തിരുവനന്തപുരം: എൻ.എസ്.എസ്, എസ്.എൻ.ഡി.പി തുടങ്ങിയ സാമുദായിക സംഘടനകളുമായി ആലോചിച്ച് അവരുടെ അനുമതിയോടെയാണ് നെയ്യാറ്റിൻകര ഉപതെരഞ്ഞെടുപ്പിൽ ഒ. രാജഗോപാലിനെ സ്ഥാനാ൪ഥിയാക്കിയതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് വി. മുരളീധരൻ.
ഒരു സ്വകാര്യചാനലിൻെറ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഏപ്രിൽ 16, 17 തീയതികളിൽ എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായ൪, എസ്.എൻ.ഡി.പി യോഗം ജന.സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ എന്നിവരുമായി താൻ നേരിട്ട് ച൪ച്ച നടത്തി. അതിനുശേഷമാണ് 19 ന് സ്ഥാനാ൪ഥിയെ പ്രഖ്യാപിച്ചത്. സംഘടനാപരമായി എൻ.എസ്.എസ് നടത്തിയ നീക്കത്തിൻെറ ഭാഗമായി ബി.ജെ.പിക്ക് വോട്ട് ലഭിച്ചിട്ടുണ്ട്. സമദൂരം എന്നതിനൊപ്പം ശരിദൂരം എന്ന നിലപാടും എൻ.എസ്.എസ് കൈക്കൊണ്ടിട്ടുണ്ട്. രഹസ്യമായും പരസ്യമായും എൻ.എസ്.എസ്, എസ്.എൻ.ഡി.പി പോലുള്ള സാമുദായിക സംഘടനകളുമായി ബി.ജെ.പിക്ക് ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ദിവസങ്ങൾക്ക് മുമ്പ് ചിത്രീകരിച്ച ഈ അഭിമുഖം മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദിൻെറ പ്രസ്താവന വന്ന സാഹചര്യത്തിൽ കാഴ്ചക്കാരുടെ എണ്ണം വ൪ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ചാനൽ സംപ്രേഷണം ചെയ്യുന്നതെന്ന് വി. മുരളീധരൻ ‘മാധ്യമ’ ത്തോട് പറഞ്ഞു. എൻ.എസ്.എസ്, എസ്.എൻ.ഡി.പി മാത്രമല്ല നിരവധി സാമുദായിക സംഘടനകളുമായി സ്ഥാനാ൪ഥിത്വം സംബന്ധിച്ച് ച൪ച്ച ചെയ്തിട്ടുണ്ട്. എന്തൊക്കെ കാര്യങ്ങൾ ച൪ച്ച ചെയ്തെന്നൊന്നും താൻ അഭിമുഖത്തിൽ പറഞ്ഞിട്ടില്ല. എൻ.എസ്.എസിൻെറ നി൪ദേശാനുസരണമാണ് സ്ഥാനാ൪ഥിയെ നിശ്ചയിച്ചതെന്ന് താൻ പറഞ്ഞിട്ടില്ലെന്നും വി. മുരളീധരൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.