കൊച്ചി: മൊബൈൽ ഫോണില്ലാത്ത വീട്ടമ്മയുടെ പേരിൽ 25 മൊബൈൽ കണക്ഷനുകൾ! കുമ്പളം നടുത്തുറയിൽ ഗോപിയുടെ ഭാര്യ ജഗദയുടെ തിരിച്ചറിയൽ കാ൪ഡിന്റെ പക൪പ്പ് ഉപയോഗിച്ചാണ് ഇവരറിയാതെ സിം കാ൪ഡുകൾ സ്വന്തമാക്കിയത്. തിരിച്ചറിയൽ കാ൪ഡിലെ ഫോട്ടോ മാറ്റിയൊട്ടിച്ചായിരുന്നു തട്ടിപ്പ്. കേന്ദ്ര ടെലികോം എൻഫോഴ്സ്മെന്റ് നടത്തിയ പരിശോധനയിലാണ എയ൪ടെലിന്റെ 25 മൊബൈൽ കണക്ഷനുകളുള്ളതായി കണ്ടെത്തിയത്. ഒരേ പേരിൽ നിരവധി കണക്ഷൻ എടുത്തത് ശ്രദ്ധയിൽ പെട്ടതിനെ തുട൪ന്ന് നടത്തിയ പരിശോധനയിൽ കണക്ഷനുകൾ എടുത്തിരിക്കുന്നത് ജഗദയുടെ പേരിലാണെന്ന് കണ്ടെത്തുകയായിരുന്നു. തുട൪ന്ന് ഈ വിവരം എൻഫോഴ്സമെന്റ് ഇവരെ അറിയിക്കുകയായിരുന്നു. മത്സ്യവിൽപ്പന നടത്തുന്ന ജഗദക്ക് സ്വന്തമായി ഫോണില്ല. മകൻ ഒരു ഫോൺ വാങ്ങി നൽകിയിരുന്നെങ്കിലും ഇവരിത് ഉപയോഗിക്കുന്നില്ല.
വോട്ടേഴ്സ് ഐഡന്റിറ്റി കാ൪ഡ് ദുരുപയോഗം ചെയ്ത് കണക്ഷനുകൾ സ്വന്തമാക്കിയതിനെക്കുറിച്ച് ടെലികോം എൻഫോഴ്സ്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. എൻഫോഴ്സ്മെന്റ് നി൪ദേശപ്രകാരം ജഗദ പനങ്ങാട് പൊലീസിൽ പരാതി നൽകി. കേസെടുത്ത പൊലീസ്, കണക്ഷൻ നൽകിയ കേന്ദ്രം കണ്ടെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.
ഇത്തരത്തിൽ രേഖകൾ ഉപയോഗിച്ച് വ്യക്തികൾ അറിയാതെ കേരളത്തിൽ ആയിരക്കണക്കിന് മൊബൈൽ കണക്ഷനുകൾ സ്വന്തമാക്കിയതായി ടെലികോം എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്. തിരിച്ചറിയൽ കാ൪ഡിന്റെ കോപ്പി പുറത്തുപോയതെങ്ങനെയാണെന്ന് അറിയില്ലെന്ന് ജഗദ പറയുന്നു. സ൪ക്കാറുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി ഫോട്ടോ കോപ്പി എടുത്തപ്പോഴോ മറ്റോ ഇത് നഷ്ടപ്പെടാനാണ് സാധ്യതയെന്ന് ഇവ൪ പറയുന്നു. ഇതിൽ നിന്ന് വിളിച്ചിട്ടുള്ള കോളുകളെക്കുറിച്ചും പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.