ടി.പി വധം: ആദ്യഘട്ട കരട് കുറ്റപത്രം 31നകം

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധകേസിൽ ആദ്യഘട്ട കരട് കുറ്റപത്രം (ഡ്രാഫ്റ്റ് ചാ൪ജ് ഷീറ്റ്്) ജൂലൈ 31നകം പൂ൪ത്തിയാകും. പബ്ലിക് പ്രോസിക്യൂട്ടറിൽനിന്ന് നിയമോപദേശം തേടി ആവശ്യമെങ്കിൽ മാറ്റം വരുത്തിയശേഷം ആഗസ്റ്റ് 10നുമുമ്പായി കുറ്റപത്രം കോടതിയിൽ സമ൪പ്പിക്കാനാണ് തീരുമാനം. 

ആക്രമണത്തിൽ സ്ഫോടകവസ്തു ഉപയോഗിച്ചതിനാൽ സ൪ക്കാറിന്റെ അനുമതി നേടിയശേഷമായിരിക്കും ഭാഗിക കുറ്റപത്രം കോടതിയിൽ സമ൪പ്പിക്കുക. ജില്ലാ കലക്ടറാണ് ഇതിന് അനുമതി നൽകേണ്ടത്. 
കുറ്റപത്രത്തിന്റെ അവസാനവട്ട മിനുക്കുപണികൾക്ക് മേൽനോട്ടം വഹിക്കാൻ പ്രത്യേക അന്വേഷണ സംഘത്തലവൻ എ.ഡി.ജി.പി വിൻസൻ എം. പോൾ വ്യാഴാഴ്ച കോഴിക്കോട്ടെത്തും. കൊലയാളി സംഘത്തിലെ ഏഴുപേ൪, സി.പി.എം നേതാക്കളായ സി.എച്ച്. അശോകൻ, പി.കെ. കുഞ്ഞനന്തൻ, പി.പി. രാമകൃഷ്ണൻ, പി. മോഹനൻ, കാരായി രാജൻ, കെ.സി. രാമചന്ദ്രൻ, പടയംകണ്ടി രവീന്ദ്രൻ, വടക്കയിൽ മനോജ് എന്ന ട്രൗസ൪ മനോജ്, പി. ജ്യോതി ബാബു, കെ.കെ. കൃഷ്ണൻ, ഗുണ്ടയും ചുമട്ടുതൊഴിലാളിയുമായ അജേഷ് എന്ന കജൂ൪ തുടങ്ങി 40ഓളം പ്രതികളെ ഉൾപ്പെടുത്തിയാണ് ആദ്യഘട്ട കുറ്റപത്രം തയാറാക്കുന്നത്. 
കൊലക്കുശേഷം പ്രതികളെ സഹായിച്ചവ൪, ഗൂഢാലോചനയെക്കുറിച്ച് അറിയാതെ സിം കാ൪ഡ്് സംഘടിപ്പിച്ചുനൽകിയവ൪ തുടങ്ങി ബാക്കി ഏതാനും പ്രതികളെ രണ്ടാംഘട്ട കുറ്റപത്രത്തിൽ ഉൾപ്പെടുത്തും. ഇനി ഏതാനും പ്രതികളെകൂടി അറസ്റ്റ് ചെയ്തശേഷമായിരിക്കും രണ്ടാംഘട്ട കുറ്റപത്രം നൽകുകയെന്ന് പൊലീസ് സൂചിപ്പിച്ചു. ഫോറൻസിക് തെളിവുകൾ ആഗസ്റ്റ് ആദ്യവാരത്തിൽ തന്നെ ലഭ്യമാക്കാൻ പൊലീസ് കിണഞ്ഞു ശ്രമിക്കുന്നുണ്ട്.
വ്യാഴാഴ്ച കോഴിക്കോട്ടെത്തുന്ന എ.ഡി.ജി.പി വിൻസൻ എം. പോൾ അന്വേഷണ സംഘത്തിലെ മുഴുവൻ ഓഫിസ൪മാരുമായും ച൪ച്ച നടത്തും. 
ഇതിനകം ശേഖരിച്ച തെളിവുകൾ മുൻഗണനാക്രമത്തിൽ തയാറാക്കിവെക്കാൻ എ.ഡി.ജി.പി അന്വേഷണ സംഘത്തിന് നി൪ദേശം നൽകിയിട്ടുണ്ട്. കോഴിക്കോട് പൊലീസ് ക്ളബിലോ വടകര ക്യാമ്പ് ഓഫിസിലോ ആയിരിക്കും ച൪ച്ച.
അതേസമയം, ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ആറു പ്രതികളുടെ റിമാൻഡ് കാലാവധി നീട്ടിയിട്ടുണ്ട്. ലംബു പ്രദീപൻ, പടയംകണ്ടി രവീന്ദ്രൻ, വായപ്പടിച്ചി റഫീഖ് എന്നിവരുടെയും 2009ലെ ഗൂഢാലോചന കേസിൽ പ്രതികളായ സി.പി.എം ഒഞ്ചിയം ഏരിയാ കമ്മിറ്റി അംഗം കെ.കെ. കൃഷ്ണൻ, സിജിത്ത്, ജന്മീന്റവിട ബിജു എന്നിവരുടെയും റിമാൻഡ് കാലാവധിയാണ് ആഗസ്റ്റ് എട്ടുവരെ നീട്ടിയത്. 2009ലെ ഗൂഢാലോചനയിൽ പങ്കാളിയായ കി൪മാനി മനോജിനെ പ്രൊഡക്ഷൻ  വാറന്റിലൂടെ വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ്  മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. ആഗസ്റ്റ് എട്ടുവരെ റിമാൻഡ് ചെയ്തു. ഇതേ കേസിൽ പ്രതിചേ൪ത്ത ടി.കെ. രജീഷിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കാൻ പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചെങ്കിലും എസ്കോ൪ട്ട് ഇല്ലാത്തതിനാൽ ഹാജരാക്കിയില്ല. 27ന് ഹാജരാക്കാൻ കോടതി വീണ്ടും പ്രൊഡക്ഷൻ വാറന്റ് പുറപ്പെടുവിച്ചു.
ടി.പി. ചന്ദ്രശേഖരൻ വധത്തിലെ പ്രതികൾക്ക് വ്യാജ തിരിച്ചറിയൽ കാ൪ഡ് ഉപയോഗിച്ച് സിംകാ൪ഡ് സംഘടിപ്പിച്ചുകൊടുത്തതിന് റിമാൻഡിൽ കഴിയുന്ന രണ്ട് പ്രതികൾക്ക് കോടതി ജാമ്യം നൽകി. അഴിയൂ൪ കുഞ്ഞിപ്പള്ളിത്താഴപുറത്തെ തയ്യിൽ ജാബി൪, ചോമ്പാൽ നടുച്ചാലിൽ കെ.കെ. നിസാ൪ എന്നിവ൪ക്കാണ് വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് എം. ശുഹൈബ് ജാമ്യം അനുവദിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.