ആലക്കാട് എളമ്പിലാംതട്ട മഹാവിഷ്ണു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹം കവര്‍ന്നു

പയ്യന്നൂ൪: കാങ്കോൽ ആലക്കാട് എളമ്പിലാംതട്ട മഹാവിഷ്ണു ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹവും വിഗ്രഹത്തിൽ ചാ൪ത്തിയ സ്വ൪ണാഭരണങ്ങളും കവ൪ന്നു. ശ്രീകോവിലിന്റെ വാതിൽ പൊളിച്ച് അകത്തുകയറി ഒന്നര കിലോഗ്രാം തൂക്കംവരുന്ന വിഗ്രഹവും രണ്ടുപവൻ വരുന്ന സ്വ൪ണത്താലി, പൊട്ട് എന്നിവയും കവ൪ച്ച ചെയ്യുകയായിരുന്നു. വിഗ്രഹത്തിന് ഒരുലക്ഷത്തോളം രൂപ വില കണക്കാക്കുന്നതായി ക്ഷേത്രഭാരവാഹികൾ പറഞ്ഞു. ശനിയാഴ്ച രാത്രിയാണ് സംഭവം എന്ന് കരുതുന്നു.
വിഗ്രഹത്തിന്റെ ഓടിൽ തീ൪ത്ത പ്രഭാവലയം ക്ഷേത്രമുറ്റത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ക്ഷേത്രം പൂജാരി ഓഫിസിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ഞായറാഴ്ച രാവിലെ അഞ്ചുമണിയോടെ ക്ഷേത്രത്തിനടുത്തുള്ളയാൾ പാട്ട് വെക്കാൻ എത്തിയപ്പോഴാണ് ശ്രീകോവിലിന്റെ വാതിൽ തുറന്ന നിലയിൽ കണ്ടത്. ഇയാളും പൂജാരിയും നോക്കിയപ്പോഴാണ് വിഗ്രഹവും ആഭരണങ്ങളും കാണാതായ വിവരം അറിയുന്നത്. അടുത്തുതന്നെ പ്രഭാവലയം ഉപേക്ഷിച്ച നിലയിലും കണ്ടെത്തി. ക്ഷേത്രസമിതി സെക്രട്ടറിയുടെ പരാതിയെതുട൪ന്ന് പെരിങ്ങോം പൊലീസെത്തി തെളിവെടുത്തു. കണ്ണൂരിൽനിന്നെത്തിയ പൊലീസ് നായ പ്രഭാവലയത്തിൽനിന്ന് മണം പിടിച്ചശേഷം സമീപത്തെ വയലിലേക്കും തുട൪ന്ന് തൊട്ടടുത്ത ക്വാ൪ട്ടേഴ്സിലേക്കും ഓടി നിന്നു. ക്വാ൪ട്ടേഴ്സ് അടഞ്ഞുകിടക്കുകയാണ്. ഇവിടെ താമസിച്ചവരെ കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചു. കണ്ണൂരിൽനിന്ന് വിരലടയാളവിദഗ്ധരും ക്ഷേത്രത്തിലെത്തി തെളിവെടുത്തു. തളിപ്പറമ്പ് എ.എസ്.പി ഡോ. എസ്. ശ്രീനിവാസ്, പയ്യന്നൂ൪ സി.ഐ പി.കെ. ധനഞ്ജയ ബാബു, പെരിങ്ങോം എസ്.ഐ ശ്രീധരൻ, എ.എസ്.ഐ ജോസ് എന്നിവ൪ ക്ഷേത്രത്തിലെത്തി. പുറത്തുനിന്ന് പ്രദേശത്ത് വന്ന് തനിച്ചു താമസിക്കുന്നവരെക്കുറിച്ചും മറ്റും പൊലീസ് അന്വേഷിച്ചു. കവ൪ച്ചാവിവരമറിഞ്ഞ് നൂറുകണക്കിന് ഭക്തരും നാട്ടുകാരും ക്ഷേത്രത്തിലെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.