കര്‍ണാടകയിലും തമിഴ്നാട്ടിലും പച്ചക്കറി ഉല്‍പാദനം പാതി

പാലക്കാട്: കേരളത്തിലേയും സമീപ സംസ്ഥാനങ്ങളിലേയും പച്ചക്കറി ഉൽപാദനം  നേ൪പകുതി ആയതോടെ റമദാൻ, ഓണം ഉൽസവ സീസണിൽ പോക്കറ്റ്  പൊള്ളിക്കുന്ന വിലക്കയറ്റം  ഉറപ്പായി. സീസണായതിനാൽ പച്ചക്കറി ഏറ്റവും വില കുറച്ച് ലഭിക്കേണ്ട സമയത്ത്  ലഭ്യതക്കുറവ്  മൂലം വില രണ്ടും മൂന്നും ഇരട്ടിയാവുന്ന അവസ്ഥയാണ്. മഴ കുറവ്, കീടനാശിനി  വിലവ൪ധന, കുത്തകകളുടെ വിപണിയിലെ കടന്നുകയറ്റം തുടങ്ങി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വരെ ഘടകങ്ങളാണ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പച്ചക്കറി കൃഷിക്ക് തിരിച്ചടിയാകുന്നത്.  ക൪ണാടക, തമിഴ്നാട്  സംസ്ഥാനങ്ങളിൽ  നിന്ന് മുമ്പുള്ളതിന്റെ നേ൪ പകുതി ലോഡ് പച്ചക്കറി മാത്രമാണ് കേരള  അതി൪ത്തി കടന്നെത്തുന്നത്. കേരളത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന  പച്ചക്കറിയുടെ 60 ശതമാനവും തമിഴ്നാട്ടിൽ നിന്നാണ്. പൊള്ളാച്ചി, ഉദുമൽപേട്ട, മധുര, ഊട്ടി,  മേട്ടുപ്പാളയം, കിണത്തുക്കടവ്, ആനമല, നാച്ചിപാളയം, ഒട്ടൻഛത്രം, ചെമ്പെട്ടി, ദിണ്ഡിക്കൽ മാ൪ക്കറ്റുകളിലാണ് തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പച്ചക്കറി ഉൽപാദിപ്പിക്കുന്നത്. ഇവിടങ്ങളിലാവട്ടെ മഴയുടെ കുറവ് മൂലം പച്ചക്കറി വില ദിവസം രണ്ടും മൂന്നും വട്ടം മാറുന്ന സ്ഥിതിയാണ്. പച്ചക്കറിയെടുക്കാൻ തമിഴ്്നാട്ടിലെ മാ൪ക്കറ്റുകളിലെത്തുന്ന മലയാളി കച്ചവടക്കാ൪ തൊട്ടാൽ പൊള്ളുന്ന വില മൂലം മടിച്ച് നിൽക്കുകയാണ്. തക്കാളിക്കും കിഴങ്ങ് വ൪ഗങ്ങൾക്കുമാണ് തീവില. പച്ചമുളകിനും വില കുതിച്ചുകയറി. ഉള്ളി കിലോക്ക് 20 രൂപ വരെ കൂടി.  നേന്ത്രക്കായ വില 45ന് മുകളിലെത്തിക്കഴിഞ്ഞു. ഇപ്പോഴേ ഈ വിലയാണെങ്കിൽ ഓണത്തിന് നേന്ത്രക്കായ വില റെക്കോഡ്  ഭേദിക്കുമെന്നാണ് കണക്കുകൂട്ടൽ.തമിഴ്നാട്ടിൽ നിന്നെത്തുന്ന പച്ചക്കറികൾ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് തരംതിരിച്ച് അയക്കുന്നത് പാലക്കാട്ടെ വേലന്താവളം  മാ൪ക്കറ്റിൽ  നിന്നാണ്. ദിവസവും ഇരുപതിലേറെ ലോഡ് പോയിരുന്ന ഇവിടെ സീസണെത്തിയിട്ടും പത്തിൽ താഴെ ലോഡാണ് പോകുന്നത്.
കേരളത്തിലെ പച്ചക്കറി കൃഷിയിടങ്ങളിൽ മഴ ചതിക്കാത്തത് മൂലം നല്ല വിളവാണ്. പയ൪, വെണ്ട, പാവക്ക, കോവക്ക, പടവലങ്ങ എന്നിവ യഥേഷ്ടം വിളഞ്ഞെങ്കിലും  ഇവ വേണ്ട രീതിയിൽ സംഭരിക്കാനോ വിപണത്തിനോ നടപടിയില്ലാത്തത്  തിരിച്ചടിയാകുന്നുണ്ട്. കിലോക്ക്  രണ്ട് രൂപപോലും വിലകിട്ടാതെ എലവഞ്ചേരിയിലെ  ക൪ഷകരുടെ ടൺ കണക്കിന് പടവലങ്ങ നശിച്ച സമയത്ത് കിലോമീറ്ററുകൾ അകലെയുള്ള  പാലക്കാട്ട്  കിലോക്ക് 20 രൂപയായിരുന്നു വില. ഒടുവിൽ സ൪ക്കാ൪  സംഭരണത്തിന് നടപടി സ്വീകരിച്ചത് സീസണ് ഒടുവിലാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.