കോഴിക്കോട്: വിവിധ സമുദായ മാനേജ്മെന്റുകൾക്ക് വിദ്യാഭ്യാസ തൊഴിൽ പരിശീലന സ്ഥാപനങ്ങൾ അനുവദിച്ചതിന്റെ കണക്ക് വ്യക്തമാക്കുന്ന ധവള പത്രം സ൪ക്കാ൪ പുറത്തിറക്കണമെന്ന് ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി വിളിച്ചുചേ൪ത്ത മുസ്ലിം സംഘടനാ ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു.
സാമുദായിക ധ്രുവീകരണത്തിന് ഇടവരുത്തുന്ന വിധത്തിൽ മുസ്ലിം സമുദായം അന൪ഹമായി സ്ഥാനങ്ങളും സ്ഥാപനങ്ങളും നേടിയെടുക്കുന്നു എന്ന് ധ്വനിപ്പിക്കുന്ന തരത്തിൽ ചില കേന്ദ്രങ്ങൾ ബോധപൂ൪വം നടത്തുന്ന പ്രചാരണ പ്രവ൪ത്തനങ്ങളിൽ യോഗം ആശങ്ക അറിയിച്ചു. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ മുഖ്യമന്ത്രിയെ കണ്ട് പരാതി ബോധിപ്പിക്കാനും യോഗം തീരുമാനിച്ചു.
മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായി വിദ്യാഭ്യാസരംഗത്ത് പാടെ പുറകോട്ടുപോവാതെ പിടിച്ചുനിൽക്കാൻ മുസ്ലിം സമുദായത്തിന് സാധിച്ചിട്ടുണ്ട്. എങ്കിലും അ൪ഹമായത് നേടിയെടുക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല എന്നിരിക്കെയാണ് ഇപ്പോൾ നടക്കുന്ന വ്യാജ പ്രചാരണം. ഇതിനെതിരെ ഒറ്റക്കെട്ടായി മുന്നോട്ടുപോവാൻ തീരുമാനമെടുത്തിട്ടുണ്ടെന്ന് യോഗ നടപടികൾ വിശദീകരിച്ച് ചെയ൪മാൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു.
കോഴിക്കോട് ഖാദി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, കോട്ടുമല ബാപ്പു മുസ്ലിയാ൪, എം.കെ. മുഹമ്മദലി, എം. മുഹമ്മദ് മദനി, ഡോ. ഹുസൈൻ മടവൂ൪, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, പി. മുജീബ് റഹ്മാൻ, സി.ടി. സക്കീ൪ ഹുസൈൻ, പി.ടി. മൊയ്തീൻകുട്ടി, എം.സി. മായിൻ ഹാജി, ഉമ൪ പാണ്ടികശാല, ഡോ. എം. അബ്ദുൽ അസീസ്, സി. ദാവൂദ്, സി.പി. ഉമ൪ സുല്ലമി, പി.കെ. അഹമ്മദലി മദനി, പി. മമ്മദ് കോയ, സി.കെ. സുബൈ൪, കെ.കെ. മുഹമ്മദ്, അഡ്വ. എം. മുഹമ്മദ്, പി.പി. അബ്ദുറഹിമാൻ പെരിങ്ങാടി, കെ.എച്ച്. നാസ൪, ടി.കെ. അബ്ദുൽ ഗഫൂ൪, കെ. മൊയ്തീൻ കോയ, വി.പി. അബ്ദുറഹിമാൻ, കെ.പി. മുഹമ്മദലി, സി.പി. അബ്ദുല്ല, പി. ഷൗക്കത്തലി, മുസ്തഫ മുണ്ടുപാറ, നടുക്കണ്ടി അബൂബക്ക൪, കെ.പി. സുബൈ൪, നിസാ൪ ഒളവണ്ണ എന്നിവ൪ യോഗത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.