ടി.പി. വധം: ജില്ലാ നേതാവ് നിരീക്ഷണത്തില്‍; പി. മോഹനന്‍ മൗനം തുടരുന്നു

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ കോഴിക്കോട്ടെ മറ്റൊരു നേതാവിലേക്കും അന്വേഷണം വ്യാപിപ്പിച്ചു.
അറസ്റ്റിലായ സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ, പാനൂ൪ ഏരിയാ കമ്മിറ്റിയംഗം പി.കെ. കുഞ്ഞനന്തൻ എന്നിവരെ ഒരേസമയം ചോദ്യംചെയ്തതിൽനിന്നു ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിലാണിത്. ഗൂഢാലോചനയിൽ നേതാവിൻെറ പങ്ക് സംശയിക്കാവുന്ന ചില സൂചനകൾ പി. മോഹനൻെറ മൊഴിയിൽനിന്ന് ലഭിച്ചതായി പൊലീസ് വെളിപ്പെടുത്തി. ഇദ്ദേഹത്തിൻെറ മൊബൈൽ-ലാൻഡ് ഫോൺ വിളികളുടെ വിശദാംശങ്ങൾ, സമീപ ജില്ലയിൽ നടത്തിയ സന്ദ൪ശനം, ചന്ദ്രശേഖരൻ വധിക്കപ്പെട്ടതിനുശേഷം നടത്തിയ ഫോൺവിളികൾ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
ജില്ലയിലെ ഒരു മുതി൪ന്ന നേതാവിൻെറ മാത്രം അറിവോടെ കൊല നടക്കാൻ സാധ്യതയില്ലാത്തതിനാൽ ഏതാനും പേ൪ നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു.  സംസ്ഥാന-ജില്ലാ നേതൃത്വം അറിയാതെ ചന്ദ്രശേഖരനെപ്പോലൊരാളെ വകവരുത്താൻ പ്രാദേശിക നേതാക്കൾ തയാറാകില്ലെന്ന് പൊലീസ് സൂചിപ്പിച്ചു. ഇക്കാര്യത്തിൽ പാ൪ട്ടി ഘടന സംബന്ധിച്ച ചില നി൪ണായക വിവരങ്ങൾ പി.കെ. കുഞ്ഞനന്തനിൽനിന്ന് ലഭിച്ചതായും പൊലീസ് പറഞ്ഞു.
ഏഴ് ദിവസം പൊലീസ് കസ്റ്റഡിയിൽ ഉണ്ടായിട്ടും പി. മോഹനൻ പൂ൪ണമായി മനസ്സ് തുറന്നിട്ടില്ല. പി.കെ. കുഞ്ഞനന്തൻെറ സാന്നിധ്യത്തിൽ ചോദ്യം ചെയ്യുമ്പോൾ മാത്രമാണ് മോഹനനിൽനിന്ന് കുറച്ചെങ്കിലും വിവരം  ലഭിക്കുന്നത്. മോഹനൻെറ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കുന്നതിനാൽ രാത്രി വൈകിയും ചോദ്യംചെയ്യൽ നടക്കുന്നുണ്ട്.
ലഭിച്ച വിവരത്തിൻെറ അടിസ്ഥാനത്തിൽ മോഹനനെ കൂടുതൽ ചോദ്യം ചെയ്യേണ്ടതിനാൽ കസ്റ്റഡി കാലാവധി  നീട്ടി വാങ്ങാനും പൊലീസ് ശ്രമിക്കുന്നുണ്ട്.
ഒളിവിൽ കഴിയുന്ന ക്വട്ടേഷൻ  സംഘാംഗം ഷിനോജ്, കൊലയാളികളെ  വഴികാണിച്ച രജീകാന്ത് എന്ന കൂരാപ്പൻ എന്നിവ൪ക്കായി കണ്ണൂരിലെ ചില കേന്ദ്രങ്ങളിൽ റെയ്ഡ് തുടരുകയാണ്. ഇവ൪ കണ്ണൂ൪ ജില്ലയിൽതന്നെയുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. പ്രാദേശിക പൊലീസ് സ്റ്റേഷനുകളുടെ സഹായത്തോടെയാണ് ഇവ൪ക്കായി തിരച്ചിൽ തുടരുന്നത്. റിമാൻഡ് കാലാവധി അസാനിച്ച  സിജിത് എന്ന അണ്ണനെ ബുധനാഴ്ച വടകര കോടിതിയിൽ ഹാജരാക്കി. ഇയാളുടെ റിമാൻഡ് കാലാവധി 14 ദിവസം കൂടി നീട്ടി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.