കോഴിക്കോട്: ചൈൽഡ് വെൽഫെയ൪ കമ്മിറ്റികളുടെയും (സി.ഡബ്ള്യു.സി) ജുവൈനൽ ജസ്റ്റിസ് ബോ൪ഡിലേക്കും (ജെ.ജെ.ബി) പുതിയ അംഗങ്ങളെ നിയമിക്കുന്നത് നീളുന്നു. സംസ്ഥാനത്തെ എട്ട് സി.ഡബ്ള്യു.സി കളുടെയും 14 ജില്ലകളിലെ ജെ.ജെ.ബികളുടെയും കാലാവധിയാണ് അവസാനിച്ചത്.
കാസ൪കോട്, കണ്ണൂ൪, വയനാട്, കോഴിക്കോട്, പാലക്കാട്, തൃശൂ൪, മലപ്പുറം, ഇടുക്കി എന്നീ സി.ഡബ്ള്യു.സികളാണ് കാലാവധി പൂ൪ത്തിയാക്കിയത്. നിലവിലെ സമിതികളുടെ കാലാവധി അവസാനിക്കുമ്പോഴേക്കും പുതിയ അംഗങ്ങളെ നിയമിക്കണമെന്നാണ് നിയമം.പുതിയ സമിതി വരുന്നത് വരെ പഴയ അംഗങ്ങൾ തന്നെയാണിപ്പോൾ തുടരുന്നത്. ജെ.ജെ.ബിയുടെ കാലാവധി അവസാനിച്ചിട്ട് ഒരു മാസമായി. മൂന്നു വ൪ഷമാണ് ഇരുസമിതികളുടെയും കാലാവധി.
ഇതിലേക്ക് പുതിയ അംഗങ്ങളെ നിയമിക്കുന്നതിനായി ഇൻറ൪വ്യൂ തീരുമാനിച്ചിരുന്നു. ജൂൺ ഏഴിന് കണ്ണൂരിലും എട്ടിനും ഒമ്പതിനും കോഴിക്കോട്ടും 17,18,19 തീയതികളിൽ എറണാകുളത്തും 21,22,23 തീയതികളിൽ തിരുവന്തപുരത്തുമായിരുന്നു അഭിമുഖം നിശ്ചയിച്ചത്. എന്നാൽ ജൂൺ ആറിന് ഇൻറ൪വ്യൂ മാറ്റി വെച്ചതായി സെലക്ഷൻ കമ്മിറ്റി അംഗങ്ങൾക്ക് അറിയിപ്പ് ലഭിക്കുകയായിരുന്നു.
മുൻ ഹൈകോടതി ജഡ്ജി ജോൺ മാത്യു അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയിൽ സാമൂഹിക ക്ഷേമ വകുപ്പ് ഡയറക്ട൪ ജയ, കേരള ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ജനറൽ സെക്രട്ടറി പി.കൃഷ്ണൻ, മുൻ വനിതാകമീഷൻ അംഗം പി.കെ.സൈനബ, തിരുവനന്തപുരം ലോ കോളജ് അധ്യാപകൻ സുഹൃദ് കുമാ൪, നീനാകുരുവിള, ഫാ. സിവിക് എന്നിവരാണുള്ളത്. ഇതിൽ മൂന്നു പേ൪ വ്യക്തമായ രാഷ്ട്രീയമുളളവരാണ്. ഇതും അംഗങ്ങളെ നിയമിക്കുന്നത് നീളാൻ ഇടയാക്കുന്നു. പി. കെ.സൈനബ വനിതാകമീഷൻ അംഗം എന്നനിലയിലാണ് സമിതിയിൽ ഉൾപ്പെട്ടത്. യു.ഡി.എഫ് സ൪ക്കാ൪ വന്നപ്പോൾ പുതിയ വനിതാകമീഷനിൽ ഇവ൪ ഉൾപ്പെട്ടില്ല. കമീഷനംഗം അല്ലാത്തതിനാൽ ഇവ൪ക്ക് സമിതിയുടെ യോഗത്തിൽ പങ്കെടുക്കാനും സാധ്യമല്ല. അഞ്ച് വ൪ഷമാണ് സമിതിയുടെ കാലാവധി. 2009ൽ നിയമിച്ച സമിതിയെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് പിരിച്ച് വിടുന്നത് പ്രയാസകരവുമാണ്.
സി.ഡബ്ള്യു.സിയിൽ അഞ്ച് പേരും ജെ.ജെ.ബിയിൽ മൂന്ന് പേരുമാണ് ഉണ്ടാകുക. രണ്ട് സമിതിയിലും ഒരംഗം സ്ത്രീയായിരിക്കണം. ജെ.ജെ.ബിയുടെ അധ്യക്ഷനായി വരുന്നത് അതതിടത്തെ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റുമാരായിരിക്കും. ബിരുദാനന്തര ബിരുദവും ഏഴു വ൪ഷം കുട്ടികൾക്കിടയിൽ പ്രവ൪ത്തിച്ചതിൻെറ പരിചയവുമാണ് സമിതിയിൽ അംഗമാകാൻ ആവശ്യമുള്ളത്്. ഇതിന് പുറമെ 35 വയസ്സ് ആകുകയും വേണം. 18 വയസ്സ് വരെയുളള പ്രത്യേകസംരക്ഷണം ആവശ്യമുള്ള കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് സി.ഡബ്ള്യു.സിയുടെ പരിധിയിൽ വരുന്നത്. ഇതിൽ അഞ്ചംഗങ്ങൾ വേണ്ടിടത്ത് കോഴിക്കോട് ഇപ്പോഴുള്ളത് രണ്ടംഗങ്ങളും പാലക്കാട് നാലു പേരുമാണ്. പൊലീസ് രജിസ്റ്റ൪ ചെയ്യുന്ന 18 വയസ്സിന് താഴെയുള്ള കുട്ടികളുടെ കേസുകൾ കൈകാര്യം ചെയ്യുന്നത് ജെ.ജെ.ബിയാണ്. ഈ കേസുകൾ കൈകാര്യം ചെയ്യാൻ ജെ.ജെ.ബി കൾക്ക് മാത്രമേ അധികാരമുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.