ശ്രീലങ്കന്‍ അഭയാര്‍ഥികളെ തടവിലിട്ട ചെന്നൈയിലെ കേന്ദ്രത്തിനെതിരെ സംഘടനകള്‍ രംഗത്ത്

ബംഗളൂരു: തമിഴ്വംശജരായ ശ്രീലങ്കൻ അഭയാ൪ഥികളെ ചെന്നൈ പൊലീസിന്റെ അനധികൃത തടവുകേന്ദ്രത്തിൽ പാ൪പ്പിച്ച് പീഡിപ്പിക്കുന്നതിനെതിരെ സന്നദ്ധസംഘടനകൾ രംഗത്ത്. 20 വ൪ഷം മുമ്പ് ചെന്നൈയിലേക്ക് കുടിയേറിപ്പാ൪ത്ത 28 പേരെയാണ് പാസ്പോ൪ട്ട് ഇല്ലെന്നും തീവ്രവാദബന്ധം ആരോപിച്ചും ചെങ്കൽപേട്ടിലുള്ള പൊലീസിന്റെ തടവുകേന്ദ്രത്തിൽ പാ൪പ്പിച്ചിരിക്കുന്നത്. ഇവ൪ താമസിച്ചിരുന്ന രാമേശ്വരത്തെയും മണ്ഡപത്തെയും അഭയാ൪ഥി ക്യാമ്പിലേക്ക് തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്തമാക്കുമെന്ന് വിവിധ സംഘടനാ ഭാരവാഹികൾ ബംഗളൂരുവിൽ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു.
20 വ൪ഷം മുമ്പുതന്നെ അഭയാ൪ഥികളായി തമിഴ്നാട്ടിൽ താമസിക്കുന്നവരെ തീവ്രവാദബന്ധം ആരോപിച്ച് തടവിലിട്ടിരിക്കുന്നത് 2009 മേയിൽ ശ്രീലങ്കയിൽ നടന്ന എൽ.ടി.ടി.ഇ വിരുദ്ധ സായുധ നീക്കത്തിനു ശേഷമാണ്. ഏഴു പേരെ കുറ്റക്കാരല്ലെന്നു കണ്ട് വിട്ടയക്കാൻ തമിഴ്നാട് ഹൈകോടതി ഉത്തരവിട്ടെങ്കിലും ഇവ൪ ഇപ്പോഴും ചെങ്കൽപേട്ടിലെ കേന്ദ്രത്തിലാണ്. തങ്ങളെ അഭയാ൪ഥി ക്യാമ്പിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് 28 പേരിൽ 13 പേ൪ ക്യാമ്പിൽ ജൂൺ 15 മുതൽ നിരാഹാരസമരം നടത്തിവരുകയാണ്. നാലു പേരുടെ നില അതീവഗുരുതരമാണ്. ചെങ്കൽപേട്ടിലുള്ളവരെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ അനുമതിയോടെ രക്തബന്ധമുള്ളവ൪ക്കു മാത്രമേ സന്ദ൪ശിക്കാനാകൂ. അഭയാ൪ഥി ക്യാമ്പുകളിൽനിന്ന് 15 മണിക്കൂ൪ യാത്ര ചെയ്തുവേണം ചെങ്കൽപേട്ടിലെ തടവുകേന്ദ്രത്തിൽ എത്താൻ. തങ്ങളുടെ ബന്ധുക്കളെ സന്ദ൪ശിക്കുന്നവ൪ക്ക് തിരിച്ച് അഭയാ൪ഥി ക്യാമ്പിലെത്തി താമസം തുടരണമെങ്കിൽ തഹസിൽദാറുടെയും പൊലീസിന്റെയും പ്രത്യേക അനുമതിയും വാങ്ങേണ്ട ഗതികേടിലാണെന്ന് ഇവ൪ പറയുന്നു. മനുഷ്യാവകാശലംഘനം നടക്കുന്ന കേന്ദ്രം ഉടൻ അടച്ചുപൂട്ടണമെന്ന് രാമദാസ് (പി.യു.സി.എൽ ക൪ണാടക), ജഗദീഷ് ചന്ദ്ര (ന്യൂ സോഷ്യലിസ്റ്റ് അൾട്ട൪നേറ്റിവ്), അരുൺ (മേയ് 17 മൂവ്മെന്റ്), സാമൂഹിക പ്രവ൪ത്തനും ഡോക്യുമെന്ററി സംവിധായകനുമായ കെ.പി. ശശി, തമിഴ്നാട് സോളിഡാരിറ്റി കാമ്പയിൻ, എസ്.ഐ.സി.എച്ച്.ആ൪.ഇ.എം, വിഷ്വൽ സെ൪ച്, പെഡസ്ട്രിയൻ പിക്ചേഴ്സ്, ലെസ്ബിറ്റ് സംഘടനാഭാരവാഹികൾ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.