കുറ്റപത്രം ഉടന്‍ തയാറാക്കും; ഷുക്കൂര്‍ വധം: ടി.വി. രാജേഷിന്‍െറ മൊഴിയെടുക്കല്‍ 29ന്

കണ്ണൂ൪: എം.എസ്.എഫ് നേതാവ് അരിയിലെ അബ്ദുൽ ഷുക്കൂ൪ വധക്കേസിൽ കല്യാശ്ശേരി എം.എൽ.എയും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായ ടി.വി. രാജേഷിനെ ചോദ്യംചെയ്യുന്നത് ജൂലൈ 29ലേക്ക് മാറ്റി. 27ന് നിശ്ചയിച്ചിരുന്ന ചോദ്യംചെയ്യൽ അന്വേഷണ സംഘത്തിൻെറ സൗകര്യാ൪ഥമാണ് മാറ്റിയത്. 25ന് നിയമസഭ പിരിഞ്ഞ ശേഷം ചോദ്യംചെയ്യലിനുള്ള നോട്ടീസ് രാജേഷിന് കൈമാറും. 29ന് രാവിലെ 11 മണിക്ക് പയ്യാമ്പലത്തെ ഗവ. ഗെസ്റ്റ്ഹൗസിൽ ഹാജരാവാനാണ് നോട്ടീസ് നൽകുക.
കേസന്വേഷണവുമായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം തിങ്കളാഴ്ച ജില്ലാ  പൊലീസ് ചീഫ് രാഹുൽ ആ൪. നായരുടെ ഓഫിസിൽ ചേ൪ന്നു. കേസിൽ എത്രയും പെട്ടെന്ന് കുറ്റപത്രം തയാറാക്കാൻ തീരുമാനമെടുത്തു. ഇതിനുമുന്നോടിയായി ബാക്കിയുള്ള പ്രതികളുടെ അറസ്റ്റ് ഉണ്ടാവും. നേതാക്കൾക്കെതിരെ നടപടി ആവശ്യമായിവന്നാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടായാൽ നേരിടുന്ന കാര്യവും ഉദ്യോഗസ്ഥരുമായി കൂടിയാലോചന നടത്തി. ടി.വി. രാജേഷിൻെറ ചോദ്യം ചെയ്യലും യോഗത്തിൽ വിഷയമായി. 27 പ്രതികളാണ് കേസിൽ ഇതുവരെ അറസ്റ്റിലായത്. നാലു പ്രതികൾ കൂടി അറസ്റ്റിലാവാനുണ്ട്. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്ത്, പ്രകാശൻ, അജയൻ, നവീൻ എന്നിവരാണ് അറസ്റ്റിലാവാനുള്ളത്. ഇവരിൽ അജയനും നവീനും ഗൾഫിലേക്ക് കടന്നതായി സൂചനയുണ്ട്. ജൂൺ 17നും ജൂലൈ ഒന്നിനും രാജേഷിനെ ചോദ്യംചെയ്യാനാണ് തീരുമാനിച്ചിരുന്നതെങ്കിലും നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ രണ്ടു തവണയും മാറ്റിവെക്കുകയായിരുന്നു. കേസിൽ സി.പി.എം ജില്ലാ സെക്രട്ടറി പി. ജയരാജനെ അന്വേഷണസംഘം രണ്ടു തവണ ചോദ്യംചെയ്തു. ജൂൺ 12നും ജൂലൈ ഒമ്പതിനുമാണ് ജയരാജനെ ചോദ്യം ചെയ്തത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലാണ് ജയരാജനെയും രാജേഷിനെയും ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.