മോഡി വിമതന്‍ സഞ്ജയ് ജോഷിക്ക് വധഭീഷണി

ന്യൂദൽഹി: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ കണ്ണിലെ കരടായി ബി.ജെ.പി വിടേണ്ടിവന്ന സഞ്ജയ് ജോഷിക്ക് വീണ്ടും വധഭീഷണി. ജീവന് സംരക്ഷണം ആവശ്യപ്പെട്ട് ജോഷി ആഭ്യന്തര മന്ത്രി പി. ചിദംബരത്തിനും ദൽഹി പൊലീസ് കമീഷണ൪ക്കും കത്തയച്ചു.
 മൂന്നു വ്യത്യസ്ത നമ്പരുകളിൽനിന്ന് മൊബൈൽ ഫോണിലേക്ക് ഭീഷണിപ്പെടുത്തുന്ന കോളുകൾ വന്നുവെന്ന് ജോഷി പറഞ്ഞു. ഇതിനു പുറമെ ചില കത്തുകളും ലഭിച്ചു. കഴിഞ്ഞമാസമാണ് ചിദംബരത്തിന് ജോഷി കത്തയച്ചത്.   നേരത്തെയും ഭീഷണി ഉണ്ടായിരുന്നു. തുട൪ന്ന് സ൪ക്കാ൪ സംരക്ഷണം നൽകി. ദൽഹിയാണ് കുറെക്കൂടി സുരക്ഷിതമെന്ന് സ്വയം തോന്നുന്നതുകൊണ്ടാണ് ഇവിടെ തങ്ങുന്നതെന്ന് ജോഷി വിശദീകരിച്ചു.  ഭീഷണിക്ക് പിന്നിൽ പ്രവ൪ത്തിച്ചവരെ പൊലീസ് കണ്ടെത്തണമെന്നും കത്തിൽ അഭ്യ൪ഥിച്ചു.
 നരേന്ദ്രമോഡി കേന്ദ്ര നേതാക്കളിൽ ശക്തമായ സമ്മ൪ദം ചെലുത്തുന്നതിനിടയിൽ ഒരു മാസം മുമ്പാണ് ദേശീയ നി൪വാഹക സമിതി അംഗമായിരുന്ന സഞ്ജയ്ജോഷി ബി.ജെ.പി വിട്ടത്. ജോഷി നി൪വാഹക സമിതിയിൽനിന്ന് രാജിവെക്കാതെ മുംബൈയിൽ അടുത്തിടെ നടന്ന പാ൪ട്ടി നേതൃയോഗത്തിൽ പങ്കെടുക്കില്ലെന്ന് മോഡി നേതൃത്വത്തെ അറിയിച്ചിരുന്നു.
അശ്ളീല സീഡി വിവാദത്തെ തുട൪ന്നാണ് 2005ൽ ജോഷിക്ക് ബി.ജെ.പി ജനറൽ സെക്രട്ടറിസ്ഥാനം രാജിവെക്കേണ്ടി വന്നത്. മോഡിയാണ് സീഡിക്ക് പിന്നിലെന്ന് ജോഷി ആരോപിച്ചു. പിന്നീട് പ്രസിഡൻറ് നിതിൻ ഗഡ്കരിയുടെ താൽപര്യപ്രകാരമാണ് ജോഷി ബി.ജെ.പിയിൽ തിരിച്ചുകയറിയത്. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.