ബെസ്റ്റ് ബേക്കറി തീവെപ്പ്: സാക്ഷികളുടെ നഷ്ടപരിഹാരം മൂന്നു ലക്ഷമായി ഉയര്‍ത്തണം

മുംബൈ: പിഞ്ചു കുഞ്ഞടക്കം 14 പേ൪ വെന്തുമരിച്ച പ്രമാദമായ ബെസ്റ്റ് ബേക്കറി കേസിലെ സാക്ഷികളുടെ നഷ്ടപരിഹാരത്തുക മൂന്ന് ലക്ഷമാക്കി വ൪ധിപ്പിക്കാൻ ഗുജറാത്ത് സ൪ക്കാറിന് ബോംബെ ഹൈകോടതിയുടെ ഉത്തരവ്. കലാപകാരികൾ ബെസ്റ്റ് ബേക്കറി അഗ്നിക്കിരയാക്കിയപ്പോൾ സാരമായി പരിക്കേറ്റവ൪ക്ക് 2000 രൂപ വീതമാണ് ഗുജറാത്ത് സ൪ക്കാ൪ നഷ്ടപരിഹാരമായി നൽകിയത്. എന്നാൽ, ഇത് അവരനുഭവിച്ച കാഠിന്യത്തിന് തുല്യമല്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ വി.എം. കനാഡെ, പി.ഡി. കോഡെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്  നഷ്ടപരിഹാരത്തുക വ൪ധിപ്പിച്ച് സാക്ഷികളുടെ പേരിൽ  നിക്ഷേപിക്കാൻ ഉത്തരവിട്ടത്. ബെസ്റ്റ് ബേക്കറി കേസിൽ പ്രത്യേക കോടതി വിധിച്ച ജീവപര്യന്തം തടവിനെതിരായ  അപ്പീലിൽ പ്രതികൾക്കെതിരെ നി൪ണായക മൊഴി നൽകിയ നാലുപേരുടെ നഷ്ടപരിഹാരത്തുകയാണ് വ൪ധിപ്പിക്കാൻ നി൪ദേശം.
പ്രത്യേക കോടതി ജീവപര്യന്തം തടവിന് വിധിച്ച ഒമ്പതു പ്രതികളുടെ അപ്പീലിൽ വിധിപറഞ്ഞശേഷമാണ് ഹൈകോടതി സാക്ഷികൾക്കുവേണ്ടി ഉത്തരവിട്ടത്. ബേക്കറി ജീവനക്കാരായ തുഫൈൽ അഹ്മദ് സാദിഖ്, റഹീസ് ഖാൻ, ശഹസാദ് ഖാൻ പഠാൺ, ശൈലുൻഖാൻ പഠാൺ എന്നീ സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഞ്ച് പ്രതികളുടെ ശിക്ഷ റദ്ദാക്കിയ കോടതി നാലുപേരുടെ ശിക്ഷ ശരിവെച്ചത്. മറ്റ് സാക്ഷികൾ കൂറുമാറിയപ്പോൾ മൊഴിയിൽ ഉറച്ചുനിന്നവരാണ് ഇവ൪. നിരവധി സാക്ഷികൾ കൂറുമാറിയത് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഇടപെടൽ. പ്രമാദമായ കേസുകളിലെ സാക്ഷികളെ സംരക്ഷിക്കാനുള്ള സംവിധാനം സ൪ക്കാ൪ നടപ്പാക്കേണ്ട സമയം അതിക്രമിച്ചതായും കോടതി വിലയിരുത്തി.
ഈയിടെ കൂറുമാറുകയും മൊഴി മാറ്റിയെടുക്കാനാവശ്യപ്പെട്ട് ഹൈകോടതിയിൽ ഹരജി നൽകുകയും ചെയ്ത, ബേക്കറി ഉടമയുടെ മരുമകൾ യാസ്മിൻ ശൈഖിനും മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ കോടതി നി൪ദേശിച്ചിട്ടുണ്ട്. പ്രത്യേക കോടതിയിൽ വിചാരണ നേരിട്ട 17 പേ൪ക്കെതിരെ മൊഴി നൽകിയത് മനുഷ്യാവകാശ പ്രവ൪ത്തക ടീസ്റ്റ സെറ്റൽവാദിൻെറ പ്രലോഭനത്തിന് വഴങ്ങിയാണെന്നാണ് യാസ്മിൻ ഹരജിയിൽ പറയുന്നത്. യാസ്മിൻെറ വാദങ്ങൾ വിശ്വസനീയമല്ളെന്ന് ഹൈകോടതി വിലയിരുത്തി. 2006ലാണ് മുംബൈയിലെ പ്രത്യേക കോടതി ഒമ്പതു പേ൪ക്ക് ജീവപര്യന്തം തടവ് വിധിച്ചത്. സാക്ഷികളെ സ്വാധീനിച്ചതിന് അന്നത്തെ പ്രതിഭാഗം അഭിഭാഷക൪ക്കെതിരെ പ്രത്യേക കോടതി വിധിയിൽ പരാമ൪ശിച്ചിരുന്നു. ഈ പരാമ൪ശങ്ങൾ ഹൈകോടതി നീക്കം ചെയ്യുകയും അഭിഭാഷക൪ക്ക് ക്ളീൻചിറ്റ് നൽകുകയും ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.