കേസ് നടത്താന്‍ സി.പി.എം പണം പിരിക്കുന്നു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ അറസ്റ്റിലായ പ്രവ൪ത്തകരുടെ കേസ് നടത്തിപ്പിനും നാശനഷ്ടം സംഭവിച്ച പാ൪ട്ടി ഓഫിസുകളുടെയും വീടുകളുടെയും അറ്റകുറ്റപ്പണിക്കുമായി സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി ഫണ്ട് സമാഹരിക്കുന്നു. ആദ്യ ഘട്ടത്തിൽ പാ൪ട്ടി അംഗങ്ങളിൽ നിന്നും സ൪വീസ് സംഘടനകളിലെ അംഗങ്ങളിൽ നിന്നും പണം സ്വരൂപിക്കാനാണ് തീരുമാനം. ഇതിനോടുള്ള പ്രതികരണവും ഫണ്ടിൻെറ ആവശ്യകതയും വിലയിരുത്തിയ ശേഷമേ പൊതു പിരിവ് നടത്തുകയുള്ളൂ.
പാ൪ട്ടി അംഗങ്ങൾ നിശ്ചിത തുക നൽകണമെന്ന്  നി൪ദേശിച്ചിട്ടില്ല. എന്നാൽ, വിവിധ ഘടകങ്ങളിൽ തീരുമാനം റിപ്പോ൪ട്ട് ചെയ്യുമ്പോൾ അംഗങ്ങൾ ചുരുങ്ങിയത് ഒരുദിവസത്തെ വേതനമെങ്കിലും നൽകണമെന്ന് വാക്കാൽ ആവശ്യപ്പെട്ടിട്ടുണ്ട്.  ഒരംഗത്തിൽനിന്ന് ചുരുങ്ങിയത് നൂറ് രൂപ വെച്ച് വാങ്ങാനാണ് ചില ലോക്കൽ കമ്മിറ്റികൾ തീരുമാനിച്ചിട്ടുള്ളത്. ജില്ലയിൽ 2301 ബ്രാഞ്ചുകളിലായി 26969 അംഗങ്ങളാണ് സി.പി.എമ്മിനുള്ളത്. ഇവരിൽ നിന്ന് മാത്രമായി 50 ലക്ഷം രൂപയെങ്കിലും സമാഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. എൻ.ജി.ഒ യൂനിയൻ അംഗങ്ങളിൽനിന്ന് ശമ്പളമനുസരിച്ച് 500 രൂപ മുതൽ 1000 രൂപ വരെ വാങ്ങാനാണ് തീരുമാനം. ഇതെല്ലാം കൂടി ചേ൪ത്താലും ആവശ്യത്തിൻെറ ചെറിയൊരു ശതമാനമേ ആവുകയുള്ളൂ എന്നാണ് പാ൪ട്ടി കണക്കാക്കുന്നത്. അംഗങ്ങളിൽനിന്ന് ഉദ്ദേശിച്ച രൂപത്തിൽ പണം ലഭിക്കുമോ എന്ന ആശങ്കയും നേതൃത്വത്തിനുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ വേണ്ടെന്ന് വെച്ചാലും പൊതു പിരിവ് ഒഴിവാക്കാനാവില്ലെന്ന വിലയിരുത്തലാണ് പാ൪ട്ടിക്കുള്ളത്.
ടി.പി വധത്തെ തുട൪ന്ന് ഒഞ്ചിയം മേഖലയിൽ പാ൪ട്ടി പ്രവ൪ത്തകരുടെയും അനുഭാവികളുടേതുമുൾപ്പെടെ 79 വീടുകളും ഒമ്പത് പാ൪ട്ടി ഓഫിസുകളും തക൪ക്കപ്പെട്ടുവെന്നാണ് സി.പി.എം കണക്ക്. ഈയിനത്തിൽ മാത്രം അഞ്ച് കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി പാ൪ട്ടി പറയുന്നു. പ്രമുഖരായ അഭിഭാഷകരെ അണിനിരത്തി കേസ് നേരിടണമെങ്കിൽ അതിനും ഭീമമായ തുക വേണ്ടിവരും.  
 ഈ ആവശ്യവുമായി പൊതുജനങ്ങളെ സമീപിക്കാനാവില്ല എന്ന അഭിപ്രായവും ശക്തമാണ്. വ്യക്തിപരമായി കഴിവിൻെറ പരമാവധി നൽകാമെന്നും എന്നാൽ പൊതുപിരിവെടുക്കാൻ നി൪ബന്ധിക്കരുതെന്നുമുള്ള ‘മുൻകൂ൪ ജാമ്യാപേക്ഷ’ പല കമ്മിറ്റികളിലും ഉയരുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.