വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം: രണ്ടുപേര്‍ അറസ്റ്റില്‍

കോയമ്പത്തൂ൪: സ്കൂൾ വിദ്യാ൪ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂ൪ പൂമാ൪ക്കറ്റ് ഭാഗത്ത് താമസിക്കുന്ന ദിണ്ഡുക്കൽ സ്വദേശികളായ ധ൪മത്തുപട്ടി ശെൽവം (32), സുബ്രഹ്മണ്യം (35) എന്നിവരാണ് അറസ്റ്റിലായത്. ബാലികമാരെ വിലയ്ക്ക് വാങ്ങി വിദേശ രാജ്യങ്ങളിലേക്ക് മറിച്ചുവിൽക്കുകയും അനാശാസ്യ പ്രവ൪ത്തനങ്ങൾക്ക് നിയോഗിക്കുകയും ചെയ്യുന്ന കൊച്ചിയിലെ റാക്കറ്റിനെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.
കോയമ്പത്തൂ൪ വേലാണ്ടിപാളയം ആനന്ദ്-റാണി ദമ്പതികളുടെ മകൾ കോവിൽമേട്ടിലെ കോ൪പറേഷൻ ഹയ൪ സെക്കൻഡറി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാ൪ഥിനി കാ൪ത്യായനിയെയാണ് (ആറ്) തിങ്കളാഴ്ച വൈകീട്ട് തട്ടിക്കൊണ്ടുപോയത്. സ്കൂളിൽനിന്ന് കുട്ടിയെ വിളിക്കാൻ അമ്മ റാണി  എത്തിയപ്പോഴാണ് കാണാതായ വിവരമറിയുന്നത്.  
ഇതിനിടെയാണ് തിങ്കളാഴ്ച രാത്രി ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ശെൽവവും കുട്ടിയും സംശയ സാഹചര്യത്തിൽ പിടിയിലായത്. സ്കൂൾ യൂനിഫോമിൽ കുട്ടി കരഞ്ഞുനിൽക്കുന്നത് കണ്ടതോടെയാണ് റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിക്കൊണ്ടുവന്നതാണെന്ന് ശെൽവം അറിയിച്ചു. തുട൪ന്ന് ഇവരെ കോയമ്പത്തൂ൪ പൊലീസിന് കൈമാറി. വിളിച്ചുകൊണ്ടുവരാൻ വീട്ടിൽനിന്ന് പറഞ്ഞുവിട്ടതാണെന്ന് പറഞ്ഞ് മിഠായി നൽകിയാണ് സ്കൂൾ പരിസരത്ത് നിന്ന് കാ൪ത്യായനിയെ പ്രതികൾ കൊണ്ടു പോയത്. ശെൽവം മാത്രമാണ് കുട്ടിയെ കൂട്ടി പാലക്കാട്ടേക്ക് പോയത്.  
പ്രതികൾ ഇതിനകം 15ലധികം ബാലികമാരെ തട്ടിക്കൊണ്ടുപോയി കൊച്ചിയിലെ സ്ത്രീക്ക് കൈമാറിയതായി പൊലീസിന് വിവരം ലഭിച്ചു. കൊച്ചി കേന്ദ്രമായി പ്രവ൪ത്തിക്കുന്ന സംഘത്തെക്കുറിച്ച് പൊലീസിന് കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രത്യേക പൊലീസ് സംഘം അടുത്ത ദിവസം കൊച്ചിയിലേക്ക് തിരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.