സപ്ലൈകോ പ്രതിസന്ധിയിലേക്ക്

കൊച്ചി: പതിനാല് മാസത്തിനിടെ ആറ് മാനേജിങ് ഡയറക്ട൪മാ൪. സംസ്ഥാന സിവിൽ സപ്ലൈസ് കോ൪പറേഷനാണ് (സപ്ലൈകോ) ഈ ദു൪ഗതി. അവശ്യ സാധനങ്ങളുടെ വില നിലവാരം പിടിച്ചുനി൪ത്താനും മിതമായ വിലയ്ക്ക് ഇവ  ലഭ്യമാക്കാനും  ആരംഭിച്ച സപ്ലൈകോയുടെ ദൈനംദിന പ്രവ൪ത്തനം തന്നെ  പ്രതിസന്ധിയിലാണ്.  യു.ഡി.എഫ് സ൪ക്കാ൪ അധികാരത്തിലേറിയശേഷം  ചെയ൪മാനും മാനേജിങ് ഡയറക്ടറുമായി ഐ.എ.എസ് ഐ.പി.എസുകാരായ ആറുപേരെയാണ് മാറി മാറി പരീക്ഷിച്ചത്. ഇതിൽ ആറാമൻ ചുമതല ഏൽക്കുംമുമ്പ് തന്നെ ആരോപണ വിധേയനാണ്. ഇതോടെ പുതിയ സി.എം.ഡിയുടെ നിയമനം അനിശ്ചിതത്ത്വത്തിലാണ്.
കോ൪പറേഷന്റെ ചരിത്രത്തിൽ  മൂന്ന് വ൪ഷം തികച്ച സി.എം.ഡി ഐ.ജി റാങ്കിലുള്ള ജേക്കബ് തോമസ് മാത്രമാണ്. ഇദ്ദേഹത്തിന്റെ കാലത്ത് ഇ ടെൻഡ൪ അടക്കം ഒട്ടേറെ പുതിയ പദ്ധതികൾ ആവിഷ്കരിച്ചെന്ന് മാത്രമല്ല കരാറുകാരെയും ഇടനിലക്കാരെയും ഒഴിവാക്കി കോ൪പറേഷനെ ലാഭത്തിലാക്കുകയും ചെയ്തു. പിന്നീടെത്തിയ ഐ.പി. എസ് ഉദ്യോഗസ്ഥനായ യോഗേഷ് ഗുപ്തയും മികച്ച പ്രവ൪ത്തനം കാഴ്ചവെച്ചെങ്കിലും വകുപ്പുമന്ത്രിയുടെയും കരാറുകാരുടെയും ഇടനിലക്കാരുടെയും കണ്ണിലെ കരടായതോടെ കോ൪പറേഷൻ വിടേണ്ടിവന്നു.
  പിന്നീട്  മുൻഎറണാകുളം ജില്ലാ കലക്ടറും വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ മാനേജിങ് ഡയറക്ടറുമായ എം. ബീന സപ്ലൈകോ സി.എം.ഡിയായി ചുമതലയേറ്റെങ്കിലും അധികനാൾ  തുടരാനായില്ല.  പ൪ച്ചേസുമായി ബന്ധപ്പെട്ട് വിവാദങ്ങളുയ൪ന്നതോടെ ബീനയും കോ൪പറേഷൻ വിട്ടു. പിന്നീട് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോ൪പറേഷന്റെ മാനേജിങ് ഡയറക്ട൪  എ.പി.എം. മുഹമ്മദ് ഹനീഷിന് താൽക്കാലിക ചുമതല നൽകിയെങ്കിലും  സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം തയാറായില്ല. സ്ഥിരം സി.എം.ഡിയാക്കാൻ ആലോചന നടന്നെങ്കിലും സപ്ലൈകോയിലേക്ക് ഇല്ലെന്ന് അദ്ദേഹം സ൪ക്കാറിനെയും വകുപ്പ് മന്ത്രിയേയും അറിയിക്കുകയായിരുന്നു. പിന്നീട്  ഡി.ഐ.ജിയായ ടി. വിക്രം സി.എം.ഡിയായി ചുമതലയേറ്റെങ്കിലും ആരോപണത്തെത്തുട൪ന്ന് സ്ഥാനം ഒഴിയേണ്ടിവന്നു.  വിക്രമിനെതിരെ കരാ൪ ലോബിയാണ് രംഗത്തുവന്നത്. ഓണം റമദാൻ സീസൺ ലക്ഷ്യമിട്ട് നിത്യോപയോഗ സാധനങ്ങളുടെ പ൪ച്ചേസ് ആരംഭിക്കുന്നതിനിടെയാണ് ഉഴുന്നുപരിപ്പ് ഇടപാടുമായി ബന്ധപ്പെട്ട് വിക്രമിന് സ്ഥാനം ഒഴിയേണ്ടിവന്നത്. ഏറ്റവും ഒടുവിൽ മന്ത്രി അനൂപ് ജേക്കബ് നേരിട്ട് നിയമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ എ.പി. ജയിംസാകട്ടെ ചുമതലഏൽക്കും മുമ്പ്തന്നെ ആരോപണ വിധേയനായതോടെ ചുമതലയേൽക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. മുമ്പ് സപ്ലൈകോ ജനറൽ മാനേജറായിരിക്കെ അരി മില്ലുകളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പേരിൽ ഈ സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെട്ട ആളാണ്  ജയിംസ്. ഓണം റമദാൻ വേളയിൽ കൂടുതൽ നിത്യോപയോഗ സാധനങ്ങൾ എത്തിക്കുന്നതിന്  കരാ൪ ഉണ്ടാക്കേണ്ട ഘട്ടത്തിലാണ് കോ൪പറേഷന് നാഥനില്ലാത്ത അവസ്ഥ . 2008 ഫെബ്രുവരിയിലാണ് ഇദ്ദേഹത്തെ ജനറൽ മാനേജ൪ സ്ഥാനത്തുനിന്ന് ഒഴിവാക്കിയത്. ഇദ്ദേഹത്തെ എം.ഡിയാക്കുമെന്ന വാ൪ത്ത പുറത്തുവന്നപ്പോൾ തന്നെ പരാതിയുമായി ഒരു വിഭാഗം  മന്ത്രിയെ സമീപിച്ചിരുന്നു. എന്നാൽ, ജയിംസ് ചുമതലയേൽക്കണമെന്ന ക൪ക്കശ നിലപാടിലാണ് മന്ത്രി അനൂപ് ജേക്കബ്. എം.ഡിമാ൪ ചുമതല ഒഴിയുന്ന വേളയിൽ മൂന്നുതവണ സിവിൽ സപ്ലൈസ് ഡയറക്ട൪മാ൪ക്ക് സി.എം.ഡിയുടെ ചുമതല നൽകിയിരുന്നു. എന്നാൽ, ആരോപണം ഭയന്ന് കോടികളുടെ പ൪ച്ചേസിന് ഓ൪ഡ൪ നൽകാൻ ഇവരാരും തയാറായിരുന്നില്ല. ഇതും പ്രതിസന്ധി രൂക്ഷമാക്കി. ഓണംറമദാൻ വേളയിൽ വിലനിലവാരം പിടിച്ചുനി൪ത്താൻ സപ്ലൈകോ വിപണിയിൽ ഇറങ്ങേണ്ടത് അനിവാര്യമാണ്. ഓണം റമദാൻ ഫെയറും ആരംഭിക്കേണ്ടതുണ്ട്. പക്ഷേ, പ൪ച്ചേസ് നടത്താനോ ഭരണപരമായ നടപടികൾക്കോ നാഥനില്ലാത്ത സാഹചര്യത്തിൽ വിലക്കയറ്റം സാധാരണക്കാരന് ഇരുട്ടടിയാകുമെന്ന് ഉറപ്പാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.