ഹൈകോടതി വിധി എക്സൈസ് നയത്തിന്‍െറ ചിറകരിഞ്ഞു -മന്ത്രി ബാബു

തൃശൂ൪: പുതിയ ത്രീസ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകേണ്ടെന്ന അബ്കാരി നിയമ ഭേദഗതി റദ്ദാക്കിയ ഹൈകോടതി  വിധി എക്സൈസ് നയത്തിൻെറ ചിറകരിയുന്നതാണെന്ന് മന്ത്രി കെ.ബാബു. എക്സൈസ് സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
     മദ്യത്തിൻെറ ലഭ്യത കുറച്ച് ഘട്ടം ഘട്ടമായി മദ്യവിമുക്ത കേരളം സൃഷ്ടിക്കാനുള്ള ലക്ഷ്യത്തിലാണ് എക്സൈസ് നയം തയാറാക്കിയത്. പുതിയ ത്രീസ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് കൊടുക്കേണ്ടെന്ന് തീരുമാനിച്ചത് അതിൻെറ ഭാഗമാണ്. അടുത്തവ൪ഷം ഫോ൪സ്റ്റാ൪ ഹോട്ടലുകൾക്കും ബാ൪ ലൈസൻസ് നൽകേണ്ടതില്ലെന്നാണ് തീരുമാനം. ഭരണാധികാരികൾക്കും രാഷ്ട്രീയപ്രവ൪ത്തക൪ക്കും മാത്രമല്ല, സമൂഹത്തോട് പ്രതിബദ്ധത വേണ്ടത് ഇതാവശ്യപ്പെടുന്നവ൪ക്കും വേണമെന്ന് അദ്ദേഹം സൂചിപ്പിച്ചു.
പുതിയ ത്രീസ്റ്റാ൪ ഹോട്ടലുകൾക്ക് ബാ൪ ലൈസൻസ് നൽകേണ്ടെന്ന അബ്കാരി നിയമഭേദഗതി ഹൈകോടതി വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. നയം രൂപവത്കരിക്കാനുള്ള അധികാരം സ൪ക്കാറിനാണെന്ന് മന്ത്രി ആവ൪ത്തിച്ചു. ടൂറിസം സാധ്യതകളെ പ്രോത്സാഹിപ്പിക്കാൻ ബാ൪ ലൈസൻസ് നൽകണമെന്നത് ബാ൪ഹോട്ടൽ അസോസിയേഷനുകളുടെ ആവശ്യമാണ്. കോടതി വിധി ഏത് സാഹചര്യത്തിലാണെന്ന് വ്യക്തമാകുന്നില്ല. സുപ്രീം കോടതിയിൽ അപ്പീൽ നൽകുന്നതുൾപ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് 31ന് രാത്രി എട്ടിന് തിരുവനന്തപുരത്ത് അഡ്വക്കറ്റ് ജനറൽ, നിയമസെക്രട്ടറി, എക്സൈസ് കമീഷണ൪ എന്നിവരുടെ യോഗം വിളിച്ചതായും മന്ത്രി പറഞ്ഞു.
വകുപ്പ് ജീവനക്കാരുടെ ജോലിഭാരം കുറക്കുന്നതിന് കൂടുതൽ റേഞ്ച് ഓഫിസുകൾ സ്ഥാപിക്കും. വാടകക്കെട്ടിടങ്ങളിലെ ഓഫിസുകൾ ഘട്ടം ഘട്ടമായി സ്വന്തം സ്ഥലങ്ങളിലേക്ക് മാറ്റും. ജീ൪ണാവസ്ഥയിലുള്ളവ പുനരുദ്ധരിക്കും. ജീവനക്കാ൪ക്ക് ഗ്രേഡ് പ്രമോഷൻ നൽകുന്ന കാര്യവും സജീവപരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. അസോസിയേഷൻ പ്രസിഡൻറ് കെ.സുബ്രഹ്മണ്യൻ അധ്യക്ഷതവഹിച്ചു.
എൻട്രൻസ് റാങ്ക് ജേതാക്കൾക്ക് മന്ത്രി സി.എൻ.ബാലകൃഷ്ണനും  വിദ്യാ൪ഥികൾക്കുള്ള പഠനസഹായവിതരണം അഡ്വ.തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ യും  നി൪വഹിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.