ന്യൂനപക്ഷ അവകാശത്തിന്‍െറ പേരില്‍ നടക്കുന്നത് വിദ്യാഭ്യാസ കച്ചവടം -ഡോ. ഫസല്‍ ഗഫൂര്‍

പാലക്കാട്: ന്യൂനപക്ഷ അവകാശത്തിൻെറ പേരിൽ വിദ്യാഭ്യാസ കച്ചവടമാണ് സംസ്ഥാനത്ത് നടക്കുന്നതെന്ന് എം.ഇ.എസ് ചെയ൪മാൻ ഡോ. ഫസൽ ഗഫൂ൪. എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തിൻെറ ഭാഗമായി ‘വിദ്യാഭ്യാസ രംഗത്തെ സാമൂഹികനീതി’ വിഷയത്തിൽ സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുസ്ലിംസമുദായത്തിൻെറ പേരിൽ ട്രസ്റ്റ് രൂപവത്കരിച്ച് വൻ കൊള്ളകളാണ് നടക്കുന്നത്. ഓറഞ്ച് കച്ചവടക്കാരും കശുവണ്ടി ഫാക്ടറിക്കാരുമൊക്കെ പണി നി൪ത്തി എൻജിനീയറിങ് കോളജ് തുടങ്ങിയിരിക്കുകയാണ്. നിലവാരമില്ലാത്ത എൻജിനീയറിങ് കോളജുകൾ അടച്ചുപൂട്ടണം. എയ്ഡഡ് മേഖലയിലെ അധ്യാപകനിയമനം പി.എസ്.സിക്ക് വിടണം. ഏകജാലക സംവിധാനം വിജയകരമായ സാഹചര്യത്തിൽ എല്ലാ സ൪വകലാശാലകളിലും നടപ്പാക്കണം.
അഞ്ചാം മന്ത്രിയെ എം.ഇ.എസ് ശക്തമായി എതി൪ത്തിരുന്നു. സമുദായത്തിൻെറ ഭാഗമായി ഒരിക്കലും കണ്ടിട്ടില്ലാത്തയാളാണ് അതിൻെറ പേരിൽ മന്ത്രിയായത്. ആവശ്യമില്ലാത്ത വിവാദങ്ങളുണ്ടാക്കി ചില൪ സമുദായസംഘടനകളുടെ പേരിൽ മുതലെടുപ്പ് നടത്തുകയാണ്. ഹിന്ദുലീഗുണ്ടാക്കി കമ്യൂണിസ്റ്റ് പാ൪ട്ടിയുടെ വോട്ട് തട്ടിയെടുക്കാമെന്നത് എൻ.എസ്.എസിൻെറയും എസ്.എൻ.ഡി.പിയുടെയും വ്യാമോഹം മാത്രമാണ്. ക്രീമിലെയ൪, സംവരണം തുടങ്ങിയ വിഷയങ്ങളിൽ ഒരിക്കലും യോജിക്കാത്തവ൪ എങ്ങനെ ഐക്യമുണ്ടാക്കുമെന്ന് ഫസൽ ഗഫൂ൪ ചോദിച്ചു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച യോജിപ്പു മാത്രമാണ് ഇവ൪ക്കുള്ളത്. സംവരണമെന്ന പാറയിൽ തട്ടി യോജിപ്പ് തക൪ന്ന് പോകും.
മുൻമന്ത്രി ടി. ശിവദാസമേനോൻ സെമിനാ൪ ഉദ്ഘാടനം ചെയ്തു. ഡോ. ബി. ഇഖ്ബാൽ, എം.ബി. രാജേഷ് എം.പി, വി. ശിവദാസൻ എന്നിവ൪ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.