ഉണ്ണിത്താന്‍ വധശ്രമം: ഡിവൈ.എസ്.പി റഷീദിനെതിരെ കണ്ടെയ്നര്‍ സന്തോഷ് കോടതിയില്‍

കൊച്ചി: ഉണ്ണിത്താൻ വധശ്രമക്കേസിലെ പ്രതി ഡിവൈ.എസ്.പി എൻ.എ.റഷീദ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച് കണ്ടെയ്ന൪ സന്തോഷ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചു. കേസുമായി ബന്ധപ്പെട്ട് സി.ജെ.എം കോടതിയിൽ മാപ്പുസാക്ഷിമൊഴി നൽകിയത് മുതൽ പല തരത്തിലുള്ള ഭീഷണി കോളുകൾ തന്റെ മൊബൈലിൽ വന്നിരുന്നു. ഇതിനിടെ, ജാമ്യത്തിലിറങ്ങിയ ഡിവൈ.എസ്.പി റഷീദ് ഈമാസം 23 ന് കൊല്ലം പൊലീസ് ക്ളബിന് സമീപത്ത് വാഹനത്തിലെത്തി ഭീഷണിപ്പെടുത്തിയതായാണ് പരാതി.  ഒരു മാസത്തിനകം കൊല്ലം എ.സിയായി താൻ തിരിച്ചെത്തുമെന്നും എസ്.പിയെ തല്ലിയിട്ട് പുല്ലുപോലെ ഇറങ്ങി വന്നവനാണ് താനെന്നും നിന്റെ മൊഴിക്ക് പുല്ലുവിലയേ ഉള്ളൂവെന്നും പറഞ്ഞതായും പരാതിയിലുണ്ട്. സംരക്ഷണം നൽകണമെന്നും  റഷീദിനെതിരെ നടപടി എടുക്കണമെന്നുമാണ് സന്തോഷ് കുമാ൪ എന്ന കണ്ടെയ്ന൪ സന്തോഷിന്റെ ആവശ്യം.
വധശ്രമക്കേസിലെ മൂന്നാം പ്രതിക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു. ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കവെ ജാമ്യത്തിലിറങ്ങി മുങ്ങിയ ഷഫീഖിനെതിരെയാണ് സി.ജെ.എം പി.ശശിധരൻ വാറന്റ് പുറപ്പെടുവിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാൾ വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായിരുന്നു. ഷഫീഖിന്റെ ജാമ്യക്കാരോട് കേസ് വീണ്ടും പരിഗണിക്കുന്ന അടുത്തമാസം 20 ന് ഹാജരാകാനും നി൪ദേശിച്ചു.
അതിനിടെ, ഉണ്ണിത്താൻ കേസിൽ സി.ബി.ഐ യുടെ കുറ്റപത്രം റദ്ദാക്കി തുടരന്വേഷണത്തിന് ഉത്തരവിടണമെന്നാവശ്യപ്പെട്ട് വി.എസ്.അച്യുതാനന്ദന്റെ മുൻ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ നൽകിയ ഹരജി പരിഗണിക്കുന്നത് കോടതി അടുത്ത 20 ലേക്ക് മാറ്റി. വ്യക്തമായ പങ്കാളിത്തമുണ്ടായിട്ടും ഡി.ഐ.ജി ശ്രീജിത്ത്, എസ്.പി സാം ക്രിസ്റ്റി ഡാനിയേൽ എന്നിവരെ ഒഴിവാക്കിയ നടപടിയാണ് ഹരജിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.
കൂടാതെ ഉണ്ണിത്താൻ കേസിലെ ഒന്നാം പ്രതിയായിരുന്ന ഹാപ്പി രാജേഷിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.