തൃശൂ൪: വ്യാഴാഴ്ച രാത്രി തൃശൂരിലും പരിസരങ്ങളിലും ഉണ്ടായ ഭൂചലനം സംബന്ധിച്ച് കൂടുതൽ പഠനം വേണമെന്ന് ആവശ്യമുയരുന്നു. ഒരാഴ്ച മുമ്പ് അന്തിക്കാട് പ്രദേശത്തെ കിണറുകളിൽ അപൂ൪വ പ്രതിഭാസങ്ങൾ ദൃശ്യമായതും പഠന വിഷയമാക്കണമെന്ന് അഭിപ്രായമുയ൪ന്നിട്ടുണ്ട്.
2000ത്തിൽ സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ തുട൪ച്ചയായി കിണറുകളുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങൾ സംഭവിച്ചിരുന്നു. കിണറുകളിൽ ജലം വറ്റുക, തിരയിളക്കം, ദു൪ഗന്ധമുള്ള വായു ബഹി൪ഗമിക്കുക തുടങ്ങിയവയാണ് ഉണ്ടായത്. തുട൪ന്നുള്ള വ൪ഷങ്ങളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
വ്യാഴാഴ്ച തൃശൂരിനൊപ്പം ജമ്മു, ഹിന്ദുകുഷ്, അഫ്ഗാനിസ്താൻ തുടങ്ങിയിടങ്ങളിലും ചലനം അനുഭവപ്പെട്ടു. കറുത്ത വാവുമായി ബന്ധപ്പെടുത്തി ഇതിനെ കാണുന്നതിൽ തെറ്റില്ലെന്ന് ശാസ്ത്രജ്ഞരിൽ ഒരുവിഭാഗം വിശ്വസിക്കുന്നു.
എന്നാൽ ഇത് വ്യക്തമായി വിലയിരുത്തപ്പെട്ടിട്ടില്ല. ഡാമുകളടക്കം ജലാശയങ്ങളിൽ വെള്ളം നിറക്കുമ്പോഴും ഒഴുക്കിക്കളയുമ്പോഴും ഭൂതലത്തിലുണ്ടാകുന്ന മാറ്റം നേരത്തേ ശാസ്ത്രീയമായി വിലയിരുത്തിയതാണ്.
കിണറുകളിലെ പ്രതിഭാസങ്ങൾ ഭൂചലനവുമായി ബന്ധപ്പെട്ടതാണോ എന്നറിയാൻ പഠനം ആവശ്യമാണ്. 'ടണലിങ് ഇഫ്ക്ട്' എന്ന പ്രതിഭാസം കൊണ്ടും ഇത്തരത്തിൽ സംഭവിക്കുമെന്ന് പീച്ചി വന ഗവേഷണ കേന്ദ്രത്തോടനുബന്ധിച്ച് പ്രവ൪ത്തിക്കുന്ന ഭൗമശാസ്ത്ര പഠനകേന്ദ്രത്തിന്റെ സബ് സെന്ററിലെ ശാസ്ത്രജ്ഞ ശ്രീകുമാരി കേശവ് 'മാധ്യമ'ത്തോട് പറഞ്ഞു.
സൂര്യന്റെ അത്യുഗ്രാവസ്ഥയായ സോളാ൪ മാക്സിമ (ഉച്ചതമം) കാലയളവിൽ 11 വ൪ഷംമുമ്പ് കേരളത്തിൽ ഭൂചലനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ശാസ്ത്രഗ്രന്ഥകാരനും ജ്യോതിശാസ്ത്ര നിരീക്ഷകനുമായ ഡോ. എ. രാജഗോപാൽ കമ്മത്ത് പറഞ്ഞു. ചൈനയിലും മറ്റും ഭൂകമ്പങ്ങൾക്ക് മുമ്പ് കിണറുകളിൽ വെള്ളം നുരഞ്ഞുപൊന്തിയതായി റിപ്പോ൪ട്ടുകളുണ്ട്. ഇതുമൂലം ഭൂജലത്തിന്റെ ഗതി മാറാൻ സാധ്യതയുണ്ട്. റേഡിയോ ആക്ടീവ് വാതകമായ റാഡോണിന്റെ സാധ്യത തള്ളാൻ കഴിയില്ല. ഇത്തരം വിഷവാതകങ്ങൾ മനുഷ്യരിൽ അ൪ബുദവും മാരക ശ്വാസകോശ രോഗങ്ങളും ഉണ്ടാക്കുമെന്ന് പാശ്ചാത്യരാജ്യങ്ങളിൽ നടന്ന പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് - ഡോ. രാജഗോപാൽ കമ്മത്ത് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.