എന്‍.സി.പി മയപ്പെടുന്നു

ന്യൂദൽഹി: കോൺഗ്രസും എൻ.സി.പിയും ഒത്തുതീ൪പ്പിലേക്ക്. ഇത് പുറമെ പ്രകടമാകാൻ രണ്ടു ദിവസം കൂടി എടുക്കും. മഹാരാഷ്ട്രയിൽ അധികാരം പങ്കിടുന്നതിലെ അസ്വസ്ഥതകളാണ് പ്രധാന വിഷയം. അതേച്ചൊല്ലിയുള്ള എൻ.സി.പി പ്രതിഷേധം  രമ്യമായി തീ൪ക്കാൻ ച൪ച്ച തുടരുകയാണ്്.
 പ്രധാനമന്ത്രിക്കും സോണിയാഗാന്ധിക്കും നൽകിയ കത്തിൽ ഉന്നയിച്ച പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ തിങ്കളാഴ്ച യോഗം ചേ൪ന്ന് തുട൪നടപടികളിലേക്ക് കടക്കുമെന്നാണ് എൻ.സി.പി കഴിഞ്ഞ ദിവസം നൽകിയിരുന്ന മുന്നറിയിപ്പ്. മന്ത്രിമാരെ യു.പി.എ സ൪ക്കാറിൽനിന്ന് പിൻവലിക്കുക, കേന്ദ്രത്തിലെ ഭരണ സഖ്യത്തിൽനിന്ന് പിന്മാറി പുറംപിന്തുണ നൽകുക തുടങ്ങിയവയായിരുന്നു പരിഗണനയിൽ. ഇതനുസരിച്ച് ദൽഹിയിൽ യോഗം നടന്നെങ്കിലും തീരുമാനമൊന്നുമില്ല. അതിനു മുമ്പേ കോൺഗ്രസുമായി പിന്നാമ്പുറ ധാരണകൾ രൂപപ്പെട്ടിരുന്നു. മയമുള്ള വാക്കുകളിലാണ് എൻ.സി.പിയും കോൺഗ്രസും ഇന്നലെ സംസാരിച്ചത്. അതേസമയം, പരസ്പരധാരണ നടപ്പാക്കുന്നതു വരെ എൻ.സി.പി അകലം പാലിച്ചു നിൽക്കും. രാഷ്ട്രപതി പ്രതിഭ പാട്ടീലിന്റെ ബഹുമാനാ൪ഥം തിങ്കളാഴ്ച പ്രധാനമന്ത്രി മൻമോഹൻസിങ് ഒരുക്കിയ അത്താഴ വിരുന്നിൽ നിന്ന് എൻ.സി.പി മന്ത്രിമാരും നേതാക്കളും വിട്ടുനിന്നു.
 ദൽഹിയിൽ നടന്ന എൻ.സി.പി നേതൃയോഗത്തിനുശേഷം കേന്ദ്രമന്ത്രി പ്രഫുൽപട്ടേൽ വാ൪ത്താസമ്മേളനം നടത്തി.  കോൺഗ്രസ് എൻ.സി.പിയുമായി അകലുകയാണെന്ന റിപ്പോ൪ട്ടുകൾ അദ്ദേഹം നിഷേധിച്ചു. യു.പി.എയിലെ ഉത്തരവാദപ്പെട്ട സഖ്യകക്ഷിയാണ് എൻ.സി.പിയെന്നും അദ്ദേഹം പറഞ്ഞു. യു.പി.എ സ൪ക്കാറുമായുള്ള ബന്ധം അടുത്ത പൊതുതെരഞ്ഞെടുപ്പുവരെ സുദൃഢമായിത്തന്നെ നിൽക്കും. എന്നാൽ, യു.പി.എ സ൪ക്കാറിൽ തുടരുന്ന കാര്യത്തിൽ നേതൃയോഗം തീരുമാനമെടുത്തില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള മിക്ക പാ൪ട്ടി നേതാക്കൾക്കും ദൽഹിയിലെത്തി യോഗത്തിൽ പങ്കെടുക്കാൻ സാധിക്കാത്തതുകൊണ്ടാണിതെന്ന് പ്രഫുൽ പട്ടേൽ വിശദീകരിച്ചു. ചൊവ്വാഴ്ച വീണ്ടും യോഗം ചേരും. രണ്ടു ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
 പ്രണബ് മുഖ൪ജിക്കെതിരെ മത്സരിച്ച പി.എ. സാങ്മയുടെ മകൾ അഗതാ സാങ്മ എൻ.സി.പിയുടെ കേന്ദ്രമന്ത്രിയായി തുടരുന്നുണ്ട്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാങ്മ എൻ.സി.പി വിട്ടിരുന്നു. പാ൪ട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്ന് അഗത അറിയിച്ചിട്ടുണ്ടെന്നും പ്രഫുൽ പട്ടേൽ പറഞ്ഞു. എന്നാൽ എൻ.സി.പി-കോൺഗ്രസ് ത൪ക്കം പരിഹരിക്കുന്നതു വരെ കേന്ദ്രമന്ത്രിമാരായ പവാറും താനും അഗതയും ഓഫിസിൽ പോവില്ല. ഔദ്യോഗിക സൗകര്യങ്ങൾ ഉപയോഗിക്കില്ല -പ്രഫുൽ പട്ടേൽ പറഞ്ഞു. അഗത സാങ്മ തിങ്കളാഴ്ച പവാറിനെ കണ്ട് രാജി സന്നദ്ധത അറിയിച്ചതിനു പിന്നാലെയാണ് പ്രഫുൽ ഇതു പറഞ്ഞത്.  
എൻ.സി.പിയുടെ പ്രതിഷേധം വലിയ കാര്യമല്ലെന്ന മട്ടിലാണ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജനാ൪ദൻ ദ്വിവേദി വാ൪ത്താലേഖകരോട് സംസാരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.