പാലക്കാട്: ഒ.വി വിജയനേക്കാൾ വളരെ താഴെയാണ് എഴുത്തിൽ അരുന്ധതി റോയിയുടെ സ്ഥാനമെന്ന് നിരൂപകൻ ആഷാ മേനോൻ. ഒ.വി വിജയൻ സ്മാരക സമിതിയും ഗവ. വിക്ടോറിയാ കോളജ് മലയാളവിഭാഗവും വിജയൻെറ ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സെമിനാ൪ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
‘ഖസാക്കിൻെറ ഇതിഹാസം’ ഇംഗ്ളീഷിലേക്ക് മൊഴി മാറ്റിയപ്പോൾ വളരെ ചുരുക്കം കോപ്പികളേ വിറ്റഴിഞ്ഞുള്ളൂ. ഇതിൻെറ പേരിൽ വിജയനേക്കാൾ വളരെ താഴെയുള്ള എഴുത്തുകാരി അരുന്ധതി റോയിയുടെ ‘ഗോഡ് ഓഫ് സ്മോൾ തിങ്സാ’ണ് മികച്ച കൃതിയെന്ന് സ്ഥാപിക്കാൻ ചില൪ ശ്രമിച്ചു.
ഖസാക്കിൻെറ മൊഴിമാറ്റത്തിൽ നഷ്ടപ്പെട്ടത് അതിലെ കവിതയാണ്. ഖസാക്കിനപ്പുറം മലയാളത്തിൽ കവിതയില്ല എന്ന വാദം വരെയുണ്ട്. വിദേശികൾക്ക് ഇഷ്ടപ്പെട്ട ‘ഗോഡ് ഓഫ് സ്മോൾ തിങ്സ്’ മലയാളത്തിലേക്ക് മൊഴി മാറ്റി വിജയിച്ചതായി അറിയില്ല. ഏറെ കൊട്ടിഘോഷിച്ചാണ് 25,000 കോപ്പികളോളം അച്ചടിച്ചത്.
ഈ കൃതി മലയാളികളിൽ എന്തുമാത്രം സ്വാധീനം ചെലുത്തിയെന്നത് ചിന്തനീയമാണ്. വിദേശികൾക്ക് ഇഷ്ടപ്പെടാനുള്ള കാരണം വ്യക്തമല്ല. അതേസമയം, തങ്ങളേക്കുറിച്ച് എഴുതിയ ഒരു കഥ മലയാളികൾക്ക് തന്നെ ഇഷ്ടപ്പെട്ടില്ലായെന്ന് പറയുമ്പോൾ അതിൻെറ മൗലികതയേക്കുറിച്ചും ആലോചിക്കേണ്ടതാണ്.
ആനന്ദിൻെറ കൃതികൾ പരിഭാഷയിൽ വിജയിക്കാൻ കാരണം, അവയിൽ പരിഭാഷപ്പെടുത്താവുന്ന ഉള്ളടക്കമേയുള്ളു എന്നതാണ്. എന്നാൽ, മനുഷ്യനും പ്രകൃതിയുമായുള്ള ഇഴുക്കം വിജയൻെറ രചനകളിലാണ് കൂടുതൽ -അദ്ദേഹം പറഞ്ഞു.
തൻെറ കുട്ടിക്കാലത്തിൻെറ ഭാഷയെ തിരിച്ച് നൽകണമെന്ന് എഴുപതുകളിൽത്തന്നെ ആവശ്യപ്പെട്ട എഴുത്തുകാരനാണ് ഒ.വി വിജയനെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഒ.വി വിജയൻ സ്മാരക സമിതി ചെയ൪മാൻ യു.കെ കുമാരൻ ഓ൪മിപ്പിച്ചു.
പല എഴുത്തുകാരുടേയും കൊച്ചുകഥകൾ നേരമ്പോക്ക് മാത്രമാകുമ്പോഴും വിജയൻെറ കൊച്ചുകഥകൾ ആത്മാവുള്ളവയാണെന്ന് കഥാകൃത്ത് പി.കെ പാറക്കടവ് ചൂണ്ടിക്കാട്ടി. പ്രൊഫ. പി.എ വാസുദേവൻ, ഡോ. പി. മുരളി, രഘുനാഥൻ പറളി എന്നിവ൪ സംസാരിച്ചു. പി.കെ നാരായണൻ സ്വാഗതവും ഡോ. ടി. ശ്രീവത്സൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.