മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തണം -യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമാരെ നിയന്ത്രിക്കാൻ പാ൪ട്ടിയിലും മുന്നണിയിലും പെരുമാറ്റച്ചട്ടം വേണമെന്ന് യൂത്ത്കോൺഗ്രസ്. അതിക്രമിച്ച് കടന്നാൽ ശിക്ഷിക്കപ്പെടുമെന്ന ബോ൪ഡ് വെച്ചാണ് ചില മന്ത്രിമാ൪ ഭരിക്കുന്നത്.  ഇത് ജനാധിപത്യ പ്രക്രിയക്ക് ഹാനികരമാണ്. മന്ത്രിമാരുടെ വാക്കും പ്രവൃത്തിയും വിവാദരഹിതമായിരിക്കണമെന്നും തിരുവനന്തപുരത്ത് നടന്ന നേതൃക്യാമ്പ് അംഗീകരിച്ച പ്രമേയത്തിൽ പറയുന്നു.
സൂചി കൊണ്ട് എടുക്കാവുന്ന കരടുകൾ തൂമ്പ കൊണ്ടെടുത്ത് കുളം തോണ്ടുന്നവരുടെ രാഷ്ട്രീയക്കൂറ് പരിശോധിക്കണം. വിലപേശി കാര്യങ്ങൾ നേടുന്ന സമുദായ മാടമ്പികളുടെ പ്രിവിപേഴ്സ് നി൪ത്തലാക്കണം. ചില ഘടകകക്ഷി വകുപ്പുകളിൽ സ്ത്രീധന സ്വത്തിൻെറ അധികാരമാണ് പ്രയോഗിക്കുന്നത്. കോൺഗ്രസിൻെറ അയിത്തവും അവഗണനയും അവസാനിപ്പിക്കാൻ യുവാക്കൾ ചാവേറുകളാകണം. പാ൪ട്ടി സ്ഥാനങ്ങൾ പിടിച്ചെടുക്കണം. മക്കളുടെ യൗവനം ആവശ്യപ്പെടുന്ന യയാതികളെപ്പോലെ ക്രൂരമാണ് കോൺഗ്രസ് നേതാക്കളുടെ നിലപാടുകൾ. കോൺഗ്രസിലും സ൪ക്കാറിലും രാഹുൽഗാന്ധി കൂടുതൽ ഉത്തരവാദിത്തം ഏറ്റെടുക്കണം.
സി.പി.എമ്മിൻെറ അംഗീകാരം തെരഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കണമെന്നും പ്രമേയം ആവശ്യപ്പെടുന്നു. ജോബോയി ജോ൪ജ്, ആദം മുൽസി, സി.എസ്. ലെനിൻ, ഇ.കെ. വിനയൻ, ഹക്കീം കുന്നേൽ, എസ്. ദീപു, എം.എം. സജീവ് കുമാ൪, എന്നിവരടങ്ങിയ കമ്മിറ്റി തയാറാക്കിയ പ്രമേയം സംസ്ഥാന ജനറൽ സെക്രട്ടറി ഡി.വി. വിനോദ് കൃഷ്ണയാണ് അവതരിപ്പിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.