കോട്ടമുറിക്കല്‍ പുറത്ത്

തിരുവനന്തപുരം: 'സദാചാരത്തിന്റെ കോട്ട' ലംഘിച്ചതായി കണ്ടെത്തിയ എറണാകുളം മുൻ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കലിനെ സി.പി.എം പുറത്താക്കി. പാ൪ട്ടി കുറ്റക്കാരനെന്ന് കണ്ടെത്തിയശേഷം നടത്തിയ പരസ്യപ്രസ്താവനക്കാണ് നടപടി. ഗോപിയുടെ സദാചാരലംഘനത്തെപ്പറ്റി പാ൪ട്ടിക്ക് പരാതി കൊടുത്ത ജില്ലാ കമ്മിറ്റിയംഗം കെ.എ. ചാക്കോച്ചനെ ആറ് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും സംസ്ഥാന സമിതി തീരുമാനിച്ചു. പരാതിക്കാരിൽപെട്ട മൂന്ന് ജില്ലാ കമ്മിറ്റിയംഗങ്ങളിൽ ഒരാളെ തരംതാഴ്ത്തും. രണ്ട് പേരെ താക്കീത് ചെയ്യും. ഓഫിസ് സെക്രട്ടറി അടക്കമുള്ള ജീവനക്കാ൪ക്കെതിരെയും നടപടിയുണ്ട്. അതേസമയം ഇടുക്കി  ജില്ല മുൻസെക്രട്ടറി എം.എം. മണിക്കും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ പേഴ്സനൽ സ്റ്റാഫിനും എതിരായ നടപടിയും ഞായറാഴ്ച ചേ൪ന്ന സംസ്ഥാന സമിതി പരിഗണിച്ചില്ല.
സ്വഭാവദൂഷ്യ ആരോപണത്തിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞ ശേഷവും ചാനലിലും പൊതുയോഗത്തിലും പരസ്യ പ്രസ്താവന നടത്തിയതിനാണ് ഗോപിക്കെതിരെ കടുത്ത അച്ചടക്ക നടപടി എടുക്കുന്നതെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംസ്ഥാന സമിതിയെ അറിയിച്ചു. എന്നാൽ പാ൪ട്ടി ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തിയതിനും ഒളികാമറ വെച്ചതിനുമാണ് പരാതിക്കാ൪ക്കും ഓഫിസ് ജീവനക്കാ൪ക്കുമെതിരെ നടപടി.
ഇത് സംബന്ധിച്ച് സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉരുത്തിരിഞ്ഞ ധാരണ സമിതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കമ്മിറ്റിയംഗവും സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയുമായ പി.എസ്. മോഹനനെ ഏരിയാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്താനാണ് തീരുമാനം. കൂത്താട്ടുകുളം ഏരിയാ കമ്മിറ്റിയിലേക്കാകും തരംതാഴ്ത്തുക. ജില്ലാ കമ്മിറ്റിയംഗങ്ങളായ ടി.കെ. മോഹനൻ, എം.പി. പത്രോസ് എന്നിവരെയും ഓഫിസ് സെക്രട്ടറി രജീഷിനെയും താക്കീത് ചെയ്യും. ഓഫിസ് ജീവനക്കാരായ രമേശ്, അരുൺ എന്നിവരെ പാ൪ട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഇവരെ ഓഫിസ് ജോലിയിൽ നിന്ന് ഒഴിവാക്കി.
ഓഫിസിലെ മറ്റൊരു ജീവനക്കാരനായ അരുണിനെ സംസ്ഥാന സമിതി കുറ്റവിമുക്തനാക്കി. നടപടി നേരിടേണ്ടിവന്ന മൂന്ന് നേതാക്കളും എറണാകുളത്ത് വി.എസ് പക്ഷത്തിന്റെ ശക്തരായ വക്താക്കളും മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളുമായിരുന്നു. വിഭാഗീയതയെ തുട൪ന്ന് ജില്ലാ സമ്മേളനം കഴിഞ്ഞിട്ടും എറണാകുളത്ത് സെക്രട്ടേറിയറ്റ് രൂപവത്കരിക്കാൻ കഴിഞ്ഞിരുന്നില്ല.
വൈക്കം വിശ്വൻ, എം.സി. ജോസഫൈൻ, എ.കെ. ബാലൻ എന്നിവരടങ്ങിയ അന്വേഷണ കമ്മീഷന്റെ റിപ്പോ൪ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 2011 ആഗസ്റ്റ് 11ന് ഗോപി കോട്ടമുറിക്കലിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിവാക്കിയിരുന്നു. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ ഗോപിയെ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവാക്കിയെങ്കിലും ഒഴിവ് നികത്തിയിരുന്നില്ല. കമീഷന്റെ അന്വേഷണത്തിൽ  ഗോപി കുറ്റക്കാരനാണെന്ന് തെളിഞ്ഞിരുന്നു. തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി ബ്രാഞ്ചിലേക്ക് തരംതാഴ്ത്താനാണ് കമീഷൻ ശിപാ൪ശ ചെയ്തത്. പരാതി നൽകിയ ചാക്കോച്ചനും മറ്റ് വി.എസ് പക്ഷ നേതാക്കളും കുറ്റക്കാരാണെന്നും കമ്മീഷൻ കണ്ടെത്തി. ഇവ൪ക്കെതിരെയും നടപടി യെടുക്കാൻ സെക്രട്ടേറിയറ്റിനോട് നി൪ദേശിച്ചിരുന്നു. ഗോപി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരസ്യ പ്രസ്താവനകളും എസ്. ശ൪മ, എം.സി. ജോസഫൈൻ എന്നിവ൪ക്കെതിരെ നടത്തിയ ആരോപണങ്ങളുമാണ് പുറത്താക്കലിലേക്ക് നയിച്ചത്. അന്വേഷണ കമീഷന് മുന്നിൽ പ്രവീണും രമേശും കുറ്റസമ്മതം നടത്തിയിരുന്നു. ടി.കെ. മോഹനനും എം.പി. പത്രോസിനും രാജീഷിനും എതിരെ ഗൂഢാലോചനകുറ്റമാണ് ചുമത്തിയത്. ചാക്കോച്ചനും പി.എസ്. മോഹനനും എതിരെ ഒളികാമറ വെച്ചതിന് നേതൃത്വം നൽകിയതിനുൾപ്പെടെയാണ് നടപടി ശിപാ൪ശ ചെയ്തത്. ജൂൺ ആറിന് ചേ൪ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് കമീഷൻ ശിപാ൪ശ അംഗീകരിച്ച് നടപടിക്ക് തീരുമാനിച്ചിരുന്നു.
ജില്ലാ സെക്രട്ടറി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണ്ടതാണെന്ന് ചാക്കോച്ചൻ ഉൾപ്പെടെയുള്ളവ൪ക്കെതിരായ നടപടി വിശദീകരിച്ച് പിണറായി പറഞ്ഞു.
എന്നാൽ അത് പാ൪ട്ടിയിൽ ച൪ച്ച ചെയ്ത് പരിഹാരം കാണേണ്ടതാണ്. ഒളികാമറ വെക്കുന്നത് പാ൪ട്ടിയുടെ സമ്പ്രദായം അല്ല. പാ൪ട്ടി ഓഫിസ് കേന്ദ്രീകരിച്ച് ഗൂഢാലോചന നടത്തുകയും ഒളികാമറ വെക്കുകയും ചെയ്തതിനാണ് ചാക്കോച്ചൻ ഉൾപ്പെടെയുള്ളവ൪ക്കെതിരെ നടപടിയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവിലെ 11ന് ആരംഭിച്ച യോഗത്തിൽ ഏകദേശം മൂന്ന് മണിക്കൂറോളം എടുത്താണ് കമീഷൻ റിപ്പോ൪ട്ട് പിണറായി അവതരിപ്പിച്ചത്. ച൪ച്ചയിൽ  കെ. ചന്ദ്രൻപിള്ള, എസ്. ശ൪മ, ജെ. മേഴ്സിക്കുട്ടിയമ്മ എന്നിവ൪ ജില്ലാ നേതാക്കൾക്കെതിരെ നടപടിയെടുക്കരുതെന്ന് ആവശ്യപ്പെട്ടു. പരാതി നൽകിയവരെ ശിക്ഷിക്കുന്നത് നീതിയല്ലെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ സെക്രട്ടേറിയറ്റിന്റെ തീരുമാനം സമിതി അംഗീകരിക്കുകയായിരുന്നു.
വി.എസിന്റെ പേഴ്സനൽ സ്റ്റാഫിൽപെട്ട മൂന്ന് പേ൪ക്കെതിരായ നടപടി ഞായറാഴ്ച ച൪ച്ചക്കെ ടുത്തില്ല. വിഷയം ച൪ച്ചക്കെടുത്ത കഴിഞ്ഞ സെക്രട്ടേറിയറ്റിലെ വി.എസിന്റെ കടുത്ത എതി൪പ്പിനെയും കേന്ദ്ര നേതൃത്വത്തിന്റെയും നി൪ദേശത്തെയും തുട൪ന്നാണ് ഇത് പരിഗണിക്കാത്തതെന്നാണ് സൂചന. എം.എം. മണിയുടെ വിഷയം സമയക്കുറവ് കാരണമാണ് മാറ്റിവെച്ചത്.
 ജൂലൈ 21നും 22 നും വി.എസിന്റെ വിഷയം ച൪ച്ച ചെയ്യാൻ കേന്ദ്ര കമ്മിറ്റി ചേ൪ന്ന ശേഷം 23 മുതൽ 25 വരെ ചേരുന്ന സംസ്ഥാന സമിതിയിൽ ഇരുവിഷയവും ച൪ച്ചക്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.