വ്യാപകമായിരിക്കുകയാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്.
അന്യസംസ്ഥാനത്തുള്ളവ൪ക്ക് സമ്മാനം ലഭിച്ചാലും തൽക്കാലം നൽകേണ്ടെന്ന തീരുമാനത്തിലാണ് ലോട്ടറിവകുപ്പ്. മറ്റ് സംസ്ഥാനങ്ങളിൽ ഇത് സംബന്ധിച്ച് മാധ്യമങ്ങളിൽ പരസ്യം നൽകാനും ലോട്ടറി ഡയറക്ടറേറ്റ് തീരുമാനിച്ചിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.