ആറന്മുള: സി.പി.ഐ വിരല്‍ചൂണ്ടുന്നത് സി.പി.എമ്മിനുനേരെ

തിരുവനന്തപുരം:  ഇടതു സ൪ക്കാറിന്റെ കാലത്ത് ആറന്മുള വിമാനത്താവളത്തിനായി ഭൂമി വിജ്ഞാപനം ചെയ്തത്    കൃഷിവകുപ്പ് അറിയിയാതെയാണെന്ന വെളിപ്പെടുത്തലിലൂടെ   സി.പി.ഐ പ്രതിക്കൂട്ടിലാക്കുന്നത് സി.പി.എമ്മിനെ. ഭൂമി ഏറ്റെടുക്കാനുള്ള അസാധാരണ ഗസറ്റ് വിജ്ഞാപനം മന്ത്രിസഭായോഗം അറിയാതെയായിരുന്നുവെന്ന് അന്നത്തെ കൃഷിമന്ത്രി മുല്ലക്കര രത്നാകരനാണ് വെളിപ്പെടുത്തിയത്. വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിനെതിരായ നിലപാടാണ് സി.പി.ഐക്ക് ആദ്യം മുതലേ ഉണ്ടായിരുന്നത്. വ്യവസായ വകുപ്പാണ് ചരടുവലിച്ചതെന്നാണ് സി.പി.ഐ നേതാക്കളുടെ ആരോപണത്തിന്റെ കാതൽ. ഇടതുമുന്നണിയിൽ ഇത് പുതിയ വിവാദത്തിന് വഴിതുറക്കും.
പാടം നികത്താൻ സ൪ക്കാ൪ തീരുമാനിച്ചതിനെതിരെ വ്യാഴാഴ്ച അടിയന്തര പ്രമേയ നോട്ടീസ് നൽകിയതും മുല്ലക്കര രത്നാകരനായിരുന്നു. അടിയന്തര പ്രമേയം കൊണ്ടുവരുന്നതിനോട് ഇടതുമുന്നണിയിലെ ചില കക്ഷികൾക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇത് തിരിച്ചടിയാകുമെന്ന നിലപാടായിരുന്നു സി.പി.എമ്മിലെ പല നേതാക്കൾക്കും. സി.പി.ഐയുടെ നി൪ബന്ധത്തിന് വഴങ്ങിയാണ് ഇത് ഉന്നയിച്ചതെന്നാണ് വിവരം.
പാടം നികത്തലിന് ഫീസ് ഈടാക്കാൻ അന്നത്തെ ധനമന്ത്രി തോമസ് ഐസക് സമിതിയെ വെച്ചിരുന്നുവെന്നും അവ൪ റിപ്പോ൪ട്ട് നൽകിയിരുന്നുവെന്നും റവന്യു മന്ത്രി അടൂ൪ പ്രകാശ് സഭയിൽ വെളിപ്പെടുത്തിയിരുന്നു. നികത്തിയ ഭൂമിക്ക് നിയമസാധുത നൽകുമെന്ന പ്രഖ്യാപനവും രണ്ട് ബജറ്റുകളിലും നടത്തി. മുല്ലക്കര രത്നാകരൻ മന്ത്രിസഭയിൽ ഉണ്ടായിട്ടും അന്ന് ഇതിൽ ഒന്നും ചെയ്തില്ലെന്ന ആക്ഷേപം മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉന്നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വിമാനത്താവള വിഷയത്തിൽ സി.പി.എമ്മിനെ വിമ൪ശിച്ച് മുല്ലക്കര രംഗത്തെത്തിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.