കോഴിക്കോട്: ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷൻ അടുത്തിടെ പുറത്തിറക്കിയ മാ൪ഗനി൪ദേശങ്ങൾ വളച്ചൊടിച്ച് മലബാറിലെ ചില ബാങ്കുകൾ വിദ്യാഭ്യാസ വായ്പാ ഗഡു നിഷേധിച്ച് വിദ്യാ൪ഥികളെ പീഡിപ്പിക്കുന്നു. സ൪ക്കുല൪ ഇറങ്ങിയതിനുശേഷം അനുവദിക്കുന്ന വിദ്യാഭ്യാസ വായ്പകൾക്ക്, വിദ്യാ൪ഥിയുടെയും രക്ഷിതാവിൻെറയും പാൻകാൻഡ്, വിദ്യാ൪ഥിയുടെ പാസ്പോ൪ട്ട് കോപ്പി എന്നിവ ഹാജരാക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാൽ, രണ്ടും മുന്നും വ൪ഷം മുമ്പ് അനുവദിച്ച വിദ്യാഭ്യാസ വായ്പയിൽ അടുത്ത ഗഡു ആവശ്യപ്പെട്ട് എത്തുന്നവരോട് പാൻകാ൪ഡ്, പാസ്പോ൪ട്ട് എന്നിവ ആവശ്യപ്പെടുന്നതായാണ് പരാതി. തുട൪ ഗഡു ലഭിക്കാതെ പഠനം മുടങ്ങിയ ഏതാനും വിദ്യാ൪ഥികളുടെ രക്ഷിതാക്കൾ തിരുവമ്പാടി എസ്.ബി.ടി അസി. മാനേജ൪ക്കെതിരെ ജില്ലാ കലക്ട൪ക്ക് പരാതി നൽകി. കനറാ, സൗത് മലബാ൪ ഗ്രാമീണ ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത് ഇന്ത്യൻ ബാങ്ക് തുടങ്ങി മറ്റ് ബാങ്കുകൾ നി൪ബാധം വായ്പാഗഡുക്കൾ നൽകുമ്പോഴാണ് എസ്.ബി.ടിയുടെ ചില ശാഖകളിൽ വിദ്യാ൪ഥികളെ പീഡിപ്പിക്കുന്നത്.
നഴ്സിങ്, എൻജിനീയറിങ്, ബി.ഡി.എസ്, എം.ബി.ബി.എസ് തുടങ്ങി പ്രഫഷനൽ കോഴ്സുകൾക്ക് നേരത്തേ വായ്പ അനുവദിക്കപ്പെട്ട രക്ഷിതാക്കൾ അടുത്ത ഗഡുവിനായി സമീപിച്ചപ്പോഴാണ് എസ്.ബി.ടി അധികൃത൪ പുതിയ നിബന്ധനകൾ വെച്ചത്. എൻട്രൻസ് പരീക്ഷയെഴുതി പ്രവേശം നേടിയവരാണ് ഇവ൪. വിദ്യാ൪ഥിയുടെയും രക്ഷിതാവിൻെറയും പാൻകാ൪ഡ് ഉടനെയും, വിദ്യാ൪ഥിയുടെ പാസ്പോ൪ട്ടിൻെറ സാക്ഷ്യപ്പെടുത്തിയ കോപ്പി അടുത്ത ഗഡുവിന് മുമ്പും ഹാജരാക്കണമെന്ന് ബാങ്കുകാ൪ ആവശ്യപ്പെട്ടതായി രക്ഷിതാക്കൾ ജില്ലാ കലക്ട൪ക്ക് നൽകിയ പരാതിയിൽ പറയുന്നു. അടുത്ത ഗഡു നൽകാത്തതിനാൽ പല വിദ്യാ൪ഥികളുടെയും ക്ളാസ് മുടങ്ങിയിരിക്കയാണ്. പാൻകാ൪ഡ് ഇല്ലാത്തവരാണ് മലയോര മേഖലയിലെ അപേക്ഷകരിൽ സിംഹഭാഗവും.
അതേസമയം, അടുത്തിടെ സ൪ക്കുല൪ പുറത്തിറങ്ങിയതിനുശേഷം വരുന്ന അപേക്ഷകൾക്ക് മാത്രമേ പാൻകാ൪ഡും പാസ്പോ൪ട്ടും നി൪ബന്ധമാക്കിയിട്ടുള്ളൂവെന്ന് തിരുവനന്തപുരത്തെ സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റി വക്താവ് പി. അരുൺ കുമാ൪ മാധ്യമത്തോട് പറഞ്ഞു. വിദ്യാഭ്യാസ വായ്പകൾക്ക് പുതിയ നിബന്ധനകൾ ഏ൪പ്പെടുത്തിയത് ഇന്ത്യൻ ബാങ്കേഴ്സ് അസോസിയേഷനാണ്. ഈ നി൪ദേശങ്ങൾ ഏകോപിപ്പിക്കുന്ന ചുമതലയാണ് സംസ്ഥാനതല ബാങ്കേഴ്സ് കമ്മിറ്റിക്കുള്ളത്. പുതിയ അപേക്ഷകൾക്ക് പാൻകാ൪ഡ് നി൪ബന്ധമാണെങ്കിലും വായ്പ തടയരുതെന്ന് എസ്.ബി.ടിയടക്കം എല്ലാ ബാങ്കുകൾക്കും നി൪ദേശം നൽകിയിട്ടുണ്ട്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ പുതിയ വായ്പകളിൽ, അടുത്ത ഗഡുവിന് മുമ്പ് പാൻകാ൪ഡ് ഹാജരാക്കിയാൽ മതിയാവും. എന്നാൽ, സ൪ക്കുല൪ പുറത്തിറങ്ങിയതിനുമുമ്പുള്ള വായ്പകൾക്ക് പാൻകാ൪ഡോ പാസ്പോ൪ട്ടോ ആവശ്യമില്ല. ഏതെങ്കിലും ബാങ്കുകാ൪ ക്രമവിരുദ്ധമായി ഇവ ആവശ്യപ്പെടുന്നുവെങ്കിൽ പരാതി നൽകാവുന്നതാണെന്നും സംസ്ഥാനതല ബാങ്കേഴ്സ് സമിതി വക്താവ് വ്യക്തമാക്കി.
എന്നാൽ, പഴയ വായ്പകൾക്കും പാൻകാ൪ഡും പാസ്പോ൪ട്ടും വാങ്ങണമെന്ന് എസ്.ബി.ടിയുടെ ഹെഡ് ഓഫിസിൽനിന്ന് നി൪ദേശമുണ്ടെന്ന് തിരുവമ്പാടി എസ്.ബി.ടിയിലെ വായ്പാ വിഭാഗം അസി. മാനേജ൪ ജോ൪ജ് പറയുന്നു. തിരുവനന്തപുരത്തെ സംസ്ഥാന തല ബാങ്കേഴ്സ് സമിതി ഇതു സംബന്ധിച്ച് വ്യക്തമായ മാ൪ഗനി൪ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാണിച്ചപ്പോൾ, ഹെഡ് ഓഫിസിൻെറ നി൪ദേശപ്രകാരമാണ് താൻ രേഖകൾ നി൪ബന്ധമാക്കിയതെന്നായിരുന്നു മറുപടി. കോളജിൽനിന്ന് നൽകേണ്ട ‘ചാ൪ട്ട് ഓഫ് എക്സ്പെൻസ്’ നൽകാത്തതിനാലാണ് ഗഡു വിതരണം തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
ഇല്ലാത്ത നിയമത്തിൻെറ പേരിൽ വായ്പ നിഷേധിച്ച് ഏതെങ്കിലും വിദ്യാ൪ഥിയുടെ പഠനം മുടങ്ങിയാൽ ബന്ധപ്പെട്ട ബാങ്ക് അധികൃത൪ക്കെതിരെ ക൪ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കലക്ട൪ കെ.വി. മോഹൻകുമാ൪ മാധ്യമത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.