പാപ്പാനെ വേണമെന്ന് പത്രപരസ്യം; എതിര്‍പ്പുമായി ആനപ്രേമിസംഘം

തൃശൂ൪: ആനക്ക് പാപ്പാനെ ആവശ്യപ്പെട്ട് പത്രപരസ്യം! വനം വകുപ്പിൻെറ  നിബന്ധനകളും യോഗ്യതയും പറയാതെ പരസ്യം വഴി പാപ്പാനെ നിയമിക്കരുതെന്ന്  ആനപ്രേമികളും.അതോടെ ആന പരിപാ ലനവുമായ ബന്ധപ്പെട്ട്  ഒരു   വിവാദം കൂടി ജനിക്കുന്നു.
     ആലപ്പുഴയിലെ മാന്നാ൪ കുട്ടമ്പേരൂ൪ ശ്രീ കുന്നത്തൂ൪ ദു൪ഗാദേവി ക്ഷേത്രത്തിലെ രാമു എന്ന കൊമ്പനാനക്ക് രണ്ടാം പാപ്പാനെ ആവശ്യപ്പെട്ടുള്ള പരസ്യമാണ് കഴിഞ്ഞ ദിവസം   മലയാള പത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്.   ഒന്നാംപാപ്പാന് വാ൪ധക്യ പ്രശ്നങ്ങളുള്ളതിനാലാണ്   രാമുവിന്  രണ്ടാം പാപ്പാനെ വേണ്ടിവന്നതെന്ന്  ക്ഷേത്രകമ്മിറ്റി പ്രസിഡൻറ് സുനിൽ ‘മാധ്യമ’ത്തോട് പറഞ്ഞു. മൈക്രോചിപ്പ് ഘടിപ്പിച്ച  ആനയാണ് രാമു. ഡാറ്റാ എൻട്രി ബുക്കുമുണ്ട്. പരസ്യം നൽകിയതിനെത്തുട൪ന്ന് ഇതിനകം എട്ട് പേ൪ രണ്ടാം പാപ്പാനാവാൻ സന്നദ്ധരായിട്ടുണ്ടെന്നും നിയമന നടപടി ഉടൻ പൂ൪ത്തിയാവുമെന്നും അദ്ദേഹം പറഞ്ഞു.പക്ഷേ, ഇത്  ശരിയാവില്ല എന്ന് തൃശൂ൪ ആനപ്രേമിസംഘം പറയുന്നു. കാരണം, പരസ്യത്തിൽ രണ്ടാം പാപ്പാൻ എന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും യോഗ്യത, പരിചയം എന്നിവ പരാമ൪ശിച്ചിട്ടില്ല. സാധാരണഗതിയിൽ ഒന്നാം പാപ്പാൻ വഴിമാത്രമെ രണ്ടാം പാപ്പാന് ആനയെ പരിചരിക്കാനാവൂ. മുൻപരിചയം അനിവാര്യമായ പാപ്പാൻ പണിക്ക് യോഗ്യത പരാമ൪ശിക്കാതെ പരസ്യം വഴി നിയമനം നടത്തുന്നത് ശരിയല്ലെന്ന് ആന പ്രേമിസംഘം സെക്രട്ടറി വി.കെ. വെങ്കിടാചലം ചൂണ്ടിക്കാട്ടി. പാപ്പാന്മാരെ അടിക്കടി മാറ്റുന്നതാണ്    സമീപകാലത്തുണ്ടായ നിരവധിഅനിഷ്ടസംഭവങ്ങൾക്ക് കാരണമെന്ന് അദ്ദേഹം  ഒ൪മിപ്പിച്ചു. പാപ്പാന് അഞ്ചുവ൪ഷത്തെ മുൻപരിചയം ആവശ്യമാണെന്നാണ് വനം വകുപ്പിൻെറ വ്യവസ്ഥ. ആനയെ മ൪ദിച്ച സംഭവങ്ങളിലോ ആന ഇടഞ്ഞതുമായി ബന്ധപ്പെട്ട കേസുകളിലോ പ്രതിയാവാൻ പാടില്ല. നാട്ടാനപരിപാലനം കുറ്റമറ്റതാക്കുകയെന്ന ലക്ഷ്യത്തോടെ വനം വകുപ്പ് ഏ൪പ്പെടുത്തിയ എലിഫൻറ് ഡാറ്റാ ബുക്കിൽ ആനക്ക് പുറമെ ഉടമ, ഒന്നാം പപ്പാൻ എന്നിവരുടെ ഫോട്ടോകളും നി൪ബന്ധമാണ്. ആനയെ പറ്റിയുള്ള എല്ലാ വിവരങ്ങളും സഹിതമുള്ള ഡാറ്റാ ബുക്കുകൾ ആന ഉടമസ്ഥ൪ക്ക് ഇതിനകം വിതരണം ചെയ്ത് തുടങ്ങിയിട്ടുണ്ട്. രണ്ടാം പാപ്പാനെ നേരിട്ട് നിയമിക്കാൻ പാടില്ല. ഒന്നാം പാപ്പാന് സഹായിയായി പ്രവ൪ത്തച്ച് ആനയോട് ഇണങ്ങുകയാണ് വേണ്ടതെന്നും ഒറ്റയടിക്കുള്ള നിയമനം ക്രൂര മ൪ദനത്തിന് വഴിവെക്കുമെന്നും വെങ്കിടാചലം ചൂണ്ടിക്കാട്ടി.വ൪ഷങ്ങൾക്ക് മുമ്പ് കണ്ണൂ൪ ജില്ലയിൽ ഒരു ആനക്ക് ഒന്നാം പാപ്പാനെ ആവശ്യപ്പെട്ട് പത്ര പരസ്യം വന്നിരുന്നു. എന്നാൽ, രണ്ടാം പാപ്പാനെ തേടിയുള്ള പരസ്യം ആദ്യത്തേതാവുമെന്നാണ് ആന പ്രേമികൾ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.