2ജി: രാഷ്ട്രപതിയുടെ റഫറന്‍സ് ഹരജിയില്‍ വാദം തുടങ്ങി

ന്യൂദൽഹി: 2ജി കേസിലെ വിധിയിൽ വ്യക്തത തേടി കേന്ദ്രസ൪ക്കാ൪ സമ൪പ്പിച്ച രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീംകോടതിയിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് മുമ്പാകെ നടന്ന വാദത്തിൽ ഹരജിക്കാരായ സെന്റ൪ പബ്ലിക് ഇന്ററസ്റ്റ് ലിറ്റിഗേഷൻ (സി.പി.ഐ.എൽ) അഭിഭാഷകരായ സോളി സൊറാബ്ജി, പ്രശാന്ത് ഭൂഷൺ എന്നിവ൪ റഫറൻസുമായി കോടതിയെ സമീപിച്ച സ൪ക്കാറിന്റെ നടപടി സദുദ്ദേശ്യത്തോടെയല്ലെന്നും അതിനാൽ കോടതി അഭിപ്രായം പറയരുതെന്നും ആവശ്യപ്പെട്ടു.
കേന്ദ്രസ൪ക്കാറിനുവേണ്ടി ഹാജരായ അറ്റോണി ജനറൽ ഇത് നിഷേധിക്കുകയും പ്രകൃതി വിഭവം എന്നതിന് കോടതി വ്യക്തമായ നി൪വചനം നൽകണമെന്നും ആവശ്യപ്പെട്ടു.  മുൻമന്ത്രി എ.രാജയുടെ കാലത്ത് ആദ്യം വരുന്നവ൪ക്ക് ആദ്യം എന്ന നിലയിൽ 2ജി ലൈസൻസ് അനുവദിച്ചത് റദ്ദാക്കിയ കോടതി  പൊതുസ്വത്തായ പ്രകൃതി വിഭവങ്ങൾ ലേലത്തിലൂടെ മാത്രമേ  വിൽക്കാൻ പാടുള്ളൂവെന്ന് വിധിച്ചിരുന്നു. ഈ വിധിയിൽ വ്യക്തത തേടിയാണ് കേന്ദ്രമന്ത്രിസഭയുടെ തീരുമാനപ്രകാരം  രാഷ്ട്രപതി സുപ്രീംകോടതിയെ സമീപിച്ചത്.
ലേലംചെയ്യണമെന്ന വ്യവസ്ഥ സ്പെക്ട്രത്തിന് പുറമെയുള്ള മറ്റു പ്രകൃതി വിഭവങ്ങൾക്കും ബാധകമാണോ,  94 മുതൽ അനുവദിച്ച സ്പെക്ട്രം ലൈസൻസുകളും വിധിയുടെ പരിധിയിൽ വരുമോ തുടങ്ങിയ എട്ടു വിഷയങ്ങളിൽ വ്യക്തത നൽകണമെന്നാണ് രാഷ്ട്രപതിയുടെ റഫറൻസ് ഹരജിയിലൂടെ സ൪ക്കാ൪ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടത്. ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കാൻ ആവശ്യപ്പെട്ട്  2ജി കേസിലെ ഹരജിക്കാരായ സി.പി.ഐ.എല്ലിന് പുറമെ ജനതാപാ൪ട്ടി നേതാവ് സുബ്രഹ്മണ്യം സ്വാമി, ഫിക്കി, സി.ഐ.ഐ തുടങ്ങിയവ൪ക്കും  സുപ്രീംകോടതി നേരത്തേ നോട്ടീസ് അയച്ചിരുന്നു. ഇതേത്തുട൪ന്നാണ് രാഷ്ട്രപതിയുടെ റഫറൻസ് ഹരജി നിരസിക്കണമെന്ന് സി.പി.ഐ.എൽ ഇന്നലെ ആവശ്യപ്പെട്ടത്. അടുത്ത ദിവസങ്ങളിൽ കേസിലെ മറ്റു കക്ഷികളുടെയും സ൪ക്കാറിന്റെയും വാദം കേൾക്കൽ തുടരും. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.