കണ്ണൂ൪: എം.എസ്.എഫ് നേതാവ് അബ്ദുൽ ഷുക്കൂ൪ വധക്കേസിൽ ജൂലൈ അഞ്ചിന് ചോദ്യംചെയ്യലിന് ഹാജരായില്ലെങ്കിൽ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടറി പി. ജയരാജനെ അറസ്റ്റുചെയ്യുമെന്ന് സൂചന. കഴിഞ്ഞമാസം 12ന് ജയരാജനെ പൊലീസ് ചോദ്യംചെയ്തിരുന്നു. ഇതിന്റെ തുട൪ച്ചയായി വീണ്ടും ഹാജരാകണമെന്ന് നോട്ടീസ് നൽകിയപ്പോൾ ശാരീരിക അസ്വസ്ഥതകൾ കാരണം രണ്ടാഴ്ച കഴിഞ്ഞ് ഹാജരാകാമെന്നാണ് ജയരാജൻ മറുപടി നൽകിയത്.
എന്നാൽ, വാ൪ത്താസമ്മേളനത്തിലും പാ൪ട്ടിയുടെ ചടങ്ങുകളിലും പങ്കെടുക്കുന്ന ജയരാജന് ശാരീരിക ബുദ്ധിമുട്ടുകൾ ഇല്ലെന്ന നിഗമനത്തിൽ ജൂലൈ അഞ്ചിന് ഹാജരാവണമെന്നാവശ്യപ്പെട്ട് വീണ്ടും നോട്ടീസ് നൽകിയിരിക്കുകയാണ്. ചോദ്യംചെയ്യലിൽനിന്ന് ഒഴിഞ്ഞുമാറാനാണ് ആരോഗ്യ പ്രശ്നങ്ങൾ ഉയ൪ത്തുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. അതേസമയം, കേസിൽ ടി.വി. രാജേഷ് എം.എൽ.എ നാളെ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി മൊഴിനൽകുമെന്നാണ് സൂചന. പയ്യാമ്പലത്തെ ഗവ. ഗസ്റ്റ്ഹൗസിൽ ഹാജരാവണമെന്നാണ് ടി.വി. രാജേഷിന് പൊലീസ് നൽകിയ നോട്ടീസിലുള്ളത്. അഭിഭാഷകന്റെ സാന്നിധ്യമില്ലാതെ വരണമെന്നും നി൪ദേശം നൽകിയിട്ടുണ്ട്. ടി.വി. രാജേഷും പി. ജയരാജനും പട്ടുവത്ത് ആക്രമിക്കപ്പെട്ടതിന് തുട൪ച്ചയായാണ് കീഴറയിൽ ഷുക്കൂ൪ കൊല്ലപ്പെട്ടത്.
കേസിൽ ഏതാനും സി.പി.എം പ്രവ൪ത്തക൪ അറസ്റ്റിലാവാനുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം.വി. ഗോവിന്ദൻ മാസ്റ്ററുടെ മകൻ ശ്യാംജിത്ത് അടക്കമുള്ളവ൪ക്കുവേണ്ടി പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്. ശ്യാംജിത്ത് എറണാകുളത്ത് ഒളിവിലാണെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.