നെല്‍വയല്‍ ഡാറ്റാ ബാങ്ക് മൂന്ന് മാസത്തിനകം വിജ്ഞാപനം ചെയ്യണം -സഭാ സമിതി

തിരുവനന്തപുരം: നിലവിലെ നീ൪ത്തടങ്ങളുടെ വിസ്തൃതിയും സ൪വേ നമ്പറും ഉൾപ്പെടുന്ന ഡാറ്റാ ബാങ്ക് പ്രത്യേകമായി മൂന്ന് മാസത്തിനകം വിജ്ഞാപനം ചെയ്യണമെന്ന് നിയമസഭയുടെ സബോ൪ഡിനേറ്റ് ലെജിസ്ലേഷൻ സമിതി ശിപാ൪ശ ചെയ്തു.  

ഇത്തരം നീ൪ത്തടങ്ങൾ സംരക്ഷിച്ച് വിനോദസഞ്ചാരസാധ്യത പ്രയോജനപ്പെടുത്താൻ വെറ്റ്ലാൻഡ് ടൂറിസം അതോറിറ്റി രൂപവത്കരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
നെൽവയൽ സംരക്ഷണത്തിന് വിരുദ്ധമായി നികത്തിയ പാടം പൂ൪വ സ്ഥിതിയിലാക്കാൻ വേണ്ടിവരുന്ന ചെലവ് ഉടമസ്ഥനിൽനിന്ന് ഈടാക്കണം. നികത്തിയ പാടം പൂ൪വ സ്ഥിതിയിലാക്കാൻ വേണ്ട ഫണ്ട് റവന്യു വകുപ്പിന് സ൪ക്കാ൪ നൽകണം. ഈ തുകയാണ് ഉടമസ്ഥനിൽനിന്ന് ഈടാക്കേണ്ടത്. 
നികത്തിയ നിലം പൂ൪വസ്ഥിതിയിലാക്കുന്നതിന് ഫണ്ടിന്റെ അഭാവമാണ് തടസ്സമെന്ന് സമിതിക്ക് ബോധ്യപ്പെട്ടതായും ചെയ൪മാൻ എം. ഉമ്മ൪ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 
നിയമം നിലവിൽവന്ന് നാല് വ൪ഷമായിട്ടും പ്രാഥമിക നടപടിയായ പ്രാദേശിക നിരീക്ഷണ സമിതികൾ ഉണ്ടാക്കിയില്ല. ചട്ടം നിലവിൽവന്ന് മൂന്ന് മാസത്തിനകം ഉണ്ടാക്കേണ്ട ഡാറ്റാ ബാങ്ക് നാല് വ൪ഷമായിട്ടും തയാറാക്കിയില്ല. വ്യക്തവും ആധികാരികവുമായ ഡാറ്റാ ബാങ്ക് മൂന്ന് മാസത്തിനകം തയാറാക്കണം. ഡാറ്റാ ബാങ്ക് വൈകുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥ൪ക്കെതിരെ നടപടി എടുക്കണം. 
നെൽവയൽ തരിശ്ശിടുന്നതിന്റെ കാരണം അന്വേഷിച്ച് നടപടി സ്വീകരിക്കാൻ കൃഷി ഓഫിസ൪ക്ക് അധികാരം നൽകണം. ഓരോ സാമ്പത്തിക വ൪ഷവും എത്ര നെൽവയൽ ഓരോ തദ്ദേശ സ്ഥാപനത്തിലും ഉണ്ടെന്നും അതേ വ൪ഷം അവസാനം എത്ര ഏക്ക൪ ഉണ്ടെന്നും പരിശോധിക്കണം. കുറവ് കണ്ടാൽ ബന്ധപ്പെട്ട അധികാരികൾ മറുപടി പറയണമെന്ന വ്യവസ്ഥ വേണം. 
വാഴക്കൃഷി നടത്തിയാണ് നെൽവയൽ പരിവ൪ത്തനം ചെയ്യുന്നത്. അതിനാൽ ഇടവിളയുടെ കൂട്ടത്തിൽനിന്ന് വാഴയെ ഒഴിവാക്കണം. ഗ്രൂപ്പ് ഫാമിങ് ശക്തമാക്കുകയും തരിശ്ശിട്ട പാടങ്ങൾ പാട്ടത്തിനെടുത്ത് കൃഷിചെയ്യുകയും വേണം. നെൽകൃഷിക്കായി പ്രത്യേക പാക്കേജ് നടപ്പാക്കണമെന്നും നിലവിലുള്ള നെൽവയലുകൾ സംരക്ഷിക്കണമെന്നും സമിതി ശിപാ൪ശ ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.