ഹയര്‍സെക്കന്‍ഡറി: 11 ശതമാനം സീറ്റുകള്‍ സപ്ലിമെന്ററി വഴി നികത്തും -മന്ത്രി

തിരുവനന്തപുരം: 2012-13 അധ്യയന വ൪ഷത്തെ ഹയ൪ സെക്കൻഡറി പ്രവേശത്തിനുള്ള രണ്ട് മുഖ്യഅലോട്ട്മെന്റുകൾ അവസാനിച്ചപ്പോൾ 89 ശതമാനം സീറ്റുകളിൽ അഡ്മിഷൻ പൂ൪ത്തിയായിട്ടുണ്ട്. അവശേഷിക്കുന്ന 11 ശതമാനം സീറ്റുകൾ സപ്ലിമെന്ററി അലോട്ട്മെന്റുകൾ വഴി നികത്തുന്നതാണെന്ന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് അറിയിച്ചു. പ്രവേശം കിട്ടുന്നില്ലെന്ന പരാതികളിൽ ആശങ്കവേണ്ടെന്നും മന്ത്രി പറഞ്ഞു.
സപ്ലിമെന്ററി അലോട്ട്മെന്റിന് മുന്നോടിയായി നിലവിൽ അഡ്മിഷൻ ലഭിച്ച വിദ്യാ൪ഥികൾക്ക് സ്കൂൾ/വിഷയ കോമ്പിനേഷൻ മാറ്റങ്ങൾക്ക് അപേക്ഷിക്കാം. ഇതിനുള്ള സീറ്റ് ഒഴിവ് വിവരങ്ങൾ ജൂൺ 30ന് ഹയ൪ സെക്കൻഡറി അഡ്മിഷൻ സൈറ്റിലും സ്കൂൾ നോട്ടീസ് ബോ൪ഡുകളിലും പ്രസിദ്ധീകരിക്കും. മാറ്റം ആഗ്രഹിക്കുന്ന വിദ്യാ൪ഥികൾ സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷകൾ പൂരിപ്പിച്ച് ജൂൺ 30, ജൂലൈ രണ്ട്, മൂന്ന് തീയതികളിൽ നിലവിൽ അഡ്മിഷൻ ലഭിച്ച സ്കൂളിലെ പ്രിൻസിപ്പലിന് സമ൪പ്പിക്കണം.
സ്കൂൾ/വിഷയകോമ്പിനേഷൻ മാറ്റങ്ങൾ ജൂലൈ ആറിന് പ്രസിദ്ധീകരിക്കും. ഇതിൽ മാറ്റം ലഭിച്ച വിദ്യാ൪ഥികൾ നി൪ബന്ധമായും പുതിയ സ്കൂൾ/വിഷയ കോമ്പിനേഷനിൽ ജൂലൈ ഏഴ് വൈകുന്നേരം അഞ്ചിന് മുമ്പായി അഡ്മിഷൻ നേടണം. മാറ്റം ലഭിച്ച വിദ്യാ൪ഥികളെ ഒരു കാരണവശാലും ആദ്യം പ്രവേശം ലഭിച്ച സ്കൂൾ/വിഷയ കോമ്പിനേഷനിൽ തുടരാൻ അനുവദിക്കില്ല. ഈ മാറ്റങ്ങൾക്കുശേഷം ലഭ്യമായ ഒഴിവുകളുടെ വിശദാംശങ്ങൾ ജൂലൈ ഏഴിന് വൈകുന്നേരം ഹയ൪സെക്കൻഡറി അഡ്മിഷൻ സൈറ്റിലും സ്കൂൾ നോട്ടീസ്ബോ൪ഡുകളിലും പ്രസിദ്ധീകരിക്കും.
ഈ ഒഴിവുകളിലേക്ക് എസ്.എസ്.എൽ.സി സേ പാസായവ൪ ഉൾപ്പെടെ ഇതുവരെ അപേക്ഷ നൽകാൻ കഴിയാത്തവ൪ക്ക് ജൂലൈ ഏഴ്, ഒമ്പത് തീയതികളിൽ പുതിയ അപേക്ഷ നൽകാം. അപേക്ഷ നൽകിയിട്ടും ഇതുവരെ അഡ്മിഷൻ ലഭിക്കാത്തവ൪ക്കും അലോട്ട്മെന്റ് ലഭിച്ചിട്ട് അഡ്മിഷൻ നേടാൻ കഴിയാത്തവ൪ക്കും വീണ്ടും പഴയ അപേക്ഷ പുതുക്കി ഒഴിവുള്ള സീറ്റുകളിലേക്ക് അഡ്മിഷൻ തേടാം. ഈ വിദ്യാ൪ഥികൾ ആദ്യം അപേക്ഷ നൽകിയ സ്കൂളുകളിലാണ് അപേക്ഷ പുതുക്കേണ്ടത്. അതിനുള്ള ഫോറം സ്കൂളുകളിൽ നിന്ന് ലഭിക്കും. പുതുതായി അപേക്ഷ നൽകുന്നവ൪ക്ക് വെബ്സൈറ്റ്/സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഉപയോഗിക്കാം. പുതിയ ഫോറങ്ങളുടെ ഫീസായ 10 രൂപ അപേക്ഷ സമ൪പ്പിക്കുന്ന സ്കൂളുകളിൽ അടയ്ക്കണം. ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ജൂലൈ 16ന് പ്രസിദ്ധീകരിക്കും. ജൂലൈ 17ന് വൈകുന്നേരം അഞ്ചിന് അഡ്മിഷൻ പൂ൪ത്തിയാക്കും. സീറ്റുകൾ അവശേഷിക്കുന്നുണ്ടെങ്കിൽ സപ്ലിമെന്ററി അലോട്ട്മെന്റുകൾ വഴി നികത്തും. സപ്ലിമെന്ററി അലോട്ട്മെന്റുകൾക്കുശേഷം സ്കൂൾ/വിഷയകോമ്പിനേഷൻ മാറ്റങ്ങൾക്കുള്ള അവസരം നൽകും. ഈ അവസരത്തിൽ അന്ത൪ജില്ലാ മാറ്റങ്ങൾക്കുള്ള അപേക്ഷകളും പരിഗണിക്കും. ആഗസ്റ്റ് 10ന് അഡ്മിഷൻ പ്രക്രിയ പൂ൪ത്തിയാക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.