കെ.എസ്.ആര്‍.ടി.സി കലക്ഷന്‍ തട്ടിപ്പ്: പത്തുപേര്‍ക്കെതിരെ കേസ്

സുൽത്താൻ ബത്തേരി: കെ.എസ്.ആ൪.ടി.സി ജില്ലാ ഡിപ്പോയിൽ നടന്ന ലക്ഷങ്ങളുടെ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് പത്ത് ജീവനക്കാ൪ക്കെതിരെ കോ൪പറേഷൻ അധികൃത൪ ബത്തേരി പൊലീസിനും സൈബ൪ സെല്ലിനും പരാതി നൽകി.
തട്ടിപ്പിലെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന സീനിയ൪ അസിസ്റ്റൻറ് ഇ. ഷാജഹാൻ, ഡിപ്പോയിൽ സ്ഥിരം കണ്ടക്ട൪മാരായിരുന്ന വി.എം. അബ്ദുറഹ്മാൻ, എം.ടി. ഷാനവാസ്, സി.എച്ച്. അലി, തിരുവനന്തപുരം ഡിപ്പോയിൽ ഇപ്പോൾ ജോലി ചെയ്യുന്ന ഷിജുമോൻ, എം പാനൽ കണ്ടക്ട൪മാരായ വിജി തോമസ്, പി. റഷീദ്, അഭിലാഷ് തോമസ്, കെ.ജെ. സുനിൽ, ഇ.എസ്. സുലൈമാൻ എന്നിവ൪ക്കെതിരെയാണ് പരാതി.
കോ൪പറേഷൻെറ പ്രത്യേക വിജിലൻസ് സംഘം തയാറാക്കിയ പരാതി, ജില്ലാ ട്രാൻസ്പോ൪ട്ട് ഓഫിസ൪ സി. ജയചന്ദ്രൻ പൊലീസിനും സൈബ൪ സെല്ലിനും കൈമാറി. ജീവനക്കാ൪ക്കെതിരെ കേസെടുത്ത പൊലീസ് അന്വേഷണം വിജിലൻസിന് കൈമാറി.
ഇവ൪ തിങ്കളാഴ്ച ബത്തേരിയിലെത്തി അന്വേഷണമാരംഭിക്കും. കോ൪പറേഷൻ ചീഫ് ഓഫിസിൽനിന്നുള്ള ഡാറ്റാ പ്രോസസിങ് യൂനിറ്റ് നടത്തിയ പ്രാഥമിക പരിശോധനയിൽ,  ക്രമക്കേട് നടത്തിയതിൻെറ തെളിവുകൾ കണ്ടെത്തിയിരുന്നു. ഇതേ തുട൪ന്ന് അഞ്ച് സ്ഥിരം ജീവനക്കാരെ സസ്പെൻഡ് ചെയ്യുകയും അഞ്ച് എം പാനൽ കണ്ടക്ട൪മാരെ പിരിച്ചുവിടുകയും ചെയ്തു. ശനിയാഴ്ച വൈകീട്ട് വരെ നടന്ന പരിശോധനയിൽ 56 ലക്ഷം രൂപയുടെ ക്രമക്കേട് കണ്ടെത്തി. പരിശോധന പൂ൪ത്തിയാക്കാൻ ഒരു മാസമെങ്കിലും വേണ്ടിവരും.
കോ൪പറേഷനെ കബളിപ്പിച്ച് പണം തട്ടിയെടുത്തതിന് ക്രിമിനൽ നിയമമനുസരിച്ചും ഡിപ്പോയെ ചീഫ് ഓഫീസുമായി ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടറിലെ ഡാറ്റാ ഡിസ്കുകളിലെ രേഖകളിൽ കൃത്രിമം നടത്തിയതിന് സൈബ൪ നിയമമനുസരിച്ചുമാണ് കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.