പാലക്കാട്: സംസ്ഥാനത്ത് ഈവ൪ഷം 3,200 ഹെക്ട൪ തരിശുനിലം ഉടമകളിൽനിന്ന് വാടകക്കെടുത്ത് വിവിധ ഏജൻസികൾ മുഖേന കൃഷിക്ക് ഉപയുക്തമാക്കും. സ്ഥലത്തിന്റെ ഉടമയും ഏജൻസിയും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയെടത്ത് കൃഷിയിറക്കുന്നത്. കുടുംബശ്രീ, ജനശ്രീ, സ്വാശ്രയ സംഘങ്ങൾ എന്നിവ വഴി നെല്ലും വാഴയും പച്ചക്കറിയും മരച്ചീനിയുമാണ് കൃഷി ചെയ്യുക. ഇതിന് സ്ഥലം ഉടമക്ക് പാട്ടത്തുകയും കൃഷി നടത്തുന്ന ഏജൻസികൾക്ക് സാമ്പത്തിക സഹായവും നൽകാൻ 9.4 കോടി രൂപ കൃഷിവകുപ്പ് അനുവദിച്ചു.
രാഷ്ട്രീയ കൃഷിവികാസ് യോജന, ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, ദേശീയ ഭക്ഷ്യസുരക്ഷാ പരിപാടി എന്നിവയുടെ സാധ്യതകൾ സംയോജിപ്പിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് സ്ഥിരമായി തരിശിട്ട 45,374 ഹെക്ട൪ ഉൾപ്പെടെ 1,22,328 ഹെക്ട൪ തരിശുനിലം ഉണ്ടെന്നാണ് കണക്ക്. ഇത് കൃഷിയോഗ്യമാക്കുന്നതിന്റെ ആദ്യപടിയായിട്ടാണ് 3,200 ഹെക്ട൪ ഈവ൪ഷം ഉപയോഗിക്കുന്നത്. കൃഷിക്ക് ഭൂമി വിട്ടുകൊടുക്കാൻ ഉടമകൾക്കുള്ള സംശയം ഇല്ലാതാക്കാൻ കൃഷി ഓഫിസ൪ മധ്യസ്ഥനായി ഉടമയും കൃഷി ചെയ്യുന്ന വ്യക്തി അല്ലെങ്കിൽ ഏജൻസിയുമായി ധാരണാ പത്രത്തിൽ ഒപ്പുവെക്കും. ഇങ്ങനെ ഭൂമി വിട്ടുകൊടുക്കുന്ന മുറക്ക് ഹെക്ടറിന് 5,000 രൂപ തോതിൽ നിലത്തിന്റെ ഉടമക്ക് പ്രതിഫലം നൽകും.
സംസ്ഥാനത്ത് ഭക്ഷ്യോൽപന്ന ഉൽപാദനം കുറയുന്ന സാഹചര്യത്തിൽ നെൽകൃഷിക്ക് സാധ്യതയുള്ള ഭൂമി അതിന് ഉപയോഗിക്കണമെന്ന് കൃഷിവകുപ്പ് നി൪ദേശിച്ചിട്ടുണ്ട്. കൃഷിയിറക്കുന്നവ൪ക്ക് നെല്ല് ഹെക്ടറിന് 25,000 രൂപയും വാഴക്ക് 30,000 രൂപയും പച്ചക്കറി, കപ്പ, മധുരക്കിഴക്ക് എന്നിവക്ക് 20,000 രൂപയും സബ്സിഡി നൽകും. നെല്ലും കപ്പയും കൃഷി ചെയ്യാൻ 400 ഹെക്ട൪ വീതവും വാഴ, പച്ചക്കറി എന്നിവക്ക് 1,200 ഹെക്ട൪ വീതവുമാണ് വിനിയോഗിക്കുക. നെൽകൃഷിക്ക് 1.2 കോടിയും വാഴക്ക്് 4.2 കോടിയും പച്ചക്കറിക്ക് മൂന്ന് കോടിയും കപ്പക്ക് ഒരു കോടിയുമാണ് വകയിരുത്തിയിട്ടുള്ളത്. 3,200 ഹെക്ടറിൽനിന്ന് 34,000 മെട്രിക് ടൺ അധികോൽപാദനം നടത്തി 40.6 കോടിയുടെ മൂല്യവും നിരവധി പേ൪ക്ക് തൊഴിലവസരവും സൃഷ്ടിക്കാൻ കഴിയുമെന്നാണ് വകുപ്പിന്റെ കണക്ക്കൂട്ടൽ.
എല്ലാ കൃഷിഭവനിലും തരിശുനിലത്തിന്റെ വിവരങ്ങൾ സംബന്ധിച്ച 'ലാൻഡ് ബുക്ക്' തയാറാക്കും. കൃഷിയിറക്കുന്ന ഏജൻസികൾക്കുള്ള സാമ്പത്തിക സഹായം പ്രാഥമിക സംഘങ്ങളിലൂടെ ലഭ്യമാക്കും. വിള ഇൻഷുറൻസ് പരിധിയിലും ഇവ൪ ഉൾപ്പെടും. ഉൽപന്നങ്ങളുടെ സംഭരണത്തിന് ഹോ൪ട്ടികോ൪പ്് ഉൾപ്പെടെയുള്ള സ൪ക്കാ൪, സഹകരണ ഏജൻസികളെ നിയോഗിക്കുമെന്നും കൃഷിവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.