ഭക്ഷ്യവിഷബാധ: ഹോട്ടലുടമക്കെതിരെ കേസ്

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഭക്ഷണം വിതരണം ചെയ്ത ഹോട്ടലിന്റെ ഉടമക്കെതിരെ കേസെടുത്തു. നഗരത്തിൽ ഹോട്ടലുകളിലെ പരിശോധന ക൪ശനമാക്കി.
വഴുതക്കാട്  സാൽവ കഫേ ഹോട്ടൽ ഉടമ അബ്ദുൽ ഖാദറിനെതിരെയാണ്  ഭക്ഷ്യസുരക്ഷാ നിയമപ്രകാരം കേസെടുത്തത്.  ജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപവരെ പിഴയും ശിക്ഷ ലഭിക്കാവുന്നതാണ് കേസ്. 2011 ലെ ഭക്ഷ്യസുരക്ഷാ നിയമത്തിലെ 65ാം വകുപ്പനുസരിച്ചാണ് ഇപ്പോൾ കേസ്. ഇതിനിടെ ചൊവ്വാഴ്ച മാ൪ച്ച് നടത്തിയ യുവമോ൪ച്ച പ്രവ൪ത്തക൪ സാൽവ കഫേ ഹോട്ടലിന്റെ ഒരു ഭാഗം അടിച്ചുതക൪ത്തു.
 ഈ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് വിഷബാധയേറ്റ് നിരവധി പേ൪ കഴിഞ്ഞ ദിവസങ്ങളിൽ ആശുപത്രിയിലായെന്നും ഇവരിൽ പലരെയും ഹോട്ടലുടമ ചികിത്സാ ചെലവ് നൽകി അനുനയിപ്പിച്ചെന്നും അന്വേഷണത്തിൽ തെളിഞ്ഞതായി ഭക്ഷ്യസുരക്ഷാ കമീഷണ൪ ബിജു പ്രഭാക൪ അറിയിച്ചു.
ചൊവ്വാഴ്ച കോ൪പറേഷനും ആരോഗ്യവകുപ്പും നടത്തിയ പരിശോധനയിൽ തലസ്ഥാനത്തെ നിരവധി ഹോട്ടലുകളിൽ വൃത്തിഹീനമായ പരിസരവും പഴകിയ ആഹാര സാധനങ്ങളും കണ്ടെത്തി. മെഡിക്കൽകോളജിനും ജനറൽ ആശുപത്രിക്കും സമീപം പ്രവ൪ത്തിക്കുന്ന 13 ഓളം ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്.  ഇതിൽ മൂന്ന് ഹോട്ടലുകളാണ് അടച്ച്പൂട്ടിയത്. ഒരു ഹോട്ടലിന് നോട്ടീസും നൽകി. ജനറൽ ആശുപത്രിക്ക് സമീപമുള്ള ലക്ഷ്മി, മിന, ദേവി എന്നീ ഹോട്ടലുകളാണ് പൂട്ടിയത്. കണ്ണാശുപത്രിക്ക് സമീപത്തെ സിന്ധു ഹോട്ടലിനാണ് നോട്ടീസ് നൽകിയത്. മിന ഹോട്ടലിന് ലൈസൻസ് ഇല്ലെന്നും അധികൃത൪ പറഞ്ഞു. സാൽവ കഫേക്കും ലൈസൻസില്ലായിരുന്നു. ആറുമാസത്തിനകം ഹോട്ടലുകൾ നവീകരിക്കാൻ നി൪ദേശം നൽകി.
ജൂലൈ 10ന് വഴുതക്കാട് സാൽവ കഫേയിൽനിന്ന് വാങ്ങിയ ഷവ൪മയിൽനിന്ന് വിഷബാധയേറ്റ് ഹരിപ്പാട് സ്വദേശി സച്ചിൻ മാത്യു റോയി (21) ആണ് മരിച്ചത്. അന്ന്  ഇതേ ഹോട്ടലിൽനിന്ന് ആഹാരം കഴിച്ച നടനും ഡബ്ബിങ് ആ൪ട്ടിസ്റ്റുമായ ഷോബി തിലകനും കുടുംബവും ചികിത്സ തേടിയിരുന്നു. ഷോബി തിലകനാണ് ഭക്ഷ്യസുരക്ഷാ കമീഷണ൪ക്ക് ആദ്യം പരാതി നൽകിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷോബിയും കുടുംബവും ആശുപത്രിയിലായത്. ഇദ്ദേഹത്തിന്റെ പരാതി നിലനിൽക്കേയാണ് ഇതേ ഹോട്ടലിൽനിന്ന് ഭക്ഷണം കഴിഞ്ഞ് ഒരാൾ മരിച്ചത്. തിരുവനന്തപുരം വിമൻസ് കോളജിന് സമീപത്ത് പ്രവ൪ത്തിക്കുന്ന ഈ ഹോട്ടലിൽ നിന്ന് ദിവസവും നൂറുകണക്കിനാളുകളാണ് ഭക്ഷണം കഴിക്കുന്നത്. കഴിഞ്ഞ നവംബ൪ 19ന് തലസ്ഥാനത്തെ ഹോട്ടലുകളിൽ ആരോഗ്യവകുപ്പും കോ൪പറേഷൻ അധികൃതരും നടത്തിയ പരിശോധനയിൽ സാൽവ കഫേയുൾപ്പെടെ നിരവധി ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ പദാ൪ഥങ്ങൾ കണ്ടെടുത്തിരുന്നെങ്കിലും ആ൪ക്കെതിരെയും നടപടി ഉണ്ടായില്ലെന്ന് ആക്ഷേപമുണ്ട്.


സംസ്ഥാന വ്യാപക പരിശോധന നടത്തും -ഭക്ഷ്യ സുരക്ഷാ കമീഷണ൪

തിരുവനന്തപുരം: ഭക്ഷ്യവിഷബാധയേറ്റ് ഒരാൾ മരിച്ച സാഹചര്യത്തിൽ സംസ്ഥാന വ്യാപകപരിശോധന നടത്തുമെന്ന് ഭക്ഷ്യസുരക്ഷാ കമീഷണ൪ ബിജു പ്രഭാക൪ അറിയിച്ചു. ജില്ലാ ഫുഡ് ഇൻസ്പെക്ട൪മാരുടെ നേതൃത്വത്തിൽ പ്രത്യേകസംഘം രൂപവത്കരിച്ച് പരിശോധിക്കും. ലൈസൻസും രജിസ്ട്രേഷനുമില്ലാത്ത ഹോട്ടലുകൾക്കെതിരെ ക൪ശന നടപടിയെടുക്കും. ഹോട്ടലുകളിൽനിന്ന് ആഹാരം കഴിക്കുമ്പോൾ ലഭിക്കുന്ന ബില്ല് സൂക്ഷിച്ചുവെക്കണം. ഏതെങ്കിലും ഹോട്ടലുകൾക്കെതിരെ പരാതിയുണ്ടെങ്കിൽ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിക്കാമെന്നും അദ്ദേഹം വാ൪ത്താക്കുറിപ്പിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.